- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരങ്ങേറ്റ സീസണിൽ കിരീടം സമ്മാനിച്ചു, രണ്ടാം സീസണിൽ റണ്ണറപ്പ്; എന്നിട്ടും വിജയ നായകനെ കൈവിട്ട് ഗുജറാത്ത്? ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക്; പഴയ തട്ടകത്തിലേക്ക് മടങ്ങുന്നത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലുമായി
മുംബൈ: ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയുടെയും ഗുജറാത്ത് ടൈറ്റൻസിന്റെയും നായകനായ ഹാർദിക് പാണ്ഡ്യ ഐ.പി.എല്ലിൽ പഴയ തട്ടകത്തിലേക്ക് മടങ്ങുന്നുവെന്ന് സൂചന. 15 കോടി മോഹവില നൽകി ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ മുംബൈ ഇന്ത്യൻസ് സജീവമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നിലനിർത്തിയ കളിക്കാരെ സംബന്ധിക്കുന്ന വിവരങ്ങൾ ഞായറാഴ്ചക്കകം ഫ്രാഞ്ചൈസികൾ ബി.സി.സിഐയെ അറിയിക്കണമെന്നിരിക്കെയാണ് മുംബൈയുടെ നീക്കം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ ട്രാൻസ്ഫറിനാണ് മുംബൈ ഇന്ത്യൻസ് ശ്രമിക്കുന്നത് എന്നാണ് ഇഎസ്‌പിഎൻ ക്രിക്ഇൻഫോയുടെ റിപ്പോർട്ട്.
ഏഴു സീസൺ മുംബൈ ഇന്ത്യൻസിനൊപ്പം കളിച്ച താരം, 2022ലാണ് ഗുജറാത്ത് ടൈറ്റൻസിലേക്ക് കൂടുമാറുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിൽ ടീമിനെ തുടർച്ചയായി ഫൈനലിലേക്ക് നയിച്ച ഹാർദിക്, അരങ്ങേറ്റ സീസണിൽ തന്നെ ടീമിന് കിരീടവും സമ്മാനിച്ചിരുന്നു.
അതേസമയം, ഹാർദിക്കിനെ ടീമിലെടുക്കുകയാണെങ്കിൽ മുംബൈക്ക് ഏതാനും താരങ്ങളെ ഒഴിവാക്കേണ്ടി വരും. ഫ്രാഞ്ചൈസികൾക്ക് ശമ്പളയിനത്തിൽ പരമാവധി 100 കോടി രൂപ വരെ ചെലവഴിക്കാനാകു. കഴിഞ്ഞ വർഷം ഇത് 95 കോടിയായിരുന്നു. അഞ്ച് കോടിയുടെ വർധനയാണ് ഇത്തവണ വരുത്തിയിരിക്കുന്നത്. മുംബൈയുടെ കൈയിൽ നിലവിൽ അഞ്ചര കോടി രൂപയാണുള്ളത്.
കഴിഞ്ഞ രണ്ടു സീസണുകളിലും പരിക്കുമൂലം ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായ ഇംഗ്ലണ്ട് താരം ജൊഫ്ര അർച്ചറിനെ മുംബൈ ഒഴിവാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എട്ടു കോടി രൂപക്കാണ് താരത്തെ ടീം സ്വന്തമാക്കിയത്.
ഭാവിയിൽ രോഹിത് ശർമക്ക് പകരക്കാരനായി നായക സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമെന്ന നിലയിലാണ് ഹാർദിക്കിനായി മുംബൈ വലവിരിക്കുന്നത്. ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് പോകുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നതായി ഗുജറാത്ത് ടീമുമായി അടുത്ത ബന്ധമുള്ളവർ വെളിപ്പെടുത്തി. അതേസമയം, മുംബൈ ഇന്ത്യൻസ് അധികൃതർ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിലവിൽ മുംബൈ നായകനായ രോഹിതിന്റെ നേതൃത്വത്തിൽ ടീം അഞ്ചു തവണ കിരീടം നേടിയിട്ടുണ്ട്. ഈ വർഷത്തെ ഐ.പി.എൽ ലേലം ദുബൈയിൽ നടക്കുമെന്നാണ് വിവരം. ഡിസംബർ 19നായിരിക്കും ലേലം നടക്കുക. ഇതാദ്യമായാണ് ഐ.പി.എൽ താരലേലം ഇന്ത്യക്ക് പുറത്ത് നടത്തുന്നത്. ഈ വരുന്ന സീസണോടെ കളിക്കാരുടെ മൂന്ന് വർഷത്തെ കരാർ അവസാനിക്കുകയാണ്. അടുത്ത വർഷം മെഗാതാരലേലം നടക്കും.
2015ൽ ഐപിഎൽ കരിയർ തുടങ്ങിയ മുംബൈ ഇന്ത്യൻസിലേക്ക് ഹാർദിക് പാണ്ഡ്യ മടങ്ങുമെന്ന അഭ്യൂഹങ്ങൾ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഗുജറാത്ത് ടൈറ്റൻസിനെ രണ്ട് സീസണിൽ നയിച്ച ഹാർദിക്കിനെ ടീമിലേക്ക് മടക്കിക്കൊണ്ടുവരാൻ മുംബൈ ഇന്ത്യൻസ് പണച്ചാക്കുമായാണ് ഇറങ്ങിയിരിക്കുന്നത്.
പ്ലെയർ ട്രേഡിൽ ഹാർദിക്കാനായി മുംബൈ ഫ്രാഞ്ചൈസി 15 കോടി രൂപ ഗുജറാത്ത് ടൈറ്റൻസിന് നൽകും. ഇത് കൂടാതെ വലിയൊരു ട്രാൻസ്ഫർ ഫീ കരാറിന്റെ ഭാഗമാണ് എന്നും ഇഎസ്‌പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത്രയും ഭീമമായ തുകയ്ക്ക് ഹാർദിക് പാണ്ഡ്യയെ പാളയത്തിലേക്ക് തിരികെ എത്തിക്കണമെങ്കിൽ താരങ്ങളെ റിലീസ് ചെയ്യാതെ മറ്റ് വഴികൾ മുംബൈ ഇന്ത്യൻസിന് മുന്നിലില്ല.
മുംബൈ വിട്ട് ചേക്കേറിയ ഗുജറാത്ത് ടൈറ്റൻസിനെ 2022ലെ ആദ്യ സീസണിൽ തന്നെ കിരീടത്തിലേക്കും തൊട്ടടുത്ത സീസണിൽ റണ്ണറപ്പ് സ്ഥാനത്തേക്കും ഹാർദിക് പാണ്ഡ്യ നയിച്ചിരുന്നു. 2022 ഫൈനലിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം പാണ്ഡ്യക്കായിരുന്നു. ഗുജറാത്ത് ടൈറ്റൻസിലെ രണ്ട് സീസണുകളിൽ 30 ഇന്നിങ്സിൽ 41.65 ശരാശരിയിലും 133.49 സ്‌ട്രൈക്ക് റേറ്റിലും 833 റൺസും 8.1 ഇക്കോണമിയിൽ 11 വിക്കറ്റും ഹാർദിക് പാണ്ഡ്യ സ്വന്തമാക്കി. ഐപിഎൽ കരിയറിലാകെ 123 മത്സരങ്ങളിൽ 2309 റൺസും 53 വിക്കറ്റും ഹാർദിക് പാണ്ഡ്യയുടെ പേരിലുണ്ട്.
ഹാർദിക് പാണ്ഡ്യ 2015 മുതൽ 2021 വരെ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു. മുംബൈ ഇന്ത്യൻസിനൊപ്പം 2015, 2017, 2019, 2020 വർഷങ്ങളിൽ ഹാർദിക് പാണ്ഡ്യ കിരീടം നേടിയിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്