ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് പോരാട്ടത്തിൽ നായകൻ സഞ്ജു സാംസൺ (139 പന്തിൽ 128) സെഞ്ചുറി നേടിയിട്ടും കേരളത്തിന് തോൽവി. റെയിൽവേസിനെതിരെ 18 റൺസിനാണ് തോൽവി വഴങ്ങിയത്. ചിക്കനഹള്ളി, കിനി സ്പോർട്സ് അറീന ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റെയിൽവേസ് ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് നേടാനെ കഴിഞ്ഞുള്ളു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തി റെയിൽവേസ് 256 റൺസിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സഹാബ് യുവരാജ് സിംഗിന്റെ (136 പന്തിൽ പുറത്താവാതെ 121) സെഞ്ചുറിയാണ് റെയിൽവേസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ കേരളത്തിന്റെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 237 റൺസിൽ അവസാനിച്ചു. സഞ്ജുവിന് പുറമെ ശ്രേയസ് ഗോപാൽ (53) നിർണായക പ്രകടനം പുറത്തെടുത്തു. ഒരു ഘട്ടത്തിൽ നാല് വിക്കറ്റഇന് 59 റൺസ് എന്ന നിലയിൽ തകർന്ന കേരളത്തെ സഞ്ജു ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. വാലറ്റത്തും കാര്യമായ പിന്തുണ ലഭിക്കാതെ വന്നതോടെയാണ് കേരളം പരാജയപ്പെട്ടത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് മത്സരങ്ങളും പൂർത്തിയാക്കിയ കേരളം അഞ്ച് ജയത്തോടെ 20 പോയിന്റുമായി ഒന്നാമതാണ്. ഇതോടെ നോക്കൗട്ടും ഉറപ്പിച്ചു. ഗ്രൂപ്പ് എയിൽ ഒന്നാമതാണ് കേരളം. മുംബൈ, ഒഡീഷയോട് പരാജയപ്പെട്ടതും കേരളത്തെ ഒന്നാമതെത്താൻ സഹായിച്ചു. ഇരു ടീമുകൾക്കും 20 പോയിന്റാണുള്ളത്. നെറ്റ് റൺറേറ്റ് ബലത്തിൽ കേരളം ഒന്നാമത്.

മോശം തുടക്കമായിരുന്നു കേരളത്തിന്. 59 റൺസെടുക്കുന്നതിനിടെ ടീമിന് നാല് വിക്കറ്റുകൾ നഷ്ടമായി. രോഹൻ കുന്നുമ്മൽ (0), സച്ചിൻ ബേബി (9), സൽമാൻ നിസാർ (2) എന്നിവർക്ക് രണ്ടക്കം കാണാൻ പോലും സാധിച്ചില്ല. കൃഷ്ണ പ്രസാദ് (29) മാത്രമാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. ഹിമാൻഷു റാണ രണ്ട് വിക്കറ്റ് വീഴ്‌ത്തി. പിന്നാലെയാണ് സഞ്ജു - ശ്രേയസ് സഖ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരും 138 റൺസാണ് കൂട്ടിചേർത്തത്. എന്നാൽ നിർണായക സമയത്ത് ശ്രേയസ് മടങ്ങി. 63 പന്തുകൾ നേരിട്ട താരം അഞ്ച് ബൗണ്ടറികൾ നേടി.

പിന്നീടെത്തിയ അബ്ദുൾ ബാസിത് (0), അഖിൽ സ്‌കറിയ (0) എന്നിവർ നിരാശപ്പെടുത്തിയതോടെ മുഴുവൻ പ്രതീക്ഷ സഞ്ജുവിലായി. അവസാന രണ്ട് ഓവറിൽ 45 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 25 റൺസാണ് നേടാൻ സാധിച്ചത്. അവസാന ഓവറിലെ അഞ്ചാം പന്തിൽ സഞ്ജു പുറത്തായി. ആറ് സിക്സും എട്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. ബേസിൽ തമ്പി (7), വൈശാഖ് ചന്ദ്രൻ (1) പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ റെയിൽവേസിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഓപ്പണർമാരായ ശിവം ചൗധരിയെ(3) അഖിനും വിവേക് സിങിനെ(11) വൈശാഖ് ചന്ദ്രനും വീഴ്‌ത്തുമ്പോൾ റെയിൽവേസിന്റെ സ്‌കോർ ബോർഡിൽ 19 റൺസെ ഉണ്ടായിരുന്നുള്ളു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന പ്രഥം സിങും യുവരാജ് സിങും ചേർന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 148 റൺസ് കൂട്ടിച്ചേർത്ത് അവരെ കരകയറ്റി.

77 പന്തിൽ 61 റൺസെടുത്ത പ്രഥം സിങിനെ വൈശാഖ് ചന്ദ്രൻ തന്നെ വീഴ്‌ത്തി കൂട്ടുകെട്ട് പൊളിച്ചെങ്കിലും പിന്നീടെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ഉപേന്ദ്ര യാദവും(27 പന്തിൽ 31) യുവരാജ് സിങിന് മികച്ച പിന്തുണ നൽകിയതോടെ റെയിൽവേസ് മികച്ച സകോറിലേക്ക് കുതിച്ചു. ഉപേന്ദ്ര യാദവിനെ അഖിൽ സ്‌കറിയയും അശുതോഷ് ശർമയെ(2) ബേസിൽ തമ്പിയും പുറത്താക്കി. ഏഴ് റൺസുമായി മെറായി പുറത്താകാതെ നിന്നു. കേരളത്തിനായി വൈശാഖ് ചന്ദ്രൻ 10 ഓവറിൽ 33 റൺസിന് രണ്ട് വിക്കറ്റെടുത്തു.