മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ താരലേലത്തിന് മുന്നോടിയായി അവിശ്വസനീയമായ ഒരു നീക്കത്തിലൂടെയാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് തിരിച്ചുപിടിച്ചത്. ഇക്കാര്യം മുംബൈ ഇതിനോടകം തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഡിസംബർ 10-ന് നടക്കുന്ന താരലേലത്തിനു മുമ്പ് ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 26 ആയിരുന്നു. ഇതിനിടെയാണ് ഹാർദിക് ഗുജറാത്ത് ടൈറ്റൻസ് വിട്ട് മുൻ ടീമായ മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹം ശക്തമായത്. ഇതിനു പിന്നാലെ തന്നെ ഗുജറാത്ത് ഹാർദിക്കിനെ നിലനിർത്തിയതായും പ്രഖ്യാപനം വന്നു.

ഒടുവിൽ സമയപരിധി അവസാനിച്ചതിനു പിന്നാലെ ഓൾ ക്യാഷ് ഡീലിലൂടെയാണ് അവസാനനിമിഷം മുംബൈ ഹാർദിക്കിനെ റാഞ്ചിയത്. ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ഇതേ ഡീലിലൂടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് നൽകിയാണ് മുംബൈ ഹാർദിക്കിനെ സ്വന്തമാക്കിയത്. ലേലദിവസമായ ഡിസംബർ 19-ന് ഒരാഴ്ച മുമ്പുവരെ, അതായത് ഡിസംബർ 12 വരെ ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ ട്രേഡിങ്ങിലൂടെ സ്വന്തമാക്കാം. ഈ കാലയളവിൽ ഐപിഎൽ ഫ്രാഞ്ചൈസികൾ തമ്മിലുള്ള എല്ലാ ട്രേഡുകളും സാധുവായിരിക്കും. ഇതോടെയാണ് ഗുജറാത്ത് ടീം നിലനിർത്തിയിട്ടും ഹാർദിക്കിനെ മുംബൈക്ക് സ്വന്തമാക്കാനായത്.

ഗുജറാത്ത് ടൈറ്റൻസിൽനിന്നും താരത്തിന് കരിയർ ബ്രേക്ക് നൽകിയ മുംബൈ ഇന്ത്യൻസിലേക്കുള്ള മടങ്ങിവരവിൽ സന്തോഷമുണ്ടെന്നായിരുന്നു ഹാർദിക് പാണ്ഡ്യ ആദ്യ പ്രതികരണം. 2015ലെ ഐപിഎൽ ലേലത്തിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് താരം തന്റെ സന്തോഷം പങ്കുവച്ചത്. അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്കാണ് അന്ന് ഹാർദിക് മുംബൈ ഇന്ത്യൻസിന്റെ ഭാഗമായത്. 'മുംബൈ, വാങ്കഡെ... ഒരുപാട് നല്ല ഓർമകൾ. തിരിച്ചുവരാനായതിൽ സന്തോഷം തോന്നുന്നു' ഹാർദിക് എക്‌സിൽ കുറിച്ചു. പരിശീലന ദൃശ്യങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഹാർദിക്കിനെ തിരിച്ചുപിടിച്ചത്. 15 കോടി രൂപ മൂല്യമുള്ള ഹാർദിക്കിനെ സ്വന്തമാക്കാൻ പഴ്‌സിൽ പണം ബാക്കിയില്ലെന്നതായിരുന്നു മുംബൈ നേരിട്ട പ്രധാന വെല്ലുവിളി. ഇതിനായി കഴിഞ്ഞവർഷത്തെ ലേലത്തിൽ 17.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിനു കൈമാറി. എട്ട് കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചറെ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയതിനു പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് പുതിയ ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. യുവതാരം ശുഭ്മൻ ഗില്ലാണ് ടൈറ്റൻസിന്റെ പുതിയ നായകൻ. രണ്ടു സീസണുകളിൽ ടീമിനെ നയിച്ച ഹാർദിക് വലിയ കാര്യങ്ങളാണു ചെയ്തതെന്നും അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും ഗുജറാത്ത് ടൈറ്റൻസിന്റെ ഡയറക്ടർ വിക്രം സോളങ്കി പ്രസ്താവനയിൽ പറഞ്ഞു.

ഹാർദിക്കിന്റെ കൈമാറ്റക്കാര്യം തിങ്കളാഴ്ചയാണ് ഐപിഎൽ അധികൃതരും ഇരുടീമുകളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2015-ൽ മുംബൈയിലൂടെ ഐപിഎൽ കരിയർ ആരംഭിച്ച ഹാർദിക് ഏഴ് സീസണുകളിൽ അവർക്കായി കളിച്ചു. പിന്നീട് 2022 സീസണിന് മുമ്പുള്ള ലേലത്തിലാണ് മുംബൈ താരത്തെ റിലീസ് ചെയ്തത്. തുടർന്ന് ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായ താരം ആദ്യ സീസണിൽ തന്നെ ടീമിനെ കിരീടത്തിലെത്തിച്ചു. രണ്ടാം സീസണിൽ ഫൈനലിലെത്തിയെങ്കിലും ഗുജറാത്ത്, ചെന്നൈയോട് പരാജയപ്പെടുകയായിരുന്നു.