- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയ്യോ പാവം സഞ്ജു, ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്റർ എന്നൊക്കെ പറയുന്നതിൽ ഒരു താത്പര്യവുമില്ല; ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും?' സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകളിൽ നിലപാട് വ്യക്തമാക്കി സഞ്ജു സാംസൺ
കൊച്ചി: മികവുറ്റ പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും പലപ്പോഴും തഴയപ്പെടുന്നതിന്റെ ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ തുടരുമ്പോൾ നിലപാട് വ്യക്തമാക്കി സഞ്ജു സാംസൺ. ഏകദിന ലോകകപ്പ് ടീമിൽ ഇടംനേടാതിരുന്ന സഞ്ജുവിനെ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലും ഉൾപ്പെടുത്തിയിരുന്നില്ല. സഞ്ജു ഒഴിവാക്കപ്പെടുന്നതിൽ ഇന്ത്യൻ സെലക്ടർമാർക്ക് എതിരെയടക്കം ആരാധകർ വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് സഞ്ജുവിന്റെ പ്രതികരണം എന്നതാണ് പ്രത്യേകത.
നിർഭാഗ്യവാനാണെന്നും അദ്ദേഹത്തോട് ചെയ്യുന്നത് അനീതിയാണെന്നുമുള്ള അഭിപ്രായങ്ങൾ ഉയർന്നുവരുന്നതിനിടെ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. താൻ നിർഭാഗ്യവാനാണെന്ന വാദത്തെ പൂർണമായും നിരാകരിക്കുകയാണ് സഞ്ജു. ഒരു യൂട്യൂബ് ചാനലുമായി നടത്തിയ സംവാദത്തിനിടെയാണ് സഞ്ജുവിന്റെ പ്രതികരണം.
'അയ്യോ പാവം സഞ്ജു, ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്റർ എന്നൊക്കെ പറയുന്നതിൽ എനിക്ക് ഒരു താത്പര്യവുമില്ല. ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ ചിന്തിക്കുന്നത്, ഇപ്പറയുന്നത് എന്ത് വിഡ്ഢിത്തരമാണെന്നാണ്. ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? ഞാൻ കരുതിയതിനേക്കാൾ അപ്പുറത്താണ് ഞാൻ എത്തിനിൽക്കുന്നത്', സഞ്ജു പറഞ്ഞു
നാളെ തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടാനിറങ്ങുമ്പോൾ ഇന്ത്യൻ കുപ്പായത്തിൽ ലോക്കൽ ബോയ് ആയ സഞ്ജു ഇല്ലാത്തത് ആരാധകരെ നിരാശരാക്കുന്നുണ്ട്. ഇതിനിടെ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആരൊക്കെയെന്ന് തുറന്നു പറയുകയാണ് സഞ്ജു.
യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു അടുത്ത സുഹൃത്തുക്കളെക്കുറിച്ച് പറഞ്ഞത്. തന്റെ സുഹൃത്തുക്കളെല്ലാം ക്രിക്കറ്റിൽ നിന്നുള്ളവരാണെന്ന് സഞ്ജു പറഞ്ഞു. അണ്ടർ 13 കാലം മുതൽ ഒരുമിച്ച് കളിക്കുന്ന നാലുപേരാണ് ഇപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കളെന്ന് സഞ്ജു പറഞ്ഞു. അണ്ടർ 13 തലത്തിൽ കേരളത്തിനുവേണ്ടി കളിക്കുമ്പോൾ എന്റെ കൂടെയുണ്ടായിരുന്ന ഇപ്പോഴെന്റെ മാനേജർ കൂടിയായ ഇഖ്ലാസ് നാഹ, രാഹുൽ രാഘവൻ, ഫാബിത് ഫറൂഖ് എന്നിവർ തന്നെയാണ് ഇപ്പോഴും എന്റെ സുഹൃത്തുക്കൾ.
രണ്ട് മാസം മുമ്പ് ഞാൻ ഇന്ത്യൻ ടീമിനൊപ്പം ഏഷ്യാ കപ്പിൽ കളിക്കാനായി ശ്രീലങ്കയിലേക്ക് റിസർവ് താരമായി ഞാൻ പോയിരുന്നു. അന്നും ഇവർ തന്നെയായിരുന്നു എന്റെ കൂടെയുണ്ടായിരുന്നത്. ഞാൻ കളിക്കാൻ സാധ്യത കുറവാണെന്ന് എനിക്കറിയാമായിരുന്നു. ഓഫ് ദ ഫീൽഡ് കുറേ സമയം കിട്ടുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അന്ന് ഞങ്ങൾ അടിച്ചു പൊളിച്ചു. ചെറുപ്പകാലം മുതൽ ഈ സമയം വരെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്നത് ഇവർ മാത്രമാണ്.
ക്രിക്കറ്റിൽ നിന്നുള്ളവരാണ് അവരെല്ലാം. ഞങ്ങൾ ആദ്യമായി പരസ്പരം കാണുമ്പോൾ ചെറിയ കുട്ടികളായിരുന്നു. ഒന്നും ആവാത്തവരായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് പരസ്പരം നല്ലപോലെ അറിയാമെന്നും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്നും സഞ്ജു പറഞ്ഞു. ഓൾ റൗണ്ടറായ ഇഖ്ലാസ് നാഹ പുതുച്ചേരിക്ക് വേണ്ടിയാണ് ഇപ്പോൾ കളിക്കുന്നത്.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തെ നയിക്കുന്നത് സഞ്ജുവാണ്. ഇന്ന് മുംബൈയെ നേരിടുന്ന കേരളം ആദ്യം ബാറ്റ് ചെയ്ത് 231 റൺസ് നേടി. 83 പന്തിൽ നിന്ന് 55 അടിച്ച സഞ്ജുവിന്റെയും സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെയും ബാറ്റിങ് മികവിലാണ് കേരളം 231 റൺസടിച്ചത്.
ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയുമായുള്ള ബന്ധത്തേക്കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. 'എന്നോടുവന്ന് സംസാരിച്ച ആദ്യത്തെയോ രണ്ടാമത്തെയോ ആൾ രോഹിത് ഭായ് ആയിരുന്നു. എങ്ങനെയുണ്ട് സഞ്ജു, എല്ലാം നന്നായിരിക്കുന്നോയെന്നോയെന്ന് എന്റടുത്തുവന്ന് ചോദിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിങ്ങൾ വളരെനന്നായി കളിച്ചു, കൂടാതെ മുംബൈ ഇന്ത്യൻസിനെതിരെയും ഒരുപാട് സിക്സറുകൾ അടിച്ചു! നിങ്ങൾ വളരെ നന്നായി ബാറ്റ് ചെയ്യുന്നുവെന്ന് രോഹിത് പറഞ്ഞു', സഞ്ജു വെളിപ്പെടുത്തി.
സ്പോർട്സ് ഡെസ്ക്