- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിക്കെട്ട് സെഞ്ചുറിയുമായി ക്വിന്റൻ ഡി കോക്ക്; തകർപ്പൻ അർധ സെഞ്ചുറികളുമായി ക്ലാസനും മാർക്രവും; ബംഗ്ലാദേശിനെതിരെയും 'ഹിമാലയൻ' വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക
മുംബൈ: ഏകദിന ലോകകപ്പിലെ മൂന്നാം സെഞ്ചുറിയുമായി തകർത്തടിച്ച ഓപ്പണർ ക്വിന്റൻ ഡികോക്കിന്റെയും തകർപ്പൻ അർധസെഞ്ചുറിയുമായി ആരാധകരെ ഹരംകൊള്ളിച്ച ഹെന്റിച്ച് ക്ലാസന്റെയും ബാറ്റിങ് മികവിൽ ബംഗ്ലാദേശിനെതിരെ 'ഹിമാലയൻ' വിജയലക്ഷ്യം കുറിച്ച് ബംഗ്ലാദേശ്. ഏകദിന മത്സരങ്ങളിൽ പലതവണ 400 റൺസ് ടോട്ടൽ ഉയർത്തി എതിരാളികളെ അമ്പരപ്പിച്ച ദക്ഷിണാഫ്രിക്കയെ 382 റൺസിൽ ഇത്തവണ ഒതുക്കാനായത് മാത്രമാണ് ബംഗ്ലാദേശിന് എടുത്ത് പറയാനുള്ള നേട്ടം. ഈ ലോകകപ്പിൽ ഇത് നാലാം തവണയാണ് പ്രോട്ടീസ് സ്കോർ 300 കടക്കുന്നത്. ഇതിൽ തന്നെ മൂന്ന് തവണ സ്കോർ 350 കടന്നിരുന്നു.
ഏകദിന ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക് 382 റൺസെടുത്തത്. ബംഗ്ലാദേശിന് 383 റൺസ് വിജയലക്ഷ്യം. ഓപ്പണർ ക്വിന്റൻ ഡികോക്കിന്റെ (140 പന്തിൽ 174) തകർപ്പൻ സെഞ്ചറിയും അവസാന ഓവറുകളിൽ തകർത്തടിച്ച ഹെന്റിച്ച് ക്ലാസനും (49 പന്തിൽ 90) ഡേവിഡ് മില്ലറും (15 പന്തിൽ 34*) ആണ് ദക്ഷിണാഫ്രിക്കയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
ഡിക്കോക്കിന്റെ തകർപ്പൻ സെഞ്ചുറിയായിരുന്നു പ്രോട്ടീസ് ഇന്നിങ്സിലെ പ്രത്യേകത. ഒരു ഘട്ടത്തിൽ ഇരട്ട സെഞ്ചുറിയിലേക്കെന്ന് തോന്നിച്ച ഇന്നിങ്സായിരുന്നു ഡിക്കോക്കിന്റേത്. 140 പന്തിൽ നിന്ന് ഏഴ് സിക്സും 15 ഫോറുമടക്കം 174 റൺസെടുത്ത താരത്തെ പക്ഷേ 46-ാം ഓവറിൽ ഹസൻ മഹ്മൂദ് പുറത്താക്കുകയായിരുന്നു.
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ 33ൽ നിൽക്കെ ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഓപ്പണർ റീസ് ഹെന്റിക്സിനെ (19 പന്തിൽ 12) പുറത്താക്കി ഷൊരിഫുൾ ഇസ്ലാം ബംഗ്ലാദേശിനു പ്രതീക്ഷ നൽകി. തൊട്ടടുത്ത ഓവറിൽ തന്നെ മൂന്നാമനായെത്തിയ റസ്സി വാൻഡർ ഡസനെയും (7 പന്തിൽ 1) ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഡികോക്കും ക്യാപ്റ്റൻ മാക്രവും ഒന്നിച്ചതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ ഗിയർ മാറുകയായിരുന്നു. ഒരുവശത്ത് ബംഗ്ലാദേശ് ബോളർമാരെ ഡികോക്ക് തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ, മറുവശത്ത് ഉറച്ച പിന്തുണയുമായി ക്യാപ്റ്റൻ കൂട്ടായി.
ഏഴും സിക്സും 15 ഫോറും ഉൾപ്പെടുന്നതായിരുന്നു ഡികോക്കിന്റെ ഇന്നിങ്സ്. ഏകദിന ലോകകപ്പിൽ ഡികോക്കിന്റെ മൂന്നാം സെഞ്ചറിയാണിത്. നേരത്തെ ശ്രീലങ്കയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരെയും ഡികോക്ക് സെഞ്ചറി നേടിയിരുന്നു. ഇതോടെ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ വിരാട് കോലിയെ മറികടന്ന് ഡികോക്ക് ഒന്നാമതാകുകയും ചെയ്തു. മൂന്നാ വിക്കറ്റിൽ ഡികോക്കും മാക്രവും ചേർന്ന് 131 റൺസാണ് കൂട്ടിച്ചേർത്തത്. 31ാം ഓവറിൽ 69 പന്തിൽ 60 റൺസെടുത്ത് മാക്രത്തെ പുറത്താക്കി ഷാക്കിബ് അൽ ഹസ്സനാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നീടെത്തിയ ഹെന്റിച്ച് ക്ലാസനും ഡികോക്കിന് മികച്ച കൂട്ടായി. ഇരട്ടസെഞ്ചറിയിലേക്ക് കുതിച്ച ഡികോക്കിനെ 46ാം ഓവറിൽ ഹസൻ മഹ്മൂദാണ് പുറത്താക്കിയത്. ഇതിനുശേഷം ക്ലാസൻ, തന്റെ 'ക്ലാസ്' പുറത്തെടുത്തു. എട്ടു സിക്സും രണ്ടും ഫോറും സഹിതം വെറും 49 പന്തിൽ 90 റൺസാണ് ക്ലാസൻ അടിച്ചുകൂട്ടിയത്. അതിവേഗം സെഞ്ചറിയിലേക്ക് കുതിച്ച ക്ലാസൻ അവസാന ഓവറിലെ രണ്ടാം പന്തിൽ പുറത്താകുകയായിരുന്നു. ഡേവിഡ് മില്ലറും (15 പന്തിൽ 34*) ബംഗ്ലാദേശ് ബോളർമാരെ കണക്കിനു 'പഞ്ഞിക്കിട്ടു'. അവസാനം നാല് ഓവറിൽ മാത്രം 65 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്.
സ്പോർട്സ് ഡെസ്ക്