ന്യൂഡൽഹി: ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ മുൻ ഇന്ത്യൻ സഹതാരവും മലയാളിയുമായ ശ്രീശാന്തുമായുള്ള തർക്കത്തെക്കുറിച്ച് ഒന്നും പറയാനാഗ്രഹിക്കുന്നില്ലെന്ന് ഗൗതം ഗംഭീർ. ഡൽഹിയിൽ ഒരു ചാരിറ്റി പരിപാടിക്കെത്തിയ ഗംഭീറിനോട് ശ്രീശാന്തിന്റെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറയാതെ താരം ഒഴിഞ്ഞുമാറി. അതിനെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. ഞാനിവിടെ വന്നിരിക്കുന്നത് നല്ലൊരു കാര്യം ചെയ്യാനാണ്. അതുകൊണ്ടുതന്നെ മറ്റ് കാര്യങ്ങളൊന്നും സംസാരിക്കാനില്ലെന്നായിരുന്നും ഗംഭീറിന്റെ മറുപടി.

ലെജൻഡ്‌സ് ലീഗിൽ ഇന്ത്യ ക്യാപ്റ്റൽസുമായുള്ള മത്സരത്തിനിടെ നായകനായ ഗംഭീർ തന്നെ ഫിക്‌സർ എന്ന് വിളിച്ച് അപമാനിച്ചുവെന്ന് ഗുജറാത്ത് ജയന്റ്‌സ് താരമായ ശ്രീശാന്ത് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ആരോപിച്ചിരുന്നു. പിന്നാലെ ഗംഭീർ പുഞ്ചിരിയാണ് ഏറ്റവും നല്ല മറുപടിയെന്ന പോസ്റ്റിട്ടാണ് ഇതിനോട് പ്രതികരിച്ചത്. പിന്നീട് ഗംഭീറിന്റെ പോസ്റ്റിന് താഴെയും ശ്രീശാന്ത് രൂക്ഷമായ പ്രതികരണവുമായി എത്തിയിരുന്നു.

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റർ പോരാട്ടത്തിൽ ഇന്ത്യ ക്യാപിറ്റൽസും ഗുജറാത്ത് ജയന്റ്‌സും തമ്മിലുള്ള മത്സരത്തിനിടെ ഇന്ത്യ ക്യാപിറ്റൽസ് നായകൻ കൂടിയായ ഗൗതം ഗംഭീർ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് അപമാനിച്ചുവെന്ന് ഇൻസ്റ്റഗ്രാം ലൈവിലൂടെ വെളിപ്പെടുത്തിയാണ് മലയാളി താരം ശ്രീശാന്ത് രംഗത്തെത്തിയത്.

ഗംഭീറിനെതിരെ ഒരു മോശം വാക്കും താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് ഗംഭീർ തുടർച്ചയായി അപമാനിക്കുകയായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. അമ്പയർമാർ ഇടപെട്ടിട്ടുപോലും ഗംഭീർ ഇത്തരത്തിൽ അപമാനിക്കുന്നത് തുടർന്നുവെന്നും ഇതാണ് യഥാർത്ഥത്തിൽ ഗ്രൗണ്ടിൽ നടന്നതെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.

നിങ്ങൾ ഒരു കളിക്കാരനെന്ന നിലയിലും സഹോദരനെന്ന നിലയിലുമുള്ള എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. നിങ്ങളൊരു ജനപ്രതിനിധി കൂടിയാണ്. എന്നിട്ടും, നിങ്ങൾ സാഹതാരങ്ങളോടെല്ലാം കലഹിച്ചുകൊണ്ടേയിരിക്കുകയാണ്. നിങ്ങളെന്നെ പ്രകോപിപ്പിച്ചിട്ടും ഞാൻ തിരിച്ച് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

എന്നെ ഒരു ഫിക്‌സർ എന്ന് വിളി അപമാനിക്കാൻ നിങ്ങളാരാണ്. സുപ്രീം കോടതിക്കും മുകളിലാണോ നിങ്ങൾ. വായിൽ തോന്നിയത് വിളിച്ചുപറയാൻ നിങ്ങൾക്ക് അധികാരമില്ല. അമ്പയർമാരെ പോലും നിങ്ങൾ വാക്കാൽ അധിക്ഷേപിച്ചു, എന്നിട്ടും നിങ്ങൾ വിമർശനങ്ങൾ വരുമ്പോൾ പുഞ്ചിരിക്കുന്നതിനെക്കുറിച്ചാണോ പറയുന്നത്?.

കൂടെയുള്ളവരോട് ഒരു തരത്തിലുള്ള ബഹുമാനവും ഇല്ലാത്ത അഹങ്കാരിയും യാതൊരു നിലവാരവുമില്ലാത്ത വ്യക്തിയുമാണ് നിങ്ങൾ. ഇന്നലെ വരെ നിങ്ങളോടും കുടുംബത്തോടും എനിക്ക് ബഹുമാനമായിരുന്നു. മത്സരത്തിനിടെ നിങ്ങൾ എന്നെ ഫിക്‌സർ എന്ന് ഒരുതവണയല്ല ഏഴോ എട്ടോ തവണ വിളിച്ചു. ജീവിതത്തിൽ ഞാൻ അനുഭവിച്ചത് ഓർത്താൽ ഒരിക്കലും നിങ്ങളോട് ക്ഷമിക്കാനാകില്ല.

നിങ്ങൾ പറഞ്ഞതും ചെയ്തതും തെറ്റാണെന്ന് ഉള്ളിന്റെയുള്ളിൽ നിങ്ങൾക്കറിയാം. ദൈവം പോലും നിങ്ങളോട് ക്ഷമിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ആ സംഭവത്തിനുശേഷം നിങ്ങൾ ഫീൽഡ് ചെയ്യാൻ പോലും ഇറങ്ങിയില്ലല്ലോ. ധൈര്യമായി വരൂ, ദൈവം എല്ലാം കാണുന്നുണ്ട് എന്നായിരുന്നു ശ്രീശാന്തിന്റെ പോസ്റ്റ്.

ഗംഭീറിനെതിരെ ശ്രീശാന്ത് പന്തെറിയുമ്പോൾ ഗംഭീർ പ്രകോപനപരമായി ശ്രീശാന്തിനെതിരെ സംസാരിച്ചതാണ് ഇരുവരും തമ്മിലുള്ള വാക് പോരിൽ കലാശിച്ചത്.മത്സരത്തിൽ ഇന്ത്യ ക്യാപിറ്റൽസ് ഗുജറാത്ത് ജയന്റ്‌സിനെ 12 റൺസിന് തോൽപ്പിച്ചിരുന്നു.