റായ്പൂർ: ഇന്ത്യ - ഓസ്ട്രേലിയ നാലം ട്വന്റി 20 മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോഴും ബിസിസിഐയ്ക്ക് നാണക്കേടായി മത്സരത്തിന് വേദിയായ റായ്പൂരിലെ ഷഹീദ് നാരായൺ സിങ് സ്റ്റേഡിയത്തിലെ സംഭവങ്ങൾ. സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ രാജ്യാന്തര ട്വന്റി 20 മത്സരമാണ് ഇന്നലെ നടന്നത്. എന്നാൽ നാണക്കേടിന്റെ വാർത്തകൂടി ഇതിനൊടൊപ്പം പുറത്തുവന്നിരുന്നു. വൈദ്യുതി ബിൽ അടയ്ക്കാത്തിനെ തുടർന്ന് സ്റ്റേഡിയത്തിലെ കറണ്ട് കണക്ഷൻ 2018ൽ വിഛേദിച്ചിരുന്നു. ഇന്നലെ ഇന്ത്യ - ഓസ്ട്രേലിയ മത്സരം പൂർത്തിയാക്കിയത് ജനറേറ്ററുകളുടെ സഹായത്താലായിരുന്നു.

3.1 കോടിയാണ് കുടിശ്ശിക. 2009 മുതലുള്ള വൈദ്യുതി ബില്ലുകൾ ഇതുവരെ അടച്ചിരുന്നില്ല. സ്റ്റേഡിയത്തിലെ ബിൽ അടയ്ക്കാത്തത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും കായിക വകുപ്പും തമ്മിലുള്ള വാക്‌പോര് ഒരുവശത്ത് തുടരുകയുമാണ്. കണക്ഷൻ വിഛേദിച്ചതോടെ സ്റ്റേഡിയത്തിലേക്ക് താൽക്കാലികമായി വൈദ്യുതി എത്തിക്കാൻ ഛത്തീസ്‌ഗഢ് ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. താൽകാലിക വെളിച്ചത്തിന് ക്രിക്കറ്റ് അസോസിയേഷൻ ചെലവഴിച്ചത് 1.4 കോടി രൂപയാണ്. സ്റ്റേഡിയത്തിൽ വൈദ്യുതി കണക്ഷൻ വിഛേദിച്ച ശേഷം നടന്ന മത്സരങ്ങളെല്ലാം ജനറേറ്ററിന്റെ സഹായത്തോടെയാണ് സംഘടിപ്പിച്ചത്.

ഗ്യാലറിയിൽ വെളിച്ചം എത്തുമെങ്കിലും ഫ്ലെഡ്‌ലൈറ്റ് തെളിയണമെങ്കിൽ ജനറേറ്ററുകൾ ഉപയോഗിക്കണം. ഇതോടെ, താൽക്കാലിക കണക്ഷന്റെ കപ്പാസിറ്റി വർധിപ്പിക്കാൻ ഛത്തീസ്‌ഗഢ് ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവിൽ 200 കിലോവോൾട്ടാണ് താൽക്കാലിക വൈദ്യുതി കണക്ഷന്റെ കപ്പാസിറ്റി. ഇത് ആയിരം കിലോവോൾട്ടിലേക്ക് ഉയർത്താനുള്ള അനുമതിയായിരുന്നു.

2018ൽ ഹാഫ് മാരത്തോൺ ഇരുട്ടിൽ നടത്തേണ്ടിവന്നതോടെയാണ് 2009 മുതലുള്ള വൈദ്യുതി ബില്ലുകൾ അടയ്ക്കാതെ കിടക്കുകയാണ് എന്ന സത്യം മറനീക്കി പുറത്തുവന്നത്. എന്തായാലും മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. 20 റൺസിനായിരുന്നു ടീമിന്റെ ജയം. ഇതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനാണ് സാധിച്ചത്. അക്‌സർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഇതോടെ 5 മത്സര പരമ്പര ഇന്ത്യ 3 - 1ന് സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടിയപ്പോൾ ഓസ്‌ട്രേലിയയുടെ പോരാട്ടം 20 റൺസ് അകലെ അവസാനിച്ചു. സ്‌കോർ: ഇന്ത്യ 20 ഓവറിൽ 9ന് 174. ഓസ്‌ട്രേലിയ 20 ഓവറിൽ 7ന് 154. 4 ഓവറിൽ 16 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ അക്ഷർ പട്ടേലാണ് ഇന്ത്യയുടെ വിജയശിൽപി. നാളെ ബെംഗളൂരുവിലാണു പരമ്പരയിലെ അവസാന മത്സരം.