- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ ട്രോഫി തലയ്ക്കു മുകളിലേക്ക് ഉയർത്താൻ എല്ലാവരും ആഗ്രഹിക്കുന്നു; ട്രോഫിയിൽ കാൽ കയറ്റിവയ്ക്കുന്നത് സന്തോഷമുള്ള കാര്യമല്ല'; മിച്ചൽ മാർഷിനെതിരെ മുഹമ്മദ് ഷമി; ഇന്ത്യയിൽ കളിപ്പിക്കരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് ആരാധകർ
മുംബൈ: ആതിഥേയരായ ഇന്ത്യയെ ഏകദിന ലോകകപ്പ് ഫൈനലിൽ പരാജയപ്പെടുത്തിയ ശേഷം ലോകകപ്പ് ട്രോഫിക്കു മുകളിൽ കാൽകയറ്റിവച്ച ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ലോകകപ്പ് ട്രോഫി സ്വീകരിച്ചശേഷം ഡ്രസിങ് റൂമിൽവച്ചാണ് മാർഷ് ട്രോഫിക്കു മുകളിൽ കാൽ കയറ്റിവച്ച് ഇരുന്നത്. മിച്ചൽ മാർഷിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യൻ ആരാധകർ വൻ വിമർശനമാണ് മാർഷിനെതിരെ ഉയർത്തിയത്.
ലോകകപ്പ് ട്രോഫി തലയ്ക്കു മുകളിലേക്ക് ഉയർത്താനുള്ളതാണെന്നാണ് ഷമിയുടെ നിലപാട്. മാർഷിന്റെ സമീപനം തന്നെ വേദനിപ്പിച്ചതായും ഷമി പറഞ്ഞു. ''അത് എന്നെ വേദനിപ്പിച്ചു. ലോകത്തിലെ എല്ലാ ടീമുകളും ആ ട്രോഫിക്കു വേണ്ടി പോരാടുന്നു. ആ ട്രോഫി തലയ്ക്കു മുകളിലേക്ക് ഉയർത്താൻ എല്ലാവരും ആഗ്രഹിക്കുന്നു. അങ്ങനെയൊരു ട്രോഫിയിൽ കാൽ കയറ്റിവയ്ക്കുന്നത് എനിക്ക് ഒരിക്കലും സന്തോഷമുണ്ടാക്കുന്ന കാര്യമല്ല.'' ഷമി മാധ്യമങ്ങളോടു പറഞ്ഞു.
''ലോകകപ്പിൽ കളിക്കാനിറങ്ങുമ്പോൾ മാനസികമായി ശക്തരായിരിക്കണം. ചിലപ്പോഴൊക്കെ നിങ്ങൾ സമ്മർദത്തിന്റെ പിടിയിലായിരിക്കാം. പക്ഷേ ടീം നന്നായി കളിക്കുമ്പോൾ അതു നമുക്കു തൃപ്തി നൽകും. ലോകകപ്പ് ഫൈനലിനു മുൻപ് അഹമ്മദാബാദിലെ പിച്ച് ഞാൻ പരിശോധിച്ചിട്ടില്ല. കാരണം പിച്ചിന്റെ സ്വഭാവം പന്തെറിയുമ്പോൾ മാത്രമാണു പിടികിട്ടുക. പിന്നെന്തിനാണ് നേരത്തേ പിച്ച് നോക്കി സമ്മർദത്തിലാകുന്നത്.'' മുഹമ്മദ് ഷമി പറഞ്ഞു.
ലോകകപ്പ് കിരീടത്തിന് മുകളിൽ രണ്ടു കാലുകളും കയറ്റിവെച്ച് ബിയർ നുണയുന്ന മിച്ചൽ മാർഷിന്റെ ചിത്രം കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഡ്രസിങ് റൂമിൽ വച്ചായിരുന്നു സംഭവം. ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ഇപ്പോൾ താരത്തിനെതിരെ പരാതി നൽകിയിരിക്കുകയാണ് അലിഗഢിനിൽ നിന്നുള്ള ആർടിഐ ആക്റ്റിവിസ്റ്റ് പണ്ഡിറ്റ് കേശവ്. മാർഷ് ലോക കിരീടത്തോട് അനാദരവ് കാണിച്ചുവെന്ന് പരാതിയിൽ പറയുന്നു. കൂടാതെ താരത്തെ ഇന്ത്യയിൽ കളിപ്പിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.
മാർഷിന്റെ നടപടി ലോകകപ്പ് കിരീടത്തെ അപമാനിക്കുന്നാണന്നാണ് ആരാധകർ ആരോപിച്ചിരുന്നു. എന്നാൽ ഓരോ ടീമിനും ഒരോ സംസ്കാരമുണ്ടെന്നും ഓസ്ട്രേലിയൻ സംസ്കാരം അനുസരിച്ച് അത് തെറ്റാവില്ലെന്ന് ന്യായീകരിക്കുന്നവരുമുണ്ട്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പത്ത് തുടർ ജയങ്ങളുമായി ഫൈനലിലെത്തിയെ ഇന്ത്യയെ ആറ് വിക്കറ്റിന് തകർത്താണ് ഓസ്ട്രേലിയ ആറാം കിരിടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറിൽ 240ന് എല്ലാവരും പുറത്തായി.
മറുപടി ബാറ്റിംഗിൽ ഓസീസ് 43 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 120 പന്തിൽ 137 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്റെ വിജയം അനാസായമാക്കിയത്. മർനസ് ലബുഷെയ്ൻ (58*) നിർണായക പിന്തുണ നൽകി. തുടക്കത്തിൽ മൂന്ന് വിക്കറ്റ് ഓസീസിന് നഷ്ടമായെങ്കിലും ഹെഡ് - ലബുഷെയ്ൻ കൂട്ടുകെട്ടിലൂടെ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്