ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഒക്ടോബർ മാസത്തിലെ ഏറ്റവും മികച്ച താരമായി ന്യൂസീലൻഡിന്റെ പുത്തൻ താരോദയം രചിൻ രവീന്ദ്രയെ തിരഞ്ഞെടുത്തു. ലോകകപ്പിലെ സ്ഥിരതയാർന്ന പ്രകടനമാണ് താരത്തിന് കരുത്തായത്. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെയും ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്റർ ക്വിന്റൺ ഡി കോക്കിനെയും മറികടന്നാണ് ന്യൂസിലാൻഡുകാരൻ മികച്ച താരമായത്.

ഇതാദ്യമായാണ് താരം ഈ പുരസ്‌കാരം നേടുന്നത്. ന്യൂസീലൻഡ് ഇതിനോടകം സെമി ഫൈനൽ ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. രചിന്റെ തകർപ്പൻ പ്രകടനം ടീമിന്റെ ഉയർച്ചയ്ക്ക് ഒരുപാട് സഹായിച്ചു. നിലവിൽ ലോകകപ്പിൽ ഏറ്റവുമധികം റൺസെടുത്ത താരം രചിനാണ്. ഒൻപത് മത്സരങ്ങളിൽ നിന്ന് 565 റൺസാണ് താരം അടിച്ചെടുത്തത്. 70.62 ആണ് ബാറ്റിങ് ശരാശരി.

ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 123 റൺസടിച്ചാണ് താരം വരവറിയിച്ചത്. ശേഷം നെതർലാൻഡ്‌സിനെതിരെയും (51), ഇന്ത്യക്കെതിരെയും (75) അർധസെഞ്ച്വറി നേടിയ രചിൻ ആസ്‌ട്രേലിയക്കെതിരെ 89 പന്തിൽ 116 റൺസും അടിച്ചുകൂട്ടി. ഇതുവരെ 70.62 റൺസ് ശരാശരിയിൽ 565 റൺസാണ് സമ്പാദ്യം.

ഇതിനിടെ രണ്ട് പ്രധാന റെക്കോഡുകളും താരത്തിന്റെ പേരിലായി. കളിക്കുന്ന ആദ്യ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടം ഇംഗ്ലണ്ടിന്റെ ജോണി ബെയർ‌സ്റ്റോയെ (532) മറികടന്ന് രചിൻ സ്വന്തമാക്കി. 25 വയസ്സിന് മുമ്പ് ഒറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന സചിൻ ടെണ്ടുൽക്കറുടെ റെക്കോഡും മറികടന്നു. 523 റൺസായിരുന്നു സചിൻ നേടിയിരുന്നത്.

മികച്ച വനിതാതാരമായി വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഹെയ്ലി മാത്യൂസിനെ തിരഞ്ഞെടുത്തു. ഓൾറൗണ്ട് മികവിലാണ് താരം പുരസ്‌കാരം നേടിയത്.