ചെന്നൈ: ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ ഡ്രസിങ് റൂമിലെ ഹൃദയഭേദകമായ രംഗങ്ങൾ തുറന്നുപറഞ്ഞ് ടീമിൽ അംഗമായിരുന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനു പിന്നാലെ ഡ്രസ്സിങ് റൂമിൽ സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും വരെ കണ്ണീരണിഞ്ഞെന്ന് അശ്വിൻ പറഞ്ഞു. നവംബർ 19ന് അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം.

ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുന്നതിനിടെയാണ് ടീം അംഗങ്ങളിൽ തോൽവി ഏൽപിച്ച ആഘാതം അശ്വിൻ വെളിപ്പെടുത്തിയത്. 'അതെ, ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചു. രോഹിത്തും കോഹ്ലിയും കരയുകയായിരുന്നു. അതു കണ്ടുനിന്ന ഞങ്ങൾക്ക് വല്ലാത്ത വിഷമം തോന്നി. ഒട്ടും പ്രതീക്ഷിച്ചില്ല. അനുഭവപരിചയമുള്ള ടീമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പിന്നെ, അത് പ്രഫഷണൽ ആയിരുന്നു. എല്ലാവർക്കും അവരുടെ റോളുകളും സന്നാഹങ്ങളും അറിയാമായിരുന്നു' -അശ്വിൻ അഭിപ്രായപ്പെട്ടു.

''ഒട്ടും പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. അതിന്റെ ആഘാതം എല്ലാവർക്കുമുണ്ടായി..'' തന്റെ യൂട്യൂബ് ചാനൽ വിഡിയോയിൽ അശ്വിൻ മുൻ താരം എസ്.ബദരീനാഥിനോടു പറഞ്ഞു. ടീം തോറ്റെങ്കിലും ബാറ്ററെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും രോഹിത്തിന്റെ ഉജ്വല മികവു കണ്ട ലോകകപ്പായിരുന്നു ഇതെന്ന് അശ്വിൻ പറഞ്ഞു. ''എല്ലാ കളിക്കാരെയും കൃത്യമായി മനസ്സിലാക്കാൻ ബോധപൂർവം പരിശ്രമിച്ചിരുന്നു രോഹിത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു..'' അശ്വിൻ പറഞ്ഞു.

ഫൈനലിൽ പ്ലേയിങ് ഇലവനിൽ ഇടം കിട്ടാത്തതിൽ തനിക്ക് സങ്കടമോ പരിഭവമോ ഇല്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു. ''മികച്ച വിജയങ്ങളുമായി മുന്നേറുന്ന ടീമിന്റെ കോമ്പിനേഷനിൽ ആരും മാറ്റം വരുത്തില്ലല്ലോ..'' അശ്വിൻ പറഞ്ഞു.

ലീഗ് റൗണ്ടിൽ ഒമ്പതിൽ ഒമ്പത് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയ ടീം, ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് കലാശപ്പോരിലെത്തുന്നത്. തകർപ്പൻ ഫോമിലുള്ള രോഹിത്തും സംഘവും ഇത്തവണ കിരീടം ഉയർത്തുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ആരാധകരും ക്രിക്കറ്റ് ലോകവും. എന്നാൽ, മൂന്നാം ലോക കിരീടമെന്ന ഇന്ത്യയുടെ സ്വപ്നം പാറ്റ് കമ്മിൻസും കൂട്ടരും തല്ലികെടുത്തുന്നതാണ് കണ്ടത്.

നായകനെന്ന നിലയിലുള്ള രോഹിത്തിന്റെ പ്രകടനത്തെയും പ്രവർത്തനങ്ങളെയും ഓഫ് സ്പിന്നർ വാനോളം പ്രശംസിച്ചു. ഉറക്കം പോലും കളഞ്ഞാണ് ടീം യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ എം.എസ്. ധോണി മികച്ച ക്യാപ്റ്റന്മാരിലൊരാളാണെന്നാണ് എല്ലാവരും പറയുന്നത്. രോഹിത് ശർമ ഒരു മികച്ച വ്യക്തിയാണ്. ടീമിലെ ഓരോ അംഗത്തെയും അദ്ദേഹം അടുത്തറിയുന്നു, ഓരോരുത്തരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും എന്താണെന്ന് മനസ്സിലാക്കും. ഓരോ അംഗത്തെയും വ്യക്തിപരമായി അറിയാൻ പരിശ്രമിക്കുന്നു. ഉറക്കം പോലും ഉപേക്ഷിച്ചാണ് ടീം യോഗങ്ങളിൽ പങ്കെടുക്കുന്നതെന്നും അശ്വിൻ കൂട്ടിച്ചേർത്തു.