- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് ഫൈനൽ ജയിച്ചാൽ കിരീടത്തിനൊപ്പം 33 കോടി രൂപ സമ്മാനത്തുക; റണ്ണറപ്പുകളാവുന്ന ടീമിന് 16 കോടി; സെമിയിൽ വീണ കിവീസിനും പ്രോട്ടീസിനും ആറ് കോടി വീതം; ലീഗ് ഘട്ടത്തിലെ ഓരോ ജയത്തിനും 33 ലക്ഷം; കോടികൾ കൊയ്ത് ബിസിസിഐയും
അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ കലാശപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറുമ്പോൾ ജേതാക്കളെയും റണ്ണറപ്പുകളെയും കാത്തിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ സമ്മാനത്തുക. ആതിഥേയരും രണ്ടുതവണ ചാമ്പ്യന്മാരുമായ ഇന്ത്യയും അഞ്ചുതവണ ജേതാക്കളായ ആസ്ട്രേലിയയും. 1,32,000 പേർക്ക് കളി കാണാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ അരങ്ങേറുന്നത്. ടൂർണമെന്റിൽ കളിച്ച 10 മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ വരവെങ്കിൽ എട്ടെണ്ണം ജയിച്ചാണ് ഓസീസ് എത്തുന്നത്.
സെമിയിൽ ഇന്ത്യ ന്യൂസീലൻഡിനെ 70 റൺസിന് തോൽപ്പിച്ചപ്പോൾ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിലേക്കെത്തിയത്. കലാശപ്പോരാട്ടത്തിൽ തട്ടകത്തിന്റെ മുൻതൂക്കം ഇന്ത്യക്കൊപ്പമുണ്ട്. ലീഗ് ഘട്ടത്തിൽ ഓസ്ട്രേലിയയെ ഇന്ത്യ തോൽപ്പിക്കുകയും ചെയ്തു.
ആരാവും ഇത്തവണത്തെ കിരീട ജേതാവെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണത്തെ ലോകകപ്പ് ജേതാവിനെ കാത്തിരിക്കുന്ന സമ്മാനത്തുക എത്രയായിരിക്കും. റണ്ണറപ്പിന് ലഭിക്കുന്നതോ. എല്ലാ വിവരങ്ങളും ഇതാ. 83 കോടിയാണ് സമ്മാനത്തുകയായി ആകെ നൽകപ്പെടുക. ജയിക്കുന്ന ടീമിന് 33 കോടി രൂപയാണ് ആകെ സമ്മാനത്തുകയായി ലഭിക്കുക. റണ്ണറപ്പുകളാവുന്ന ടീമിന് 16 കോടിയാണ് സമ്മാനമായി ലഭിക്കുക. സെമിയിൽ തോറ്റ് പുറത്തായ ടീമുകൾ ന്യൂസീലൻഡും ദക്ഷിണാഫ്രിക്കയുമാണ്.
രണ്ട് ടീമുകൾക്കും ആറ് കോടി രൂപ വീതമാണ് സമ്മാനമായി ലഭിക്കുക. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക, നെതർലൻഡ്സ് ടീമുകൾക്ക് 84 ലക്ഷം വീതവും ലഭിക്കും. ലീഗ് ഘട്ടത്തിൽ ഓരോ മത്സരവും ജയിക്കുന്ന ടീമുകൾക്ക് 33 ലക്ഷം വീതവും പ്രതിഫലമായി നൽകിയിരുന്നു. ഇത്തവണത്തെ ഏകദിന ലോകകപ്പ് സാമ്പത്തികമായി ബിസിസിഐക്ക് വലിയ ലാഭമാണ്. ആതിഥേയരെന്ന നിലയിൽ ഇന്ത്യ കപ്പടിക്കണമെന്നാണ് കൂടുതൽ ആരാധകരും ആഗ്രഹിക്കുന്നത്.
അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇത്തവണയും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ഫൈനലിൽ മാനസികമായി ഓസ്ട്രേലിയക്ക് മുൻതൂക്കമുണ്ടാവും. കിരീട ഫേവറേറ്റുകളെന്ന വലിയ സമ്മർദ്ദത്തോടെയാവും ഇന്ത്യ ഇറങ്ങുക. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമോയെന്നതാണ് അറിയേണ്ടത്. ഓസ്ട്രേലിയക്ക് ഫൈനലിൽ പ്രത്യേക മികവുണ്ട്. ലീഗ് ഘട്ടത്തിൽ ഓസ്ട്രേലിയയെ ഇന്ത്യ തോൽപ്പിച്ചിരുന്നു. എന്നാൽ ഫൈനലിൽ ഇത് ഇന്ത്യക്ക് എളുപ്പമാവില്ല.
ലീഗ് ഘട്ടത്തിൽ ഓസീസിന്റെ പേസാക്രമണത്തിന് മുന്നിൽ ഇന്ത്യയുടെ ടോപ് ഓഡർ പതറിയിരുന്നു. മൂന്ന് വിക്കറ്റുകളാണ് തുടരെ ഇന്ത്യക്ക് നഷ്ടമായത്. എന്നാൽ വിരാട് കോലിയുടേയും കെ എൽ രാഹുലിന്റെയും അർധ സെഞ്ച്വറി കരുത്തിൽ ഇന്ത്യ ജയിക്കുകയായിരുന്നു. ഓസീസിന്റെ കരുത്തുറ്റ ബൗളിങ് നിരയെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം.
സ്പോർട്സ് ഡെസ്ക്