- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാക്കിസ്ഥാൻ ടീമിൽ ചില താരങ്ങൾക്ക് പ്രത്യേക പരിഗണന; ടീമിൽ സംരക്ഷിച്ചു നിലനിർത്തുന്നു'; ബാബർ അസമിനെതിരെ വിമർശനവുമായി ഷെഹ്‌സാദ്; ടീമിന്റെ നേതൃനിരയിൽ മാറ്റമുണ്ടായേക്കുമെന്ന സൂചന നൽകി പിസിബി
ലഹോർ: ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെയടക്കം പരാജയപ്പെട്ടതോടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനും ടീം മാനേജ്‌മെന്റിനുമെതിരെ പടയൊരുക്കം. ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ടീം തെരഞ്ഞെടുപ്പിനെതിരെ രൂക്ഷവിമർശനമുയർത്തി മുൻ പാക്ക് താരം അഹമ്മദ് ഷെഹ്‌സാദ് രംഗത്ത് വന്നു. പാക്കിസ്ഥാൻ ടീമിൽ ചില താരങ്ങൾക്കു പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നാണ് അഹമ്മദ് ഷെഹ്‌സാദിന്റെ ആരോപണം. ബുദ്ധിമുട്ടേറിയ സമയങ്ങളിൽ മറ്റുചില താരങ്ങൾ മാത്രം ഇരയാക്കപ്പെടുന്നതായും ഷെഹ്‌സാദ് കുറ്റപ്പെടുത്തി.
''ഞാൻ ചില താരങ്ങളോടു സംസാരിച്ചിരുന്നു. മറ്റുള്ളവർക്കു കിട്ടുന്ന പരിഗണനയും ആത്മവിശ്വാസവും ചിലരുടെ കാര്യത്തിൽ ലഭിക്കുന്നില്ല. പ്രത്യേകം ആളുകളെ ടീമിൽ സംരക്ഷിച്ചു നിലനിർത്തിയ ശേഷം മറ്റുള്ളവരെ ഒഴിവാക്കുകയാണ്. തയ്യബ് താഹിറിനെ ടീമിൽ എടുത്തു, പിന്നീട് ഒഴിവാക്കി. ടെസ്റ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സൗദ് ഷക്കീലിനെ ലോകകപ്പ് കളിപ്പിക്കുന്നത്. മിസ്റ്ററി സ്പിന്നറായ അബ്‌റാർ അഹമ്മദിനെ കളിപ്പിക്കണമെന്ന് ഞങ്ങൾ കുറച്ചേറെകാലമായി പറയുന്നതാണ്.'' ഷെഹ്‌സാദ് പ്രതികരിച്ചു.
ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനോടും തോറ്റതോടെയാണ് പാക്കിസ്ഥാൻ ടീമിനെതിരെ വിമർശനം രൂക്ഷമായത്. ക്യാപ്റ്റൻ ബാബർ അസമിനെ മാറ്റണമെന്നും ആവശ്യമുയർന്നു. തുടർച്ചയായുള്ള തോൽവികളെ തുടർന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക പ്രസ്താവന വരെ ഇറക്കി. ബുദ്ധിമുട്ടേറിയ സമയത്ത് ടീമിനെ പിന്തുണയ്ക്കുകയാണു വേണ്ടതെന്നാണ് പാക്കിസ്ഥാൻ ബോർഡിന്റെ പ്രതികരണം.
പാക് ക്യാപ്റ്റൻ ബാബർ അസമിന്റെ ഭാവി തുലാസിലെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രംഗത്ത് വന്നിരുന്നു. അടുത്ത നാല് കളിയിലെ പ്രകടനം നോക്കി നായകന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വാർത്താക്കുറിപ്പ്. ഇന്ത്യയോടും അഫ്ഗാനിസ്ഥാനോടും തോറ്റ് പ്രതിസന്ധിയിലായ പാക്കിസ്ഥാൻ ടീമിനും നായകൻ ബാബർ അസമിനുമെതിരെവിമർശനം ശക്തമായതോടെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പിറക്കിയത്.
ജയവും തോൽവിയും മത്സരത്തിന്റെ ഭാഗമെന്ന് പറയുമ്പോഴും തിരിച്ചടിയുടെ ഉത്തരവാദിത്തം പൂർണമായും ടീം മാനേജ്മെന്റിന് മുകളിൽ ചാരുകയാണ് പിസിബി. ലോകകപ്പ് ടീം തെരഞ്ഞെടുപ്പിൽ നായകൻ ബാബർ അസമിനും മുഖ്യ സെലക്ടർ ഇൻസമാം ഉൾഹഖിനും പൂർണസ്വാതന്ത്ര്യം നൽകിയിരുന്നു. പാകിസ്ഥൻ ക്രിക്കറ്റിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് ഭാവിതീരുമാനം എടുക്കുമെന്നും പിസിബി വ്യക്തമാക്കി. അടുത്ത 4 മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ ടീമിന് പിന്തുണ നൽകണമെന്നും പിസിബി ആവശ്യപ്പെടുന്നുണ്ട്.
ടീമിന്റെ നേതൃനിരയിൽ മാറ്റങ്ങൾ വന്നേക്കുമെന്ന സൂചനയും പിസിബിയിൽനിന്നു ലഭിച്ചിട്ടുണ്ട്. പക്ഷേ ലോകകപ്പ് അവസാനിച്ച ശേഷമാകും ക്യാപ്റ്റനെ മാറ്റുകയെന്നാണു വിവരം. അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണവും തോറ്റ പാക്കിസ്ഥാൻ ലോകകപ്പ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്. രണ്ടു വിജയങ്ങളുമായി നാലു പോയിന്റാണു പാക്കിസ്ഥാനുള്ളത്.
സ്പോർട്സ് ഡെസ്ക്