ഡർബൻ: ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മത്സരം മുടക്കി ഡർബനിൽ കനത്ത മഴ. ഡർബനിൽ നടക്കേണ്ട പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇതുവരെ ടോസ് ഇടാൻ പോലും സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യത്തേതാണ് ഇന്ന് നടക്കേണ്ടത്. കളി മുടക്കാൻ മഴയെത്തുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു.

ഇന്ത്യൻ സമയം വൈകീട്ട് 7.30-ന് ആരംഭിക്കേണ്ടിയിരുന്ന മത്സരത്തിന്റെ ടോസിനുപോലുമുള്ള സാഹചര്യം ആയിട്ടില്ല. സമയം വൈകുന്തോറും ഓവറുകൾ വെട്ടിക്കുറയ്ക്കാനാണ് സാധ്യത. ഏകദിന ലോകകപ്പിൽ കളിച്ച ടീമിൽ അടിമുടി മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര 4-1ന് ജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ടേൽ വലിയ ആശങ്കകളോടെയാണ് ദക്ഷിണാഫ്രിക്ക കളത്തിലെത്തുക. ടീം ഇന്ത്യക്ക് സ്വന്തം നാട്ടിൽ ഓസ്ട്രേലിയയുടെ രണ്ടാംനിരയെ വിറപ്പിച്ച പോലെയല്ല, നേരിടേണ്ടത് വമ്പനടിക്കാർക്ക് പേര് കേട്ട ദക്ഷിണാഫ്രിക്കയെയാണ്.

ഓസ്ട്രേലിയയെ തോൽപ്പിച്ച ടീമിനൊപ്പം ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ കൂടി ചേരുന്നത് നീലപ്പടയുടെ കരുത്ത് കൂട്ടും. ഓസ്ട്രേലിയൻ പരമ്പരയിൽ ടോപ് സ്‌കോററെങ്കിലും ഗിൽ തിരിച്ചെത്തുന്നതോടെ റുതുരാജ് ഗെയ്ക്വാദിനായിരിക്കും സ്ഥാനം നഷ്ടമാവുക. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, റിങ്കു സിങ് എന്നിവരായിരിക്കും മറ്റ് സ്പെഷ്യലിസ്റ്റ് ബാറ്റർമാർ.

സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, കെ.എൽ. രാഹുൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവരൊന്നും പരമ്പരയിൽ കളിക്കുന്നില്ല. സൂര്യകുമാർ യാദവ് നയിക്കുന്ന സംഘത്തിലേറെയും അത്ര പരിചയസമ്പന്നരല്ല.

2024 ജൂണിൽ വെസ്റ്റിൻഡീസിലും യു.എസിലുമായി ടി20 ലോകകപ്പ് നടക്കുന്നു. അതിനുള്ള തയ്യാറെടുപ്പിന്റെ തുടക്കമാണ് ഈ പരമ്പര. മാർച്ചിൽ ഐ.പി.എൽ. തുടങ്ങും. അതിനിടെ അധികം ടി20 മത്സരങ്ങൾ കളിക്കാനില്ല. ലോകകപ്പിനുമുന്നോടിയായി ടീമിന്റെ സ്ഥിരം നായകനായി കരുതിയിരുന്ന ഹാർദിക് പാണ്ഡ്യ പരിക്കിലാണ്. രോഹിത്, കോലി തുടങ്ങിവർ ലോകകപ്പിലുണ്ടാകുമോ എന്നതിലും വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് സൂര്യകുമാറിനൊപ്പം ഒരു യുവസംഘം ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്.