- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരാട് കോലിയുടേത് അടക്കം മൂന്ന് വിക്കറ്റ് വീഴ്‌ത്തി ഇംഗ്ലണ്ടിനായി തിളങ്ങി; ഇന്ത്യക്കെതിരായ മത്സരത്തിന് പിന്നാലെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ഡേവിഡ് വില്ലി; ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുന്നുവെന്ന് താരം
ലഖ്‌നൗ: ഏകദിന ലോകകപ്പിനിടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസർ ഡേവിഡ് വില്ലി. ലോകകപ്പിൽ ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വിരാട് കോലിയുടേത് അടക്കം മൂന്ന് വിക്കറ്റ് വീഴ്‌ത്തി വില്ലി തിളങ്ങിയിരുന്നു. ഈ ലോകകപ്പിൽ മൂന്ന് കളികളിൽ നിന്ന് ഇന്ത്യക്കെതിരായ മൂന്ന് വിക്കറ്റ് അടക്കം അഞ്ച് വിക്കറ്റാണ് വില്ലി വീഴ്‌ത്തിയത്. അപ്രതീക്ഷിതമായാണ് മുൻ ഇംഗ്ലണ്ട് ഓൾ റൗണ്ടറും പിന്നീട് അമ്പയറുമായ പീറ്റർ വില്ലിയുടെ മകനായ ഡേവിഡ് വില്ലി വിരമിക്കൽ തീരുമാനം അറിയിച്ചത്.
ഇൻസ്റ്റഗ്രാമിലിട്ട ദീർഘമായ പോസ്റ്റിലൂടെയാണ് 33കാരനായ വില്ലി രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. ഇടം കൈൻ പേസറായ വില്ലി ഇംഗ്ലണ്ട് കുപ്പായത്തിൽ 70 ഏകദിനങ്ങളിൽ നിന്ന് 94 വിക്കറ്റും 43 ടി20 മത്സരങ്ങളിൽ നിന്ന് 51 വിക്കറ്റും നേടി. വാലറ്റത്ത് മികച്ച ബാറ്ററുമായ ഡേവിഡ് വില്ലി ഏകദിനങ്ങളിൽ 26.12 ശരാശരിയിൽ രണ്ട് അർധസെഞ്ചുറി അടക്കം 627 റൺസും നേടി.
ഈ ദിവസം വരണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ചെറുപ്പം മുതൽ, ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമാണ് ഞാൻ സ്വപ്നം കണ്ടത്. എന്നാലിപ്പോൾ വിരമിക്കാനുള്ള സമയമായിരിക്കുന്നു. ലോകകപ്പിന്റെ അവസാനം അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കുകയാണ്. അഭിമാനത്തോടെയാണ് ഞാൻ ഇംഗ്ലണ്ട് ജേഴ്‌സി ധരിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ചില കളിക്കാരുള്ള വൈറ്റ് ബോൾ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ഈ യാത്രയിൽ എനിക്ക് നല്ല ഓർമ്മകളും നല്ല സുഹൃത്തുക്കളും ഉണ്ടായിട്ടുണ്ട്, വളരെ പ്രയാസകരമായ ചില സമയങ്ങളിലൂടെയും കടന്നുപോയി.
അതെല്ലാം മറികടക്കാൻ കുടംബത്തിന്റെ പിന്തുണ നിർണായകമായിരുന്നു. അതില്ലായിരുന്നെങ്കിൽ എനിക്ക് എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ കഴിയുമായിരുന്നില്ല. ലോകകപ്പിലെ ഞങ്ങളുടെ പ്രകടനവുമായി എന്റെ തീരുമാനത്തിന് യാതൊരു ബന്ധവുമില്ല. ഈ ലോകകപ്പിലെ ബാക്കി മത്സരങ്ങളിലും ഞാൻ 100 ശതമാവും ടീമിനായി സമർപ്പിക്കും. എനിക്കറിയാവുന്ന ഒരേയൊരു കാര്യവും അതാണ്-വില്ലി കുറിച്ചു.
2015ലെ ലോകകപ്പിൽ ഇംഗ്ലണ്ട് ദയീനയ പ്രകടനം നടത്തി പുറത്തായതിന് പിന്നാലെയാണ് ഏകദിന ടീമിലെത്തുന്നത്. എന്നാൽ 2018നുശേഷം ഫോം മങ്ങിയ വില്ലിക്ക് 2019ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൽ ഇടം നേടാനാവാതിരുന്നത് കരിയറിലെ വലിയ നിരാശയായി. 2022ൽ ടി20 ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്നെങ്കിലും വില്ലിക്ക് ഒരു മത്സരത്തിലും പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല.
2023-24 വർഷത്തേക്കുള്ള കളിക്കാരുടെ വാർഷിക കരാർ കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചപ്പോൾ ലോകകപ്പ് ടീമിൽ അതിൽ ഇടം ലഭിക്കാതിരുന്ന ഒരേയൊരു താരമായിരുന്നു വില്ലി. ഈ ലോകകപ്പിൽ തുടക്കത്തിൽ ടീമിലില്ലാതിരുന്ന വില്ലിയെ റീസ് ടോപ്ലിക്ക് പരിക്കേറ്റതോടെയാണ് ഇംഗ്ലണ്ട് ടീമിലെടുത്തത്.
സ്പോർട്സ് ഡെസ്ക്