ഡർബൻ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്ക് ട്വന്റി 20 മത്സരത്തോടെ ഇന്ന് തുടക്കമാകും. ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡർബനിൽ നടക്കും. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര 4-1ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ യുവനിര ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുന്നത്.

സീനിയർ താരങ്ങളുടെ അഭാവത്തിൽ സൂര്യകുമാർ യാദവാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നത്. ലോകകപ്പ് ടീമിൽ കളിച്ച ശുഭ്മാൻ ഗിൽ, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ ട്വന്റി 20 ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാർദ്ദിക് പാണ്ഡ്യ, കെ എൽ രാഹുൽ, മുഹമ്മദ് ഷമി എന്നിവർ ട്വന്റി 20 ടീമിലില്ല.

ആറ് മാസം അകലെ നിൽക്കുന്ന ട്വന്റി20 ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ പ്രധാന ബലപരീക്ഷണത്തിനാണ് തുടക്കമാകുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിൽ എല്ലാ കണ്ണുകളും ഇന്ത്യൻ യുവനിരയിലേക്കാണ്. നാട്ടിലെ പുലികൾ വിദേശത്തു പൂച്ചകളാകുന്നുവെന്ന വിമർശനത്തിന് മറുപടി നൽകി ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പാക്കാനുള്ള സുവർണാവസരമാണ് അവർക്ക് ഈ പരമ്പര.

ട്വന്റി20 ലോകകപ്പിന് മുൻപുള്ള പ്രധാന രാജ്യാന്തര പരമ്പരയ്ക്കായി 17 താരങ്ങളുമായാണ് ഇന്ത്യ യാത ്രതിരിച്ചത്. അതുകൊണ്ടുതന്നെ ടീം സിലക്ഷനാകും ഈ പരമ്പരയിലുടനീളം ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ശുഭ്മൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, ഇഷൻ കിഷൻ എന്നിങ്ങനെ ബാറ്റിങ് ഓപ്പണിങ്ങിൽ മാത്രം നാല് പേരാണ് സാധ്യതാ ലിസ്റ്റിലുള്ളത്.

വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഇഷൻ കിഷനു ഭീഷണിയായി ജിതേഷ് ശർമയുണ്ട്. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ പേസ് ബോളിങ്ങിൽ അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ എന്നിവരെ ഇന്ത്യയ്ക്ക് പരീക്ഷിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ആരാധകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സമയം രാത്രി 7.30നാണ് ഡർബനിലെ കിങ്‌സേമേഡിൽ മത്സരം തുടങ്ങുക. ഏഴ് മണിക്കാണ് ടോസ്. ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകുക. ഡിസ്‌നി + ഹോട് സ്റ്റാറിലും മത്സരം ലൈവ് സ്ട്രീം ചെയ്യും.

അക്യുവെതർ റിപ്പോർട്ട് അനുസരിച്ച് മത്സരത്തനിടെ മഴ വില്ലനാവാനുള്ള സാധ്യതയുണ്ട്. രണ്ടാം ഇന്നിങ്‌സിൽ താരതമ്യേന മഴ സാധ്യത കുറവാണ്. മഴ പ്രവചനമുള്ളതിനാൽ ടോസ് വൈകാനോ മത്സരത്തിൽ ഓവറുകൾ വെട്ടിക്കുറക്കാനോ സാധ്യതയുണ്ട്.

ഇന്ത്യയുടെ ട്വന്റി 20 ടീം: യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, തിലക് വർമ്മ, സൂര്യകുമാർ യാദവ് (സി), റിങ്കു സിങ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വി.കെ.), ജിതേഷ് ശർമ്മ (വി.കെ.), രവീന്ദ്ര ജഡേജ (വി സി.), വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ.