- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ വിരാടിനെ ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കിയിട്ടില്ല; ട്വന്റി 20 ടീമിനെ നയിക്കാൻ താത്പര്യമില്ലായിരുന്നു; ഒരു വൈറ്റ് ബോൾ ക്യാപ്റ്റനും ഒരു റെഡ് ബോൾ ക്യാപ്റ്റനും ഉണ്ടാകട്ടെ എന്നായിരുന്നു എന്റെ നിലപാട്'; വിവാദങ്ങളിൽ വിശദീകരണവുമായി ഗാംഗുലി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായക സ്ഥാനത്തുനിന്നും സൂപ്പർ താരം വിരാട് കോലിയുടെ പടിയിറക്കം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 2021 ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ്-സ്റ്റേജിൽ തന്നെ പുറത്തായതിന് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റിൽ തന്നെ അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. ലോകകപ്പിലെ നാണംകെട്ട പ്രകടനത്തിന് പിന്നാലെ കോലി തന്നെയാണ് ട്വന്റി 20 ക്യാപ്റ്റൻസിയിൽ നിന്നും സ്വയം രാജിവച്ച് ഒളിഞ്ഞത്.
എന്നാൽ ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ കോലിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. അന്ന് ബി സി സി ഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലിയാണ് ഇതിന് പിന്നിൽ എന്നായിരുന്നു റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. എന്നാൽ ഇപ്പോഴിതാ ഇത് സംബന്ധിച്ച സംഭവവികാസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലി. കോലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കിയതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദാദ.
വിരാട് കോലിയെ ടീം ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കിയതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്ന് ആവർത്തിക്കുകയാണ് ഗാംഗുലി. 2021 ലോകകപ്പിന് ശേഷം കോലി ട്വന്റി 20 ക്യാപ്റ്റൻസി രാജിവച്ചിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻസിയും അദ്ദേഹം ഉപേക്ഷിച്ചത് എല്ലാവരേയും ഞെട്ടിച്ചു. ഇതിന് പിന്നാലെ അദ്ദേഹം നടത്തിയ പ്രതികരണവും കോളിളക്കമുണ്ടാക്കി.
ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻസിയിൽ തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്നും ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ബിസിസിഐ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് കോലി പിന്നീട് പറഞ്ഞത്. ഇക്കാര്യത്തിലാണ് സൗരവ് ഗാംഗുലി കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കോലിയോട് ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെങ്കിൽ ഏകദിനത്തിൽനിന്നും മാറണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായി ഗാംഗുലി സമ്മതിച്ചു. വൈറ്റ് ബോൾ ക്രിക്കറ്റിൽ രണ്ട് വ്യത്യസ്ത ക്യാപ്റ്റന്മാരെ വേണമെന്ന് സെലക്ടർമാർക്ക് ആഗ്രഹമുണ്ടായിരുന്നില്ല. ഒരു വൈറ്റ് ബോൾ ക്യാപ്റ്റനും ഒരു റെഡ് ബോൾ ക്യാപ്റ്റനും ഉണ്ടാകട്ടെ എന്നായിരുന്നു തന്റെ നിലപാട് എന്നും ഗാംഗുലി പറയുന്നു.
അതിനാൽ ട്വന്റി 20 യിൽ ക്യാപ്റ്റനായി തുടരാൻ കോലിയോട് അഭ്യർത്ഥിച്ചതായി ഗാംഗുലി പറയുന്നു. ''ഞാൻ വിരാടിനെ ക്യാപ്റ്റൻസിയിൽ നിന്ന് നീക്കിയിട്ടില്ല. ഞാൻ ഇത് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. ട്വന്റി 20യിൽ നയിക്കാൻ അദ്ദേഹത്തിന് താൽപ്പര്യമില്ലായിരുന്നു. ട്വന്റി 20യിൽ നയിക്കാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾ മുഴുവൻ വൈറ്റ്-ബോൾ ക്രിക്കറ്റിൽ നിന്നും പിന്മാറുന്നതാണ് നല്ലത് എന്ന് ഞാൻ പറഞ്ഞു,' ഗാംഗുലി പറഞ്ഞു.
ഒരു വൈറ്റ് ബോൾ ക്യാപ്റ്റനും റെഡ് ബോൾ ക്യാപ്റ്റനും ഉണ്ടാകട്ടെ എന്നാണ് താൻ കരുതിയത് എന്നും എന്നാൽ ഇത് കോലിക്ക് സ്വീകാര്യമായിരുന്നില്ല എന്നും ഗാംഗുലി കൂട്ടിച്ചേർത്തു. കളിയുടെ മൂന്ന് ഫോർമാറ്റുകളിലും നയിക്കാൻ താൽപ്പര്യമില്ലാത്തതിനാൽ താൻ രോഹിത് ശർമ്മയെ ക്യാപ്റ്റൻസി റോൾ ഏറ്റെടുക്കാൻ നിർദേശിച്ചു. അതുകൊണ്ട് ഈ സംഭവങ്ങിൽ തനിക്ക് ചെറിയ പങ്കുണ്ടായിരിക്കാമെന്നും ഗാംഗുലി വ്യക്തമാക്കി.
മൂന്നു ഫോർമാറ്റിലും ടീമിനെ നയിക്കാൻ രോഹിത് ശർമയ്ക്ക് ഇഷ്ടമില്ലായിരുന്നുവെന്നും അതിനാൽ ക്യാപ്റ്റൻ പദവി ഏറ്റെടുക്കാൻ താൻ രോഹിത്തിനെ നിർബന്ധിച്ചിരുന്നുവെന്നും ഗാംഗുലി വെളിപ്പെടുത്തി. ''മൂന്ന് ഫോർമാറ്റിലും നയിക്കാൻ താത്പര്യമില്ലാത്തതിനാലാണ് ഞാൻ രോഹിത്തിനെ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ അൽപം നിർബന്ധിച്ചത്. അതിനാൽ അതിൽ എനിക്ക് ചെറിയ പങ്കുണ്ട്. പക്ഷേ ആരു ഭരിച്ചാലും അത് കളിക്കാരാണ് കളത്തിൽ പ്രകടനം നടത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ നന്മയ്ക്ക് വേണ്ടിയാണ് എന്നെ പ്രസിഡന്റാക്കിയത്. ഇത് അതിന്റെ ചെറിയ ഭാഗമാണ്.'' - ഗാംഗുലി കൂട്ടിച്ചേർത്തു.
68 ടെസ്റ്റുകളിൽ കോലി ഇന്ത്യയെ നയിച്ചിരുന്നു. ഇതിൽ 40 ലും ഇന്ത്യ ജയിച്ചു. 2017 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും 2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിലും ഇന്ത്യ റണ്ണേഴ്‌സ് അപ്പ് ആയത് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിലായിരുന്നു.
സ്പോർട്സ് ഡെസ്ക്