- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാപ്റ്റനായി മിന്നിക്കാൻ മിന്നു മണി! ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യ എ വനിതാ ക്രിക്കറ്റ് ടീമിനെ നയിക്കാൻ വയനാട് സ്വദേശിനി; രാജ്യന്തര തലത്തിൽ ഇന്ത്യയെ നയിക്കാൻ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിത ക്രിക്കറ്റർ
മുംബൈ: ഇംഗ്ലണ്ട് എ വനിതാ ടീമിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തിൽ മൂന്ന് മത്സരങ്ങളാണ് ഇരു ടീമുകളും തമ്മിൽ കളിക്കുക. ഈ മാസം 29നാണ് ആദ്യ മത്സരം. ഡിസംബർ ഒന്ന്, മൂന്ന് തിയ്യതികളിലാണ് മറ്റു മത്സരങ്ങൾ.
ഇന്ത്യയുടെ സീനിയർ ടീമിന് വേണ്ടി കളിച്ചിട്ടുള്ള മൂന്ന് താരങ്ങളെ മാത്രമാണ് എ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മിന്നുവിന് പുറമെ കനിക അഹൂജ, മോണിക്ക പട്ടേൽ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള മറ്റുതാരങ്ങൾ. രാജ്യന്തര തലത്തിൽ ഇന്ത്യയെ നയിക്കാൻ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് മിന്നു. ടീമിലെ ഏക മലയാളി താരവും മിന്നു തന്നെ.
ഇന്ത്യ എ ടീം: മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, ശ്രേയങ്ക പാട്ടീൽ, ഗൊങ്കടി തൃഷ, വൃന്ദ ദിനേശ്, ഗ്‌നാനന്ദ ദിവ്യ, അരുഷി ഗോയൽ, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബരേഡി, മോണിക്ക പട്ടേൽ, കാഷ്വീ ഗൗതം, ജിൻഡിമമി കലിത, പ്രകാശിത് നായ്ക്.
ബംഗ്ലാദേശിനെതിരെ ട്വന്റി 20 പരമ്പരയിലായിരുന്നു വയനാട്ടുകാരിയായ മിന്നുവിന്റെ അരങ്ങേറ്റം. മികച്ച പ്രകടനം പുറത്തെടുക്കാനും മിന്നുവിനായി. മൂന്ന് മത്സരങ്ങളിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തി വിക്കറ്റ് വേട്ടയിൽ രണ്ടാമതെത്താനും മിന്നുവിന് സാധിച്ചിരുന്നു. ആദ്യ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും ടി20കളിൽ രണ്ട് വീതവും വിക്കറ്റാണ് മിന്നു സ്വന്തമാക്കിയത്. പരമ്പരയിൽ 11 ഓവറുകളിൽ 58 റൺസ് വിട്ടുകൊടുത്താണ് മിന്നു അഞ്ച് ബംഗ്ലാ താരങ്ങളെ പുറത്താക്കിയത്.
ബംഗ്ലാദേശിന് എതിരായ ആദ്യ ട്വന്റി 20യിൽ തന്റെ നാലാം പന്തിൽ വിക്കറ്റ് നേടി വരവറിയിച്ച മിന്നു പിന്നീടുള്ള രണ്ട് മത്സരങ്ങളിലും രണ്ട് വീതം വിക്കറ്റ് നേടി മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആകെ അഞ്ച് വിക്കറ്റുമായി തിളങ്ങുകയായിരുന്നു. ഇതുവരെ ടീം ഇന്ത്യയ്ക്കായി നാലു രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ കളിച്ചു. ചൈനയിലെ ഹാങ്‌ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയായ മിന്നു വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ്. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വർഷമായി കേരള ടീമുകളിൽ സ്ഥിരാംഗമാണ്. 2019ൽ ബംഗ്ലാദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിൽ അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയർ ചാംപ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്