ലഖ്നൗ: ഏകദിന ലോകകപ്പ് റൺവേട്ടയിൽ ഒന്നാമതെത്താനുള്ള അവസരം നഷ്ടപ്പെടുത്തിയെങ്കിലും ഈ വർഷം ഏകദിനത്തിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വ്യക്തിഗത സ്‌കോർ 31-ൽ എത്തിയപ്പോഴാണ് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടത്. നേരത്തേ ശുഭ്മാൻ ഗിൽ ഈ വർഷം ഏകദിനത്തിൽ 1000 റൺസ് തികച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 101 പന്തിൽ നിന്ന് മൂന്ന് സിക്സും 10 ഫോറുമടക്കം രോഹിത് 87 റൺസെടുത്തിരുന്നു. ഈ വർഷം കളിച്ച 22 ഏകദിനങ്ങളിൽ നിന്നായി 55.57 ശരാശരിയിൽ രോഹിത്തിന് 1056 റൺസായി. രണ്ട് സെഞ്ചുറിയും എട്ട് അർധ സെഞ്ചുറികളും അടക്കമാണ് ഈ നേട്ടം.

അതേസമയം എല്ലാ ലോകകപ്പുകളിലും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രോഹിത്, സച്ചിൻ തെണ്ടുൽക്കറെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 45 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി 56.95 ശരാശരിയിൽ 2278 റൺസായിരുന്നു സച്ചിന്റെ നേട്ടം. ആറ് സെഞ്ചുറികളും 15 അർധ സെഞ്ചുറികളും ഉൾപ്പെടെയായിരുന്നു ഇത്. 59 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി 63.12 ശരാശരിയിൽ 2525 റൺസ് നേടിയ വിരാട് കോലിയാണ് ഈ പട്ടികയിൽ ഒന്നാമത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 101 പന്തിൽ 87 റൺസാണ് രോഹിത് നേടിയത്. ഇതിൽ മൂന്ന് സിക്സും 10 ഫോറുമുണ്ടായിരുന്നു. ആറ് ഇന്നിങ്സുകളിൽ 398 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് നിലവിൽ റൺവേട്ടക്കാരിൽ നാലാമനാണ്. 66.33 ശരാശരിയിലാണ് രോഹിത്തിന്റേ നേട്ടം. 119.16 സ്ട്രൈക്ക് റേറ്റുമുണ്ട് രോഹിത്തിന്. ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയുമുണ്ട് രോഹിത്തിന്റെ അക്കൗണ്ടിൽ. 34 റൺസ് കൂടി നേടിയിരുന്നെങ്കിൽ രോഹിത്തിന് ഒന്നാമതെത്താമായിരുന്നു. എന്നാൽ ആദിൽ റഷീദിന്റെ പന്തിൽ ലിയാം ലിവിങ്സ്റ്റണ് ക്യാച്ച് നൽകി രോഹിത് മടങ്ങി.

റൺവേട്ടക്കാരിൽ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്കാണ് മുന്നിൽ. ആറ് മത്സരങ്ങളിൽ 71.83 ശരാശയിൽ 431 റൺസാണ് ഡി കോക്ക് നേടിയത്. 117.12 ശരാശരിയും താരത്തിനുണ്ട്. മൂന്ന് സെഞ്ചറുകളും ഡി കോക്ക് അക്കൗണ്ടിൽ ചേർത്തു. 117.12 സ്ട്രൈക്ക് റേറ്റിലാണ് വിക്കറ്റ് കീപ്പർ ബാറ്റർ ഇത്രയും റൺസ് അടിച്ചെടുത്തത്. രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറാണ്. രണ്ട് സെഞ്ചുറികളുടെ സാഹയത്തോടെ 413 റൺസാണ് വാർണർ അടിച്ചെടുത്തത്. ശരാശരി 68.83. സ്ട്രൈക്ക് റേറ്റ് 112.53. ന്യൂസിലൻഡ് യുവതാരം രചിൻ രവീന്ദ്ര മൂന്നാം സ്ഥാനത്താണ്. ആറ് ഇന്നിങ്സുകൾ പൂർത്തിയാക്കിയ താരം 406 റൺസാണ് താരം നേടിയത്. ഇതിൽ രണ്ട് സെഞ്ചുറികളും ഉൾപ്പെടും. ഇന്നലെ ഓസ്ട്രേലിയക്കെതിരേയും രവീന്ദ്ര സെഞ്ചുറി നേടി.

നാലാമൻ രോഹിത്. തൊട്ടുപിന്നിൽ ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം. ആറ് മത്സരങ്ങളിൽ 356 റൺസാണ് സമ്പാദ്യം. 59.33 ശരാശരിയിലാണ് താരം ഇത്രയും റൺസ് നേടിയത്. ആദ്യ പതിനിഞ്ചിലുള്ള മറ്റൊരു ഇന്ത്യൻ താരം വിരാട് കോലിയാണ്. ആറാം സ്ഥാനത്താണ് അദ്ദേഹം. ആറ് മത്സങ്ങളിൽ 354 റൺസാണ് കോലി നേടിയത്. മുഹമ്മദ് റിസ്വാൻ (66.60), ഡാരിൽ മിച്ചൽ (322), ഹെന്റിച്ച് ക്ലാസൻ (300), സദീര സമരവിക്രമ (295) എന്നിവർ ഏഴ് മുതർ പത്തുവരെയുള്ള സ്ഥാനങ്ങളിൽ. ആദ്യ പത്തിൽ പാക്കിസ്ഥാൻ താരങ്ങൾ ആരുമില്ല.

അതേസമയം, വിക്കറ്റ് വേട്ടയിൽ ഓസ്ട്രേലിയൻ താരം ആഡം സാംപ ഒന്നാമത് തുടരുന്നു. ആറ് മത്സരങ്ങളിൽ 16 വിക്കറ്റാണ് സ്പിന്നർ വീഴ്‌ത്തിയത്. രണ്ടാം സ്ഥാനത്ത് ന്യൂസിലൻഡ് സ്പിന്നർ മിച്ചൽ സാന്റ്നർ. 14 വിക്കറ്റാണ് താരത്തിന്റെ അക്കൗണ്ടിൽ. ഷഹീൻ അഫ്രീദി, മാർക്കോ ജാൻസൻ എന്നിവർ 12 വിക്കറ്റുകളുമായി അടുത്ത സ്ഥാനങ്ങളിൽ. 11 വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രിത് ബുമ്ര ആറാമതാണ്.