- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിക്കെട്ട് സെഞ്ചുറിയുമായി വിഷ്ണു വിനോദ്; സർവീസസിനെ എറിഞ്ഞൊതുക്കി ബൗളർമാർ; അവസാന ഓവർ ത്രില്ലറിൽ കേരളത്തിന് ഒരു റൺ ജയം
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ കേരളം ഒരേയൊരു റണ്ണിനാണ് സർവീസസിനെ കീഴടക്കിയത്. കേരളം ഉയർത്തിയ 190 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച സർവീസസിന് 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുക്കാനേ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ഹീറോ. സ്‌കോർ: കേരളം: 189/3. സർവിസസ്: 188/5.
ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ മൂന്ന് വിക്കറ്റിന് 189 റൺസാണ് നേടിയത്. 62 പന്തുകളിൽ നാല് സിക്‌സറും 15 ഫോറും ഉൾപ്പെടെ 109 റൺസോടെ വിഷ്ണു വിനോദ് പുറത്താവാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുക്കാനേ സർവിസസിനായുള്ളൂ. അവസാന ഓവറിൽ 17 റൺസായിരുന്നു സർവിസിന് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ തന്നെ എൻ. ശർമയെ ബേസിൽ തമ്പി ക്ലീൻ ബൗൾഡാക്കി. വികാസ് ഹതാവാലെയും അർജുൻ ശർമയും തുടർന്ന് തകർത്തടിച്ചെങ്കിലും കേരളത്തിന്റെ സ്‌കോറിന് ഒരു റണ്ണകലെ പോരാട്ടം അവസാനിച്ചു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 34 റൺസെടുക്കുന്നതിനിടെ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ മുഹമ്മദ് അസ്ഹറുദ്ദീനും (1) രോഹൻ കുന്നുമ്മലും (12) പുറത്തായി. പിന്നാലെ ക്രീസിലൊന്നിച്ച വിഷ്ണു വിനോദും നായകൻ സഞ്ജു സാംസണും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി. എന്നാൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തി.
22 പന്തിൽ 22 റൺസെടുത്ത സഞ്ജുവിനെ ശർമ ക്ലീൻ ബൗൾഡാക്കി. പിന്നാലെ ക്രീസിലെത്തിയ സൽമാൻ നിസാറിനെ കൂട്ടുപിടിച്ച് വിഷ്ണു അടിച്ചുതകർത്തു. ഇരുവരും നാലാം വിക്കറ്റിൽ 110 റൺസിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി. സൽമാനെ സാക്ഷിയാക്കി വിഷ്ണു സെഞ്ചുറി കുറിച്ചു. 62 പന്തുകളിൽ നിന്ന് 15 ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ വിഷ്ണു പുറത്താവാതെ 109 റൺസാണ് അടിച്ചുകൂട്ടിയത്. സൽമാൻ 24 പന്തുകളിൽ നിന്ന് 42 റൺസെടുത്ത് പുറത്താവാതെ നിന്നു.
190 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സർവീസസ് മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന സർവീസസ് അവസാന പന്തിൽ മത്സരം കൈവിട്ടു. സർവീസസിനായി രോഹില്ല (41), വികാസ് ഹത്ത്വാല (40) നകുൽ ശർമ (21) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിന് വിജയം നഷ്ടമായി. കേരളത്തിനായി ബേസിൽ തമ്പി, വിനോദ് കുമാർ, വൈശാഖ് ചന്ദ്രൻ, സിജോമോൻ ജോസഫ്, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്