ചെന്നൈ: കിരീടപ്രതീക്ഷകളുമായി ഏകദിന ലോകകപ്പിനെത്തിയ ടീമാണ് പാക്കിസ്ഥാൻ. എന്നാൽ തുടർച്ചയായ മൂന്നാം തോൽവിയോടെ പാക്കിസ്ഥാൻ സെമിഫൈനൽ സാധ്യതകൾ പോലും തുലാസിലാണ്. അതിഥേയരായ ഇന്ത്യയോടും ഓസ്‌ട്രേലിയയോടും പിന്നാലെ അഫ്ഗാനിസ്ഥാനോടും പരാജയപ്പെട്ടതോടെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ജയം നേടേണ്ട അവസ്ഥയിലാണ് മുൻ ചാമ്പ്യന്മാർ.

ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ചാണ് പാക്കിസ്ഥാൻ തുടങ്ങിയത്. പിന്നാലെ ശ്രീലങ്കയെ മറികടന്നു. പിന്നാലെ മൂന്ന് തോൽവികൾ. ആദ്യം ഇന്ത്യയോട് തകർന്നടിഞ്ഞു. പിന്നാലെ ഓസ്ട്രേലിയ പഞ്ഞിക്കിട്ടു. ഇപ്പോൾ അഫ്ഗാനിസ്ഥാന്റെ ഇരുട്ടടി. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാൻ. അഞ്ച് മത്സരങ്ങളിൽ നാല് പോയിന്റ് മാത്രമാണ് ബാബർ അസമിനും സംഘത്തിനുള്ളത്.

പാക്കിസ്ഥാന് നാല് മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. നേരിടാനുള്ളവരൊക്കെ അതിശക്തർ. താരതമ്യേന ദുർബലർ എന്ന് പറയാവുന്നവർ ബംഗ്ലാദേശ് മാത്രമാണ്. അതുകൊണ്ടുതന്നെ സെമി ഫൈനലിൽ കയറുക ബുദ്ധിമുട്ടേറിയ കാര്യമാണ്.

വ്യാഴാഴ്‌ച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം. ചിദംബരം സ്റ്റേഡിയം തന്നെയാണ് മത്സരത്തിന് വേദിയാവുക. മികച്ച ഫോമിൽ കളിക്കുന്ന ദക്ഷിണാഫ്രിക്കയെ മറികടക്കു പാക്കിസ്ഥാന് അനായാസമായിരിക്കില്ല.

ഈമാസം 31നാണ് അടുത്ത മത്സരം. അതും ബംഗ്ലാദേശിനെതിരെ. കൊൽക്കത്ത, ഈഡൻ ഗാർഡൻസാണ് വേദി. ബംഗ്ലാദേശിനെ എഴുതിത്ത്തള്ളാനാവില്ല. പാക്കിസ്ഥാൻ ഇപ്പോഴത്തെ ഫോം വച്ച് ബംഗ്ലാദേശിനേയും മറികടന്ന് പോവുക എളുപ്പമാവില്ല. നവംബർ നാലിന് പാക്കിസ്ഥാൻ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തും. ഇത്തവണ നേരിടേണ്ടത് പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ന്യൂസിലൻഡിനെ. കണ്ടറിയണം പാക്കിസ്ഥാന് എന്ത് സംഭവിക്കുമെന്ന്.

അവസാന മത്സരത്തിനായി പാക്കിസ്ഥാൻ വീണ്ടും കൊൽക്കത്തയിലേക്ക് പറക്കും. നവംബർ 11ന് ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനേയാണ് പാക്കിസ്ഥാന് നേരിടേണ്ടി വരിക. ഇംഗ്ലണ്ട് നിലവിൽ അവസാന സ്ഥാനത്താണെങ്കിലും തിരിച്ചുവരവ് എപ്പോൾ വേണമെങ്കിലും തിരിച്ചെത്താം.

ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിൽ എട്ട് വിക്കറ്റിനായിരുന്നു അയൽക്കാരായ പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാൻ കീഴടക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ അഫ്ഗാൻ 49 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഏകദിന ലോകകപ്പിൽ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെ തോൽപ്പിക്കുന്നത്.

മത്സരത്തിൽ പാക്കിസ്ഥാൻ ഫീൽഡർമാർക്ക് സ്‌കൂൾ നിലവാരം പോലുമില്ലായിരുന്നു. തോൽവിക്ക് കാരണമായി പലരും പറയുന്നത് മോശം ഫീൽഡിങ് തന്നെയാണ്. പാക്കിസ്ഥാന്റെ ദയനീയ പ്രകടനം കണ്ട കോച്ച് മിക്കി ആർതർ ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരുന്നു. ഇപ്പോൾ കടുത്ത വിമർശനവുമായി രംഗത്തെത്തിരിക്കുകയാണ് മുൻ പാക് വസിം അക്രം. തോൽവിയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

ഫിറ്റ്നെസാണ് പാക്കിസ്ഥാന്റെ പ്രശ്നമെന്നാണ് അക്രം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ... ''ഈ തോൽവി നാണക്കേടാണ്. രണ്ട് വിക്കറ്റ് മാത്രം നപ്പെടുത്തി 280 റൺസ് പിന്തുടർന്ന് ജയിക്കുകയെന്നുള്ളത് വലിയ കാര്യമാണ്. ദയനീയമായിരുന്നു പാക്കിസ്ഥാന്റെ ഫീൽഡിങ്. ഫിറ്റ്നസ് ലെവൽ നോക്കൂ, കഴിഞ്ഞ മൂന്ന് ആഴ്‌ച്ചയായി താരങ്ങൾ ഫിറ്റ്നെസ് നോക്കുന്നുപോലുമില്ല. രണ്ട് വർഷമായി ഫിറ്റ്നെസ് ടെസ്റ്റ് നടക്കുന്നുണ്ടെന്ന് പോലും സംശയമാണ്. അവരെല്ലാവും ദിവസവും എട്ട് കിലോ ആട്ടിറിച്ച് കഴിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.'' അക്രം പറഞ്ഞു.

''രാജ്യത്തിനായി കളിക്കുമ്പോൾ ഒരു നിശ്ചിത മാനദണ്ഡം ഉണ്ടായിരിക്കണം. മിസ്ബ പരിശീലകനായിരിക്കുമ്പോൾ അത്തരത്തിലൊരു അച്ചടക്കം ഉണ്ടായിരുന്നു. പക്ഷേ, താരങ്ങൾ മിസ്ബയെ വെറുത്തു. ഫീൽഡിങ് ഫിറ്റ്നെസ് പ്രധാനമാണ്. അതില്ലെങ്കിൽ എന്ത് ചെയ്യും. പാക്കിസ്ഥാന്റെ നിലവിലെ അവസ്ഥ അൽപം മോശമാണ്.'' അക്രം വിമർശിച്ചു.