- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് മത്സരത്തിൽ നാലിലും ജയിച്ചു; ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇന്ത്യയുടെ ഭാഗ്യവേദി; റണ്ണൊഴുകും പിച്ചിൽ റൺമല ഉയർന്നേക്കും; മഴ വില്ലനാകുമോയെന്ന് ആശങ്ക; ജയം തുടരാൻ സൂര്യകുമാറും സംഘവും; ഒപ്പമെത്താൻ ഓസിസ്
തിരുവനന്തപുരം: ഏകദിന ലോകകപ്പ് നേടിയതിന്റെ വമ്പുമായെത്തിയ ഓസ്‌ട്രേലിയൻ ടീമിനെ വിശാഖപട്ടണത്തെ ആദ്യ ട്വന്റി 20 മത്സരത്തിൽ വീഴ്‌ത്തിയ ഇന്ത്യൻ യുവനിര വീണ്ടുമൊരു അങ്കത്തിന് ഒരുങ്ങുകയാണ്. ഇന്ത്യയുടെ ഭാഗ്യവേദിയായ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ജയത്തോടെ ലീഡ് ഉയർത്താനാണ് സൂര്യകുമാറും സംഘവും ഇറങ്ങുന്നത്. ഞായറാഴ്ച കാര്യവട്ടത്ത് നടക്കുന്ന രണ്ടാം ട്വന്റി 20 മത്സരത്തിൽ ഓസ്‌ട്രേലിയെ നേരിടും. ഞായറാഴ്ച വൈകീട്ട് ഏഴിനാണ് ട്വന്റി20 മത്സരം. 39 വർഷങ്ങൾക്കുശേഷമാണ് ഓസ്‌ട്രേലിയയും ഇന്ത്യയും തിരുവനന്തപുരത്ത് അന്താരാഷ്ട്ര മത്സരം കളിക്കുന്നത്.
ശനിയാഴ്ച ഇരുടീമുകളും കാര്യവട്ടത്ത് പരിശീലനത്തിനിറങ്ങി. രാവിലെ എത്തിയ ഓസ്‌ട്രേലിയൻ ടീം ഗ്രൗണ്ടിലും നെറ്റ്‌സിലും പരിശീലനം നടത്തി. വൈകീട്ട് ഇന്ത്യൻ ടീം ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങി. മൈതാനത്തിൽ ഫുട്‌ബോൾ കളിച്ച താരങ്ങൾ, പിന്നീട് ബൗളിങ് പരിശീലനവും നടത്തി. ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരമാണ് ഞായറാഴ്ചത്തേത്. ആദ്യ മത്സരത്തിൽ വിജയംനേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഞായറാഴ്ച കാര്യവട്ടത്തിറങ്ങുന്നത്.
കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നെറ്റ്‌സിലെ പരിശീലനത്തിനു ശേഷം തിരികെ വീണ്ടും ഗ്രൗണ്ടിലെത്തിയ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് 3 പന്തുകൾ വെള്ളം ഒഴിച്ച് കുതിർത്തു വച്ചു. തുടർന്ന് പ്രധാന പിച്ചിനു സമീപമുള്ള പിച്ചിൽ നനഞ്ഞ പന്ത് ഉപയോഗിച്ച് പരിശീലനം. ഇൻസ്വിങ്ങറുകൾ കിറുകൃത്യമാകുന്നതു വരെ അതു തുടർന്നു. ഏതു സാഹചര്യത്തിലും ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയിക്കണം എന്നതു മനസ്സിലുറപ്പിച്ചായിരുന്നു ഇന്നലെ ഇന്ത്യൻ ടീമിന്റെ പരിശീലനം. വൈകിട്ട് 5ന് സ്റ്റേഡിയത്തിലെത്തിയ ടീമംഗങ്ങൾ ഫുട്‌ബോൾ കളിച്ചാണ് പരിശീലനം ആരംഭിച്ചത്. ഒരു മണിക്കൂറിനു ശേഷം നെറ്റ്‌സിലേക്ക്.
കഴിഞ്ഞ മത്സരത്തിൽ ഒരു പന്ത് പോലും കളിക്കാതെ റണ്ണൗട്ട് ആയ ഋതുരാജ് ഗെയ്ക്വാദ് പേസ് ബോളുകൾ പ്രതിരോധിച്ചാണ് പരിശീലനം ആരംഭിച്ചത്. എന്നാൽ തൊട്ടടുത്ത നെറ്റ്‌സിൽ നിന്ന് റിങ്കു സിങ്ങിന്റെ ഇടിവെട്ട് ഷോട്ടുകൾ കണ്ട് ആവേശം കയറിയതോടെ ഗെയ്ക്വാദും ആക്രമിച്ചു കളിച്ചു തുടങ്ങി. അതിനിടെ തുടരെ വമ്പൻ ഷോട്ടുകൾ മാത്രം പരിശീലിക്കുന്ന ഇഷൻ കിഷനോട് പരിശീലകൻ വി.വി എസ്. ലക്ഷ്മൺ ഡിഫൻഡ് ചെയ്യാൻ ആവശ്യപ്പെട്ടു. അടുത്ത പന്ത് ഡിഫൻഡ് ചെയ്ത കിഷൻ തൊട്ടടുത്ത പന്തിൽ വീണ്ടും കൂറ്റനടി തുടങ്ങി!
സ്പോർട്സ് ഹബിലേത് റണ്ണൊഴുകുന്ന പിച്ചാണെന്ന് മനസ്സിലാക്കിയാണ് താരങ്ങൾ ഇന്നലെ ലോഫ്റ്റഡ് ഷോട്ടുകൾ കൂടുതലായി പരിശീലിച്ചത്. ശിവം ദുബെയോട് ഷോർട് പിച്ച് പന്തുകൾ എറിയണമെന്ന് ആവശ്യപ്പെട്ടാണ് തിലക് വർമ ബാറ്റ് ചെയ്തത്. നെറ്റ്‌സിൽ ബാറ്റർമാർ തകർത്തപ്പോൾ ആദ്യ മത്സരത്തിലേതു പോലെ ബോളർമാർക്കു നല്ല തല്ലുകിട്ടി. അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, ശിവം ദുബെ എന്നിവർ കണക്കിന് വാരിക്കൂട്ടി. രാത്രി 8 വരെ പരിശീലനം തുടർന്നു. ഉച്ചയ്ക്കു ശേഷമായിരുന്നു ഓസീസ് ടീം പരിശീലനം. ഒന്നിന് ടീം എത്തി വാം അപ് ചെയ്തു കഴിഞ്ഞപ്പോൾ മഴ വില്ലനായി. തുടർന്ന് പരിശീലനം ഉപേക്ഷിച്ച് ഹോട്ടലിലേക്ക് മടങ്ങി.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുന്ന ആറാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് ഇന്നത്തേത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയായത് 2017 നവംബർ ഏഴിന്. മഴ കളിച്ച മത്സരത്തിൽ ഇന്ത്യയുടെ ജയം ആറ് റൺസിന്. കനത്ത മഴയിൽ എട്ടോവർ വീതമാക്കിയ മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് 67 റൺസെടുത്തു. രോഹിത്തും ധവാനും ഒറ്റയക്കത്തിൽ പുറത്തായപ്പോൾ 17 റൺസെടുത്ത മനീഷ് പാണ്ഡേയായിരുന്നു ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡിന്റെ പോരാട്ടം ആറ് വിക്കറ്റിന് 61 റൺസിൽ അവസാനിച്ചു. ജസ്പ്രീത് ബുമ്രയ്ക്ക് രണ്ടും കുൽദീപ് യാദവിനും ഭുവനേശ്വർ കുമാറിനും ഓരോ വിക്കറ്റും.
കാര്യവട്ടത്തെ രണ്ടാം ടി20 2019 ഡിസംബർ എട്ടിന്. ഇന്ത്യക്കെതിരെ വിൻഡീസിന് എട്ട് വിക്കറ്റ് വിജയം. ഇന്ത്യ ഏഴ് വിക്കറ്റിന് നേടിയത് 170 റൺസ്. 30പന്തിൽ 54 റൺസെടുത്ത ശിവം ദുബെ ആയിരുന്നു ടോപ് സ്‌കോറർ. റിഷഭ് പന്ത് 33 റൺസുമായി പുറത്താവാതെ നിന്നു. ശക്തമായി തിരിച്ചടിച്ച വിൻഡീസ് ഒമ്പത് പന്ത് ശേഷിക്കേ ലക്ഷ്യത്തിലെത്തി. ലെൻഡ്ൽ സിമൺസ് 45 പന്തിൽ 67 റൺസുമായും നിക്കോളാസ് പുരാൻ 18 പന്തിൽ 38 റൺസുമായും പുറത്താവാതെ നിന്നു.
ഗ്രീൻഫീൽഡിലെ അവസാന ടി20 കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ. ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം. ഒമ്പത് റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ നൂറ് കടത്തിയത് 45 റൺസെടുത്ത കേശവ് മഹാരാജിന്റെയും 25 റൺസെടുത്ത എയ്ഡൻ മാർക്രാമിന്റെയും പോരാട്ടം. അർഷ്ദീപ് സിംഗിന് മൂന്നും ദീപക് ചാഹറിനും ഹർഷൽ പട്ടേലിനും രണ്ടും വിക്കറ്റും. രോഹിത് ശർമ്മയെ പൂജ്യത്തിനും വിരാട് കോലിയെ മൂന്ന് റൺസിനും നഷ്ടമായെങ്കിലും കെ എൽ രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെയും അപരാജിത അർധസെഞ്ച്വറികൾ 20 പന്ത് ശേഷിക്കേ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.
കാര്യവട്ടം വേദിയായ രണ്ട് ഏകദിനത്തിലും ഇന്ത്യ ജയിച്ചു കയറി. 2018ൽ വിൻഡിസിനെ 9 വിക്കറ്റിനും ഈ വർഷം ജനുവരിയിൽ ശ്രീലങ്കയെ 317 റൺസിനും തകർത്തു. ഗ്രീൻഫീൽഡിൽ അഞ്ചിൽ നാലും ജയിച്ച ഇന്ത്യ ഓസീസിനെതിരെ ഇവിടെ ആദ്യ പോരിന് ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല
സ്പോർട്സ് ഡെസ്ക്