ദുബായ്: ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ പുറത്തെടുത്ത മിന്നും പ്രകടനത്തിലൂടെ ബൗളിങ്ങിൽ ഐസിസി റാങ്കിങിൽ ഒന്നാമത് എത്തി ഇന്ത്യൻ യുവതാരം രവി ബിഷ്ണോയി. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരത്തിൽ ഒൻപത് വിക്കറ്റുകൾ ഈ ഇരുപത്തിമൂന്നുകാരൻ സ്വന്തമാക്കിയിരുന്നു. 669 പോയിന്റ് നേടി അഞ്ച് സ്ഥാനങ്ങൾ കടന്നാണ് ബിഷ്ണോയി ഒന്നാമത് എത്തിയത്. ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ താരവും ബിഷ്ണോയ് മാത്രമാണ്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ബിഷ്‌ണോയിയെ ആദ്യമായി ഒന്നാം റാങ്കിലെത്തിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ താരമായി തിരഞ്ഞെടുത്തത് രവി ബിഷ്‌ണോയിയെയാണ്. ഇതോടെ അഫ്ഗാൻ സ്പിൻ ഇതിഹാസം റാഷിദ് ഖാൻ പിന്തള്ളപ്പെട്ടു. 679 പോയിന്റുള്ള ശ്രീലങ്കൻ സ്പിന്നർ ഹസരംഗയും ഇംഗ്ലണ്ടിന്റെ ആദിൽ റഷീദും സംയുക്തയുമാണ് പട്ടികയിൽ മൂന്നാമത്. ശ്രീലങ്കയുടെ മഹീഷ് തീക്ഷ്ണയാണ് അഞ്ചാമത്, ഇംഗ്ലണ്ടിന്റെ സാം കറൻ (6), അഫ്ഗാനിസ്താന്റെ ഫസലാഖ് ഫാറൂഖി (7), അഫ്ഗാന്റെ തന്നെ മുജീബുർ റഹ്‌മാൻ (8), വെസ്റ്റ് ഇൻഡീസിന്റെ അഖീൽ ഹുസൈൻ (9), ദക്ഷിണാഫ്രിക്കയുടെ ആൻരിച്ച് നോർജെ (10) എന്നിവരാണ് ആദ്യ പത്തിലുൾപ്പെട്ടവർ.

അക്ഷർ പട്ടേൽ ഒൻപത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനെട്ടാമത് എത്തി. അർഷദീപ് സിങ് 20ാം റാങ്കിലുണ്ട്. ട്വന്റി 20 പരമ്പര 4-1ന് ഇന്ത്യ തൂത്തുവാരിയപ്പോൾ ബാറ്റർമാരിൽ ഇന്ത്യൻ നായകനായ സൂര്യകുമാർ യാദവ് ഒന്നാമതെത്തി. ഓപ്പണർ ഋതുരാജ് ഗെയ്ക് വാദ് ഏഴാം സ്ഥാനത്താണ്. ഓസട്രേലിയക്കെതിരായ പരമ്പരയിൽ പരിക്ക് മൂലം വിട്ടുനിന്നെങ്കിലും ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് പാണ്ഡ്യ മൂന്നാമതാണ്.