- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവൻ വരുന്നു, നായകനായി തന്നെ! റിഷഭ് പന്തിന്റെ മടങ്ങിവരവ് പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്; ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ് തിരിച്ചുവരവ്; ഇംപാക്ട് പ്ലെയർ മാത്രമായി കളിപ്പിക്കുന്നതും പരിഗണനയിൽ
ന്യൂഡൽഹി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐപിഎല്ലിലേക്ക് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ തിരിച്ചുവരവിന്റെ സൂചന നൽകി ഡൽഹി ക്യാപിറ്റൽസ്. റിഷഭ് പന്ത് അടുത്ത സീസണിലെ ഐപിഎല്ലിൽ (ഐപിഎൽ 2024) കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഡൽഹി ക്യാപിറ്റൽസിനും ടീം ഇന്ത്യക്കും വലിയ ആശ്വാസം പകരുന്ന വാർത്തയാണിത്. ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞു തന്നെയാണ് ക്യാപിറ്റൽസ് സ്‌ക്വാഡിലേക്ക് റിഷഭിന്റെ തിരിച്ചുവരവ്.
കഴിഞ്ഞ വർഷം (2022) ഡിസംബറിൽ നടന്ന വാഹനാപകടമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ ജീവിതം മാറ്റിമറിച്ചത്. കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ പന്ത് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സയും പരിശീലനവും തുടരുന്ന പന്തിന് കഴിഞ്ഞ സീസണിലെ ഐപിഎൽ പൂർണമായും നഷ്ടമായി.
ഈ സീസണിലും പന്തിന് ഐപിഎൽ നഷ്ടമാവുമോയെന്ന സംശയവും ശക്തമായിരുന്നു. ഈ സംശയങ്ങളും അവ്യക്തതകളുമെല്ലാം അവസാനിപ്പിച്ചിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. റിഷഭ് പന്ത് വരുന്ന സീസണിൽ കളിക്കുമെന്നും ടീമിനെ നയിക്കുമെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ഫെബ്രുവരിയോടെ പന്ത് പൂർണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.
ഐപിഎല്ലിൽ ഇത്തവണ കസറാനാണ് ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ വേണ്ടത്ര മികവ് കാണിക്കാൻ സാധിക്കാത്തതിന്റെ നിരാശ ടീമിനുണ്ട്. ഡേവിഡ് വാർണറായിരുന്നു ടീമിനെ നയിച്ചത്. വാർണർ റൺസ് നേടിയെങ്കിലും സ്ട്രൈക്ക് റേറ്റിൽ പിന്നിലായിരുന്നു. പലപ്പോഴും വെടിക്കെട്ട് ബാറ്റിംഗിനായി ശ്രമിച്ചിട്ടും വാർണർക്ക് അത് സാധ്യമായിരുന്നില്ല. ഇത് തന്നെയായിരുന്നു ടീം നേരിട്ട വലിയ വെല്ലുവിളി.
ഇത്തവണ ടീമിന്റെ ക്യാപ്റ്റനെ മാറ്റാൻ ഡൽഹി ഒരുങ്ങുകയാണ്. കഴിഞ്ഞ തവണ റിഷഭ് പന്തിന് പരിക്കേറ്റതോടെയാണ് വാർണർ ടീമിനെ നയിച്ചത്. എന്നാൽ ഇത്തവണ ടീമിലേക്ക് പന്ത് തിരിച്ചുവരുമെന്നാണ് റിപ്പോർട്ട്. ടീമിന്റെ മാനേജർമാരിൽ ഒരാളായ സൗരവ് ഗാംഗുലി റിഷഭ് പന്ത് ഐപിഎൽ 2024ൽ കളിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. 2021, 2022 സീസണുകളിൽ പന്താണ് ഡൽഹി ക്യാപിറ്റൽസിനെ നയിച്ചത്.
കിരീടം നേടാൻ സാധിച്ചില്ലെങ്കിലും ഒരു തവണ ഫൈനലിൽ എത്താനും ഒരു തവണ സെമിയിലെത്താനും ടീമിന് സാധിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ പന്തിനെ കാത്തിരിക്കുന്നതും ടീമിന്റെ ക്യാപ്റ്റൻസിയാണ്. പന്തിന്റെ ക്യാപ്റ്റൻസിയിൽ ടീം അഗ്രസീവായ കളി പുറത്തെടുക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. മുമ്പ് പന്ത് ക്യാപ്റ്റനായപ്പോൾ ടീമിന്റെ സമീപനം തന്നെ മാറിയിരുന്നു. എന്നാൽ വാർണർക്ക് കീഴിൽ ആ മൂർച്ച നഷ്ടപ്പെട്ടിരുന്നു.
ഡൽഹി ക്യാപിറ്റൽസിൽ 2016ലാണ് പന്ത് എത്തുന്നത്.ഡൽഹിയെ സംബന്ധിച്ച് പന്ത് എക്കാലത്തെയും മികച്ച റൺവേട്ടക്കാരനാണ്. താരത്തോളം കൂടുതൽ റൺസെടുത്തവർ ഡൽഹിയിലുണ്ടായിരുന്നില്ലെന്ന് തന്നെ പറയാം. അതുകൊണ്ടാണ് ടീം മാനേജ്മെന്റ് താരത്തെ ഇത്ര ശക്തമായി പിന്തുണയ്ക്കുന്നത്. നിലവിൽ പരിക്കേറ്റ് വിശ്രമത്തിലാണ്. സജീവ ക്രിക്കറ്റ് താരം അപകടത്തിന് ശേഷം കളിച്ചിട്ടില്ല.
ഇന്ത്യൻ ടീമിലും താരത്തെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ഡൽഹിയുടെ പരിശീലന ക്യാമ്പിൽ പന്ത് പങ്കെടുത്തിരുന്നു. ഇതോടെയാണ് വരുന്ന സീസണിൽ താരം ഐപിഎൽ കളിക്കുമെന്ന് ഏകദേശം ഉറപ്പായത്. ടീം മാനേജ്മെന്റ് പന്ത് തന്നെ ടീമിനെ നയിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പന്ത് ഇപ്പോൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ റിഹാബിലേഷനിലാണ്. ഫെബ്രുവരി അവസാനത്തോടെ പന്ത് പൂർണമായ ഫിറ്റ്നെസ് വീണ്ടെടുക്കുമെന്നാണ് സൂചന.
എൻസിഎ മാനേജർമാർ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും പന്ത് ഐപിഎല്ലിൽ പങ്കെടുക്കുക. ബിസിസിഐ അനുമതി ലഭിച്ചാൽ മാത്രമേ പന്ത് വിക്കറ്റ് കീപ്പറുടെ ചുമതല ഏറ്റെടുക്കൂ. അതല്ലെങ്കിൽ ബാറ്റിംഗിലും ഫീൽഡിംഗിലുമായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കീപ്പിങ് ചെയ്യുന്നില്ലെങ്കിൽ താരം ഫീൽഡിലുണ്ടാവുമെന്നാണ് ഡൽഹി ക്യാപിറ്റൽസിലെ പ്രമുഖ ഉദ്യോഗസ്ഥൻ ക്രിക്ക്‌ബസിനോട് പ്രതികരിച്ചു.
ഇരുപത്തിയാറുകാരനായ പന്തിനെ ഇംപാക്ട് പ്ലെയർ മാത്രമായി കളിപ്പിക്കുന്നതും ഡൽഹിയുടെ പരിഗണനയിലുണ്ട്. ഐപിഎല്ലിൽ ശാരീരികക്ഷമതയും കളി മികവും വീണ്ടെടുത്താൽ പന്ത് ഇന്ത്യൻ ടീമിലേക്കും തിരികെയെത്തും. ഐപിഎല്ലിൽ 98 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 15 അർധസെഞ്ചുറിയുമടക്കം പന്ത് 2835 റൺസ് നേടിയിട്ടുണ്ട്. 33 ടെസ്റ്റിൽ അഞ്ച് സെഞ്ചുറിയോടെ 2271 റൺസും 30 ഏകദിനത്തിൽ 865 റൺസും 66 രാജ്യാന്തര ട്വന്റി 20യിൽ 987 റൺസുമാണ് പന്തിന്റെ സമ്പാദ്യം.
സ്പോർട്സ് ഡെസ്ക്