അഹമ്മദാബാദ്: ഏകദിനത്തിൽ വർത്തമാന ക്രിക്കറ്റിൽ ചെറിയ സ്‌കോറാണ് 240. അത് ചെയ്‌സ് ചെയ്ത് ജയിക്കുക ഓസ്‌ട്രേലിയയ്ക്ക് അനായാസമാകുമെന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാൽ ഇന്ത്യൻ സ്പിന്നർമാരായ രവീന്ദ്ര ജഡേജയ്ക്കും കുൽദീപ് യാദവിനും ഏതൊരു എതിരാളിയേയും കറക്കി വീഴ്‌ത്താൻ പറ്റും. ന്യൂ ബോളിൽ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മുഹമ്മദ് ഷാമിയും കൊടുങ്കാറ്റായാൽ പിന്നെ ഓസ്‌ട്രേലിയയ്ക്ക് മോദി സ്‌റ്റേഡിയത്തിലെ 241 റൺസ് വിജയ ലക്ഷ്യവും ബാലികേറാമലയാകും. പക്ഷേ അഞ്ചു ബൗളർമാരുമായി ആത്മവിശ്വാസത്തോടെ കളിക്കുന്നതിനിടെ ഒരു ബൗളർക്ക് പിഴച്ചാൽ പോലും വലിയ പിഴ ഇന്ത്യയ്ക്ക് നൽകേണ്ടി വരും. അഹമ്മദാബാദിലെ പിച്ചിന്റെ സ്വഭാവം ഇന്ത്യ ഉൾക്കൊണ്ടില്ല. മറിച്ച് വിന്നിങ് കോമ്പിനേഷനെ നിലനിർത്തുകയായിരുന്നു. ആറ് ബൗളർമാരുണ്ടായിരുന്നുവെങ്കിൽ ഇന്ത്യൻ പന്തെറിച്ചിലിൽ വൈവിധ്യം കൂടുമായിരുന്നു.

ന്യൂ ബോളിൽ മാന്ത്രിക പ്രകടനം ഇന്ത്യ ആവർത്തിച്ചാൽ ഓസ്‌ട്രേലിയയെ പിടിച്ചു കെട്ടാം. ആദ്യ നാലു ബാറ്റർമാരെ അതിവേഗം മടക്കണം. അതിന് ശേഷം പാർട്ണർഷിപ്പുകൾ ഉണ്ടാകാതെ നോക്കണം. സമ്മർദ്ദത്തിലേക്ക് ഓസ്‌ട്രേലിയൻ ബാറ്റിംഗിനെ പവർ പ്ലേ സമയത്ത് തന്നെ തള്ളി വിട്ടാൽ ഇന്ത്യയ്ക്ക് ഈ ലോകകപ്പ് നേടാവുന്നതേ ഉള്ളൂ. അത്രയും സ്ലോ വിക്കറ്റാണ് അഹമ്മദാബാദിലേത്. ഇന്ത്യ വിക്കറ്റ് വീഴ്ചകളിൽ ഇത് വ്യക്തം. അർദ്ധ സെഞ്ച്വറി പിന്നിട്ട വിരാട് കോലിക്കും കെ എൽ രാഹുലിനും പോലും പിച്ചുമായി ഒത്തിണങ്ങി കളിക്കാനായില്ല. പതിയെ പന്തെറിയുന്നവർക്കെല്ലാം നേട്ടമുണ്ടാക്കാൻ കഴിയുന്ന വിക്കറ്റ്. ഈ വിക്കറ്റിനെ ഇന്ത്യ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നതാണ് നിർണ്ണായകം. ആർ അശ്വിനെന്ന ബൗളർക്ക് പറ്റിയ വിക്കറ്റായിരുന്നു ഇതെന്നത് നിസംശയം പറയാം. അതുകൊണ്ട് തന്നെ അശ്വിനെ പുറത്തിരുത്തിയതിന്റെ പേരു ദോഷം മാറ്റാൻ ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ.

അശ്വിൻ എന്ന വജ്രായുധത്തെ തിരിച്ചറിയാതെ രണ്ട് സ്പിന്നർമാരുമായി കളിക്കുന്നത് 'ഹൈ റിസ്‌ക്' ആണെന്ന വസ്തുത നേരത്തെ ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ അഞ്ചിൽ അഞ്ചു പേരും മികവും കാട്ടണം. ഇന്ത്യൻ നായർ രോഹിത് ശർമ്മയുടെ ബൗളിങ് മാറ്റങ്ങൾ ഇതുവരെ ഇന്ത്യയ്ക്ക് നിർണ്ണായകമായി. ആ ക്യാപ്ടൻസി മികവ് ഈ കളിയിൽ അനിവാര്യതയാണ്. വിരാട് കോലിയും സൂര്യകുമാർ യാദവും രോഹിത്തും ഈ കളിയിൽ പന്തെറിയുമോ എന്നതും നിർണ്ണായകമാകും. ബുംമ്രയും ഷമിയും എറിയുന്ന പന്തുകളും നേടുന്ന വിക്കറ്റുകളും ഈ മത്സരത്തിൽ ജയപരാജയം നിർണ്ണയിക്കും. ലോകകപ്പ് സ്വന്തമാക്കാൻ ഇന്ത്യ പ്രതിരോധിക്കേണ്ടത് 241 റൺസ്. 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരേ ഓസ്ട്രേലിയയ്ക്ക് 241 റൺസ് വിജയലക്ഷ്യം.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായി. അർധസെഞ്ചുറി നേടിയ കെ.എൽ.രാഹുലും വിരാട് കോലിയും 47 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്. ഓസീസ് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ റൺസ് കണ്ടത്താൻ ഇന്ത്യൻ ബാറ്റർമാർ നന്നായി ബുദ്ധിമുട്ടി. ഇതാദ്യമായാണ് ഇന്ത്യ ഈ ലോകകപ്പിൽ ഓൾ ഔട്ടാകുന്നത്. 13 ഫോറും മൂന്ന് സിക്സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്. ബൗണ്ടറികൾ നേടാനുള്ള പ്രയാസത്തിൽ തന്നെ പിച്ചിന്റെ സ്വഭാവം വ്യക്തമാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പൺ ചെയ്തത്. രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ആക്രമിച്ചുതന്നെയാണ് ബാറ്റുവീശിയത്. മറുവശത്ത് ഗിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. ആദ്യ നാലോവറിൽ ഇരുവരും ചേർന്ന് 30 റൺസ് അടിച്ചെടുത്തു. എന്നാൽ അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ ഗില്ലിനെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. ഏഴുപന്തിൽ നാലുറൺസ് മാത്രമെടുത്ത താരത്തെ സ്റ്റാർക്ക് ആദം സാംപയുടെ കൈയിലെത്തിച്ചു. പിന്നീട് ഓസ്‌ട്രേലിയൻ ബൗളിങ് കളിയിൽ പിടിമുറുക്കി.

ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റെടുത്തപ്പോൾ ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഗ്ലെൻ മാക്സ്വെൽ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.