ബംഗളൂരു: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഓസ്ട്രേലിയക്ക് 161 റൺസ് വിജയലക്ഷ്യം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ശ്രേയസ് അയ്യരുടെ (53) ഇന്നിങ്സാണ് തകർച്ചയിൽ നിന്നും കരകയറ്റിയത്. അക്സർ പട്ടേൽ 31 റൺസെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് 160 റൺസ് നേടിയത്.

ജേസൺ ബെഹ്രൻഡോർഫ്, ബെൻ ഡാർഷ്വിസ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ മത്സരമാണിത്. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ദീപക് ചാഹറിന് പകരം അർഷ്ദീപ് സിങ് തിരിച്ചെത്തി. ഓസ്ട്രേലിയ ക്രിസ് ഗ്രീനിന് പകരം നതാൻ എല്ലിസിനേയും ഉൾപ്പെടുത്തി.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോർബോർഡിൽ 33 റൺസ് മാത്രമുള്ളപ്പോൾ ഇന്ത്യക്ക് ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (21), റുതുരാജ് ഗെയ്കവാദ് (10) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. നാലാമനായി എത്തിയ സൂര്യകുമാർ യാദവിനും (5) തിളങ്ങാനായില്ല. ഫിനിഷർ റിങ്കു സിംഗും (6) വേഗത്തിൽ മടങ്ങി. ഇതോടെ ഇന്ത്യ നാലിന് 55 എന്ന നിലയിലായി. പിന്നീട് ജിതേഷ് ശർമ (24) ശ്രേയസ് സഖ്യം 42 റൺസ് കൂട്ടിചേർത്തു. എന്നാൽ ജിതേഷിനെ പുറത്താക്കി ആരോൺ ഹാർഡി ഓസീസിന് ബ്രേക്ക് ത്രൂ നൽകി.

അഞ്ചാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം ചേർന്ന ജിതേഷ് ശർമ 24 റൺസ് നേടിയാണ് പുറത്തായത്. 16 പന്തിൽ 3 ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്. അക്ഷർ പട്ടേലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 21 പന്തിൽ 31 റൺസ് നേടിയ താരം 19ാം ഓവറിലാണ് പുറത്തായത്. ഇരുവരും 46 റൺസ് കൂട്ടിചേർത്തു.

നേഥൻ എല്ലിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ സിക്‌സറും ബൗണ്ടറിയും പറത്തിയാണ് ശ്രേയസ് അർധ സെഞ്ചറി പൂർത്തിയാക്കിയത്. എന്നാൽ തൊട്ടടുത്ത പന്തിൽ താരം ക്ലീൻ ബോൾഡ് ആയി. 37 പന്തിൽ 53 റൺസാണ് ശ്രേയസിന്റെ സമ്പാദ്യം. 2 സിക്‌സും 5 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്‌സ്.

2 റൺസെടുത്ത രവി ബിഷ്‌ണോയ് ഇന്നിങ്‌സിലെ അവസാന പന്തിൽ റണ്ണൗട്ടായി. അർഷ്ദീപ് സിങ് 2 റൺസുമായി പുറത്താകാതെനിന്നു. ഓസീസിനായി ജേസൺ ബെഹ്‌റെൻഡോർഫ്, ബെൻ ഡ്വാർഷ്യു എന്നിവർ രണ്ടു വിക്കറ്റു വീതം നേടി.