ന്യൂഡൽഹി: ലോകകപ്പിലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിനിടെ തന്നെ പുറത്താക്കാൻ ബംഗ്ലാദേശ് ടീം ടൈംഡ് ഔട്ട് വിളിച്ചതിൽ അപാകത ചൂണ്ടിക്കാട്ടി കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ശ്രീലങ്കൻ താരം ഏയ്ഞ്ചലോ മാത്യൂസ്. മത്സരത്തിൽ സദീര സമരവിക്രമ പുറത്തായശേഷം രണ്ട് മിനിറ്റിനുള്ളിൽ തന്നെ മാത്യൂസ് ക്രീസിലെത്തുന്നതിന്റെയും ബാറ്റിംഗിനായി തയ്യാറെടുക്കുന്നതിന്റെയും വീഡിയോ ആണ് മാത്യൂസ് എക്‌സിലൂടെ പുറത്തുവിട്ടത്. ഇനിയെല്ലാം നിങ്ങൾ തീരുമാനിക്കു എന്ന തലക്കെട്ടോടെയാണ് മാത്യൂസ് വീഡിയോ പോസ്റ്റ് ചെയ്തത്.

തന്നെ ടൈം ഔട്ടിലൂടെ പുറത്താക്കിയ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസനെ ഏയ്ഞ്ചലോ മാത്യൂസ് നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെളിവുകളും പുറത്തുവിട്ടത്. തനിക്കെതിരെ ടൈം ഔട്ട് അപ്പീൽ ചെയ്യാനുള്ള ഷാക്കിബിന്റെ തീരുമാനം ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണെന്നും മാത്യൂസ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

 

സമരവിക്രമെ പുറത്തായശേഷം രണ്ട് മിനിറ്റിനുള്ളിൽ തയാറായി ഞാൻ ക്രീസിലെത്തിയിരുന്നു. പക്ഷെ എന്റെ ഹെൽമെറ്റ് തകരാറിലായി.അതുകൊണ്ടാണ് ആദ്യ പന്ത് നേരിടാൻ താമസിച്ചത്. എനിക്കെതിരെ അപ്പീൽ ചെയ്യുമ്പോൾ ബംഗ്ലാദേശിന്റെ സാമാന്യബുദ്ധി എവിടെപ്പോയെന്ന് എനിക്കറിയില്ല. ഷാക്കിബും ബംഗ്ലാദേശും ചെയ്തത് നാണംകെട്ട പരിപാടിയായി പോയെന്നും മാത്യൂസ് പറഞ്ഞിരുന്നു.

ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ട് വിളിച്ച് പുറത്താക്കിയതിന് പിന്നാലെ പരസ്പരം കൈ കൊടുക്കാൻ പോലും ശ്രീലങ്കയുടെയും ബംഗ്ലാദേശിന്റെയും താരങ്ങൾ തയ്യാറായിരുന്നില്ല. ബംഗ്ലാദേശ് ലെഗ് ബൈയിലൂടെ വിജയ റൺസ് നേടിയശേഷം പതിവു രീതിയിലുള്ള ഹസ്തദാനത്തിന് തയാറാവാതെ ശ്രീലങ്കൻ താരങ്ങൽ ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് നടന്നു.ബംഗ്ലാദേശ് താരങ്ങളായ തൻസിദ് ഹൊസൈൻ ഷാക്കിബും തൗഹിദ് ഹൃദോയിയും ചേർന്നായിരുന്നു ബംഗ്ലാദേശിനെ വിജയവര കടത്തിയത്.

വിജയ റൺ നേടിയശേഷം ഇരുവരും ഗ്രൗണ്ടിൽ നിന്നെങ്കിലും ശ്രീലങ്കൻ താരങ്ങൾ മൈൻഡ് ചെയ്തില്ല.ബംഗ്ലാദേശ് താരങ്ങൾ സൗഹൃദത്തിന് തയാറായതുമില്ല. കളിക്കാർ കൈ കൊടുത്തില്ലെങ്കിലും ഇരു ടീമിലെയും സപ്പോർട്ട് സ്റ്റാഫ് പരസ്പരം ഹസ്തദാനം നടത്തിയിരുന്നു.

നമ്മളെ ബഹുമാനിക്കുന്നവരെയെ തിരിച്ച് ബഹുമാനിക്കേണ്ടതുള്ളൂവെന്നായിരുന്നു ഹസ്തദാനത്തിന് ബംഗ്ലാദശ് താരങ്ങളുമായി തയാറാവാതിരുന്നതിനെക്കുറിച്ച് ഏയ്ഞ്ചലോ മാത്യൂസ് മത്സരശേഷം പറഞ്ഞത്. തിരിച്ച് ബഹുമാനിക്കുകയോ സാമാന്യബുദ്ധി ഉപയോഗിക്കുകയോ ചെയ്യാത്തവരെ എന്തിനാണ് ബഹുമാനിക്കുന്നത്. ഈ ദിവസം വരെ എനിക്ക് ഷാക്കിബിനോടും ബംഗ്ലാദേശ് ടീമിനോടും അങ്ങേയറ്റം ബഹുമാനം ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തോടെ അത് നഷ്ടമായെന്നും മാത്യൂസ് പറഞ്ഞിരുന്നു.

ഷാക്കിബ് എറിഞ്ഞ ശ്രീലങ്കൻ ഇന്നിങ്‌സിലെ 26-ാം ഓവറിലാണ് മാത്യൂസ് ക്രീസിലെത്തി ആദ്യ പന്ത് നേരിടാൻ വൈകിയതിന് ബംഗ്ലാദേശ് ടൈംഡ് ഔട്ട് അപ്പീൽ ചെയ്ത് പുറത്താക്കിയത്. സഹതാരങ്ങളിലൊരാളാണ് ടൈംഡ് ഔട്ടിനെക്കുറിച്ച് തന്നെ ഓർമിപ്പിച്ചതെന്നും ഇക്കാര്യം ഞാൻ അമ്പയർമാരോട് സംസാരിച്ചശേഷമാണ് അപ്പീൽ ചെയ്‌തെതന്നും ഷാക്കിബ് മത്സരശേഷം പറഞ്ഞിരുന്നു.

അമ്പയർമാർ അപ്പീലിൽ ഉറച്ചു നിൽക്കുന്നോ അതോ മാത്യൂസിനെ തിരിച്ചുവിളിക്കണോ എന്ന് എന്നോട് ചോദിച്ചിരുന്നു. ഒരിക്കൽ ഔട്ടായ ആളെ നിങ്ങൾ തിരിച്ചുവിളിക്കുമോ എന്നായിരുന്നു ഞാൻ തിരിച്ചു ചോദിച്ചത്. നിമയപ്രകാരം ഔട്ടാണെങ്കിൽ ഔട്ട് തന്നെയാണ്. അല്ലാതെ തിരിച്ചു വിളിക്കുന്നത് ശിയല്ല. ഞാൻ തിരിച്ചുവിളിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞുവെന്നും ഷാക്കിബ് പറഞ്ഞിരുന്നു

നിയമപ്രകാരം മാത്യൂസ് ഔട്ടാണ്. അത് അങ്ങനെ അല്ലാതാവാണമെങ്കിൽ ഐസിസി വിചാരിക്കണം. അവർ നിയമം മാറ്റട്ടെ. ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കുന്നതാണോ ഇത്തരം സംഭവങ്ങളെന്ന ചോദ്യത്തിനും ഷാക്കിബ് മറുപടി നൽകി. മാന്യതയല്ല നിയമമാണ് ഞാൻ പിന്തുടർന്നത്. അത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല. എനിക്കൊരു തീരുമാനം എടുത്തെ മതിയാവു. കാരണം എന്തൊക്കെ ചെയ്തിട്ടായാലും എന്റെ ടീം ജയിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അതെല്ലാം ഞാൻ ചെയ്തുവെന്നും ഷാക്കിബ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.