പെർത്ത്: ഫലസ്തീനെ പിന്തുണയ്ക്കുന്ന സന്ദേശങ്ങൾ എഴുതിയ ഷൂസ് ധരിച്ച് പരിശീലനത്തിന് ഇറങ്ങിയത് വിവാദമായതോടെ പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം ഉസ്മാൻ ഖവാജ അതേ ഷൂ ധരിച്ച് കളിക്കാൻ ഇറങ്ങില്ല. ചൊവ്വാഴ്ച പരിശീലനത്തിന് ഇറങ്ങിയപ്പോഴാണ് ഖവാജയുടെ ഷൂസിലെ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.

'സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്. എല്ലാ ജീവനുകളും തുല്യരാണ്.' എന്നാണ് ഷൂസിൽ എഴുതിയിരുന്നത്. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്കു പിന്തുണയായി ഈ ഷൂസ് ധരിച്ച് കളിക്കാൻ ഇറങ്ങാനായിരുന്നു ഖവാജയുടെ നീക്കം.

സംഭവം വിവാദമായതോടെ ഖവാജ ഷൂസ് മാറ്റാൻ തീരുമാനിച്ചു. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസും ഇക്കാര്യം സ്ഥിരീകരിച്ചു. ''ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ആ ഷൂസ് ധരിക്കുന്നില്ലെന്നാണു ഖവാജ പറഞ്ഞത്.'' കമിൻസ് മാധ്യമങ്ങളോടു പറഞ്ഞു.

വിഷയത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയും നിലപാടു വ്യക്തമാക്കിയിരുന്നു. ''വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള താരങ്ങളുടെ അവകാശത്തെ ഞങ്ങൾ മാനിക്കുന്നു. എന്നാൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നിയമങ്ങൾ ഇതു പ്രോത്സാഹിപ്പിക്കുന്നില്ല.'' ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇടംകൈയൻ ബാറ്ററെ പെർത്ത് ടെസ്റ്റിന്റെ പരിശീലന സെഷനിലാണ് ഇത്തരത്തിലുള്ള സ്‌പൈക്‌സ് ധരിച്ച് കണ്ടെത്തിയത്. നേരത്തെ ഫലസ്തീനെ പിന്തുണച്ച് താരം സോഷ്യൽ മിഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഐസിസിയുടെ നിയമവലി പ്രകാരം രാഷ്ട്രീയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയുള്ള എഴുത്തുകളും വസ്ത്രധാരണവുമടക്കം നിരോധിച്ചിട്ടുണ്ട്.

പെർത്തിൽ വ്യാഴാഴ്ചയാണ് പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് മത്സരങ്ങളാണു പരമ്പരയിലുള്ളത്. ഐസിസി ചട്ടം ലംഘിച്ച് ഷൂസ് ധരിച്ച് കളിക്കാനിറങ്ങിയിരുന്നെങ്കിൽ ഖവാജയെ മത്സരങ്ങളിൽനിന്നു വിലക്കുമായിരുന്നു. കൂടാതെ മാച്ച് ഫീയുടെ 75 ശതമാനം പിഴയായി അടയ്‌ക്കേണ്ടിവരും.

ജഴ്‌സിയിലും ക്രിക്കറ്റ് കിറ്റിലും ദേശീയ ചിഹ്നങ്ങളോ അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു ലോഗോകളോ മാത്രമേ ഉപയോഗിക്കാനാവൂ. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ നടപടിയെ വിലക്കിയത്.