മുംബൈ: ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിയിൽ ഒടുവിൽ മനസ് തുറന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് രോഹിത് സംവദിച്ചത്. ലോകകപ്പ് ഫൈനലിലെ തോൽവി താങ്ങാനാവുന്നതിന് അപ്പുറമായിരുന്നുവെന്ന് രോഹിത് പറയുന്നു. ദക്ഷിണാഫ്രിക്കയ്ക്കതെിരെ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് രോഹിതിന്റെ പ്രതികരണം.

തുടർച്ചയായി പത്ത് ജയങ്ങൾ നേടിയെത്തിയ ഇന്ത്യ നവംബർ 19ന് ഫൈനലിൽ ഓസ്ട്രേലിയക്ക് മുന്നിൽ വീണ് പോയി.ഫൈനലിലെ തോൽവിക്ക് ശേഷം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഗ്രൗണ്ട് വിട്ട രോഹിത് ശർമ്മയെ കുറിച്ച് ഒരു വിവരവും പിന്നീടുണ്ടായിരുന്നില്ല. കടുത്ത നിരാശയിലാണ് ഇന്ത്യൻ നായകനെന്ന വാർത്തകൾ മാത്രമാണ് പുറത്ത് വന്നത്. ഒടുവിൽ ഇപ്പോഴിതാ തന്റെ മൗനം അവസാനിപ്പിച്ച് ലോകകപ്പ് ഫൈനലിലെ തോൽവിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഹിറ്റ്മാൻ

''ഏകദിന ലോകകപ്പ് മത്സരങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. ഏകദിന കിരീടം നേടിയെടുക്കാനാണ് ഞങ്ങൾ ഇത്രയും നാൾ ശ്രമിച്ചത്. ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കിൽ അത് വളരെയധികം നിരാശയുണ്ടാക്കും. സ്വപ്നം കണ്ടത് നഷ്ടപ്പെട്ടപ്പോൾ എനിക്കും ബുദ്ധിമുട്ട് തോന്നി. ലോകകപ്പ് നഷ്ടത്തിന് ശേഷം എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ കുടുംബവും, സുഹൃത്തുക്കളൊക്കെയാണ് കാര്യങ്ങൾ ലളിതമാക്കിയത്. ഉൾക്കൊള്ളാൻ പ്രയാസമുള്ള കാര്യമായിരുന്നത്. പക്ഷേ ജീവിതത്തിൽ മുന്നോട്ട് പോകണം.'' രോഹിത് വ്യക്തമാക്കി.

 
 
 
View this post on Instagram

A post shared by Team Ro (@team45ro)

''ടീമിനെ കുറിച്ചോർത്ത് അഭിമാനമുണ്ടെന്നും രോഹിത് പറഞ്ഞു. ''വിജയിക്കാൻ ആവശ്യമായ എല്ലാം ചെയ്തുവെന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ തുടക്കത്തിലെ 10 മത്സരങ്ങളും ജയിച്ചു. എന്നാൽ ആ മത്സരങ്ങളിലെല്ലാം തെറ്റുകൾ പറ്റിയിരുന്നു. അത് സ്വാഭാവികമായും എല്ലാ മത്സരത്തിലും സംഭവിക്കുന്നതാണ്. പെർഫെക്റ്റ് ആയ ഒരു ഒരു കളിക്കാനാവില്ല. എന്നാൽ ഞാൻ എന്റെ സഹതാരങ്ങളുടെ പ്രകടനത്തിൽ അഭിമാനം കൊള്ളുന്നു.

ടീമിനെ അത്രയും പിന്തുണച്ച ഇന്ത്യൻ ജനതയ്ക്ക് കപ്പ് ഉയർത്തുന്നത് കാണാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. ടീം വിജയിച്ചിരുന്നുവെങ്കിൽ അവരെല്ലാം വലിയ ആഹ്ലാദത്തിലാകുമായിരുന്നു. പക്ഷേ ഞങ്ങൾക്ക് അതിന് കഴിഞ്ഞില്ല.ലോകകപ്പിന് ശേഷം എവിടെ പോയാലും ആളുകൾ അടുത്തേക്ക് വന്ന് ആശ്വസിപ്പിക്കുകയും പിന്തുണച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. ഒന്നരമാസക്കാലം ടീമിനെ അവർ അകമഴിഞ്ഞ് പിന്തുണച്ചു.

ടീമിലെ ഓരോ താരങ്ങളേയും സ്റ്റേഡിയത്തിലെത്തിയും വീട്ടിൽ ടിവിയിൽ കളി കണ്ടും രാജ്യം പിന്തുണച്ചു. അത് വളരെ മനോഹരമായ കാര്യമാണ്.ലോകകപ്പിൽ ഇത്രും മനോഹരമായി കളിക്കുകയെന്നത് എല്ലായിപ്പോഴും സംഭവിക്കുന്നകാര്യമല്ല. പക്ഷേ എന്നിട്ടും കിരീടം നേടാൻ കഴിയാത്തത് ഇപ്പോഴും വേദനയുണ്ടാക്കുന്നുണ്ട്. അതേക്കുറിച്ച് ആലോചിച്ചാൽ ഞാൻ കൂടുതൽ നിരാശനാകുകയേയുള്ളൂ- രോഹിത് കൂട്ടിച്ചേർത്തു.

ഫൈനൽ വരെയുള്ള ഇന്ത്യയുടെ പ്രകടനത്തിൽ ആരാധകർക്ക് മതിപ്പുണ്ടായിരുന്നു. എല്ലാവരും ടീമിനെ ആത്മാർത്ഥമായി പിന്തുണച്ചു. എന്നാൽ ഫൈനലിൽ നിന്നേറ്റ ഷോക്കിൽ നിന്ന് തിരിച്ചുകയറാൻ പാടുപെട്ടു. അതുകൊണ്ടുതന്നെയാണ് ഒരു ഇടവേളയെടുക്കാനും യാത്ര നടത്താനും താൽപര്യം തോന്നിയത്.'' രോഹിത് പറഞ്ഞുനിർത്തി.

ഏകദിന ലോകകപ്പിന് ശേഷം അദ്ദേഹം ഇടവേളയെടുത്തിരുന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരായ നിശ്ചിത ഓവർ പരമ്പരയിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് തിരിച്ചെത്തും.