മുംബൈ: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റെിൽ കേരളത്തിന് ആദ്യ തോൽവി. ആതിഥേയരായ മുംബൈയാണ് കേരളത്തെ എട്ടു വിക്കറ്റിന് കീഴടക്കിയത്. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 24.2 ഓവറിൽ രണ്ട് വിക്കറ്റിന് 160 റൺസ് എന്ന നിലയിൽ നിൽക്കെ കനത്ത മഴ മത്സരം മുടക്കിയതോടെ വിജെഡി മഴ നിയമമനുസരിച്ച് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ സച്ചിൻ ബേബിയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അർധസെഞ്ചുറിയുടെയും കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 49.1 ഓവറിൽ 230 റൺസിന് ഓൾ ഔട്ടായിരുന്നു.

അങ്ക്‌റിഷ് രഘുവംശിയുടെ അർധസെഞ്ചുറിയും(47പന്തിൽ 57), ജേ ബിസ്ത(30), സുവേദ് പാർക്കർ(27), ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ(20 പന്തിൽ 34) എന്നിവരുടെ ബാറ്റിങ് കരുത്തുമാണ് മുംബൈക്ക് ജയമൊരുക്കിയത്. സ്‌കോർ കേരളം 49.1 ഓവറിൽ 230ന് ഓൾ ഔട്ട്, മുംബൈ 24.2 ഓവറിൽ 160-2.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ മുഹമ്മദ് അസ്ഹറുദ്ദീൻ (9), രോഹൻ കുന്നുമ്മൽ (1) എന്നിവർ തുടക്കത്തിലെ മടങ്ങിയതോടെ രണ്ടിന് 12 എന്ന നിലയിലായി കേരളം. പിന്നാലെ മൂന്നാം വിക്കറ്റിൽ 126 റൺസ് കൂട്ടിചേർത്ത് സഞ്ജു സാംസൺ - സച്ചിൻ ബേബി സഖ്യം കേരളത്തെ കരകയറ്റി. 83 പന്തിൽ 55 റൺസെടുത്ത സഞ്ജുവിനെ തുഷാർ ദേശ്പാണ്ഡെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് കൂടുകെട്ട് പൊളിച്ചത് കേരളത്തിന് തിരിച്ചടിയായി. രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.

പിന്നീടെത്തിയ ആർക്കും തിളങ്ങാനായില്ല. വിഷ്ണു വിനോദ് (20), അബ്ദുൾ ബാസിത് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. റൺസ് ഉയർത്താനുള്ള ശ്രമത്തിൽ വിഷ്ണു മോഹിത്തിന് വിക്കറ്റ് നൽകി. കഴിഞ്ഞ മത്സരത്തിലെ ഹീറോ, ബാസിതിനെ അവസ്തി മടക്കി. അഖിൽ സ്‌കറിയ (6), ശ്രേയസ് ഗോപാൽ (7) എന്നിവർ നിരാശപ്പെടുത്തി. ഇതിനിടെ സച്ചിൻ ബേബി സെഞ്ചുറി പൂർത്തിയാക്കി. വൈകാതെ പുറത്താവുകയും ചെയ്തു. രണ്ട് സിക്സും എട്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്സ്. ബേസിൽ തമ്പി (2), അഖിൻ സത്താർ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ബേസിൽ എൻ പി (4) പുറത്താവാതെ നിന്നു.

ആദ്യ മത്സരത്തിൽ സൗരാഷ്ട്രയെ കേരളം മൂന്ന് വിക്കറ്റിന് തകർത്തിരുന്നു. രണ്ട് കളികളിൽ ഒരു ജയവുമായി ഗ്രൂപ്പ് എയിൽ ആറാം സ്ഥാനത്താണ് കേരളം. രണ്ട് കളികളിൽ നാലു പോയന്റുള്ള മുംബൈയാണ് ഒന്നാമത്. ഒഡിഷ, സൗരാഷ്ട്ര, റെയിൽവേസ്, ത്രിപുര ടീമുകൾക്കും രണ്ട് പോയന്റ് വീതമാണെങ്കിലും റൺറേറ്റിൽ കേരളത്തെക്കാൾ മുന്നിലാണ്.