പെർത്ത്: തന്റെ കരിയറിലെ അവസാന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ഓസ്‌ട്രേലിയൻ ഓപണിങ് ബാറ്റർ ഡേവിഡ് വാർണർ. പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം മിന്നുന്ന സെഞ്ചുറി നേടി വാർണറിന്റെ ബാറ്റിങ് മികവിൽ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 346 റൺസ് എന്ന നിലയിലാണ്. 211 പന്തുകളിൽ നിന്നും 16 ബൗണ്ടറികളുടേയും നാല് സിക്‌സറുകളുടേയും അകമ്പടിയോടെയാണ് ടെസ്റ്റ് കരിയറിലെ 26ാം സെഞ്ച്വറി 37കാരൻ കുറിച്ചത്.

ഇതോടെ വാർണറെ വിമർശിച്ച് രംഗത്തെത്തിയിരുന്ന മുൻ സഹതാരം മിച്ചൽ ജോൺസനെതിരെ ട്രോളുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. വാർണറുടെ സെഞ്ച്വറി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് ഇത് മിച്ചൽ ജോൺസനുള്ള 'സമർപ്പണ'മാണെന്നാണ് ആരാധകരുടെ പരിഹാസം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ റെഡ് ബോൾ കരിയർ അവസാനിക്കാൻ കാത്തിരിക്കുന്ന വാർണറെ ഹീറോയുടെ പരിവേഷം നൽകി യാത്രയാക്കേണ്ടതില്ലെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ വിവാദത്തിലെ വില്ലന്മാരിൽ ഒരാളാണ് വാർണർ എന്നും മുൻ സഹതാരം മിച്ചൽ ജോൺസൺ തുറന്നടിച്ചിരുന്നു. മിച്ചലിന്റെ പരിഹാസത്തിന് ബാറ്റുകൊണ്ടാണ് സ്വന്തം ആരാധകർക്ക് മുന്നിൽ വാർണർ മറുപടി നൽകിയത്.

വാർണർക്ക് വിടവാങ്ങൽ ടെസ്റ്റിന് വേദിയൊരുക്കാനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മിച്ചൽ ജോൺസൻ രംഗത്തെത്തിയത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് സിഡ്നിയിൽ കളിച്ച് വിടവാങ്ങാനാണ് ആഗ്രഹമെന്ന് വാർണർ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ജോൺസൻ രംഗത്ത് വന്നത്. പന്ത് ചുരണ്ടൽ വിവാദത്തിലൂടെ രാജ്യത്തിന് നാണക്കേടുണ്ടാക്കിയയാളാണ് വാർണറെന്നും അത്തരമൊരാൾക്ക് വീരപരിവേഷം നൽകുന്നതിനോട് യോജിക്കാനാവില്ലെന്നും പറഞ്ഞ ജോൺസൻ, വിരമിക്കൽ വേദിയെക്കുറിച്ച് അദ്ദേഹം സ്വയം തീരുമാനമെടുക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും ചോദിച്ചിരുന്നു.

''നമ്മൾ ഡേവിഡ് വാർണറുടെ ടെസ്റ്റ് വിരമിക്കൽ പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ്. എന്തിനാണ് വാർണർക്ക് ഇത്ര ഗംഭീരമായ യാത്രയപ്പ് എന്ന് ആരെങ്കിലും പറഞ്ഞുതരണം. ടെസ്റ്റിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന വാർണർ എന്തിന് സ്വന്തം വിരമിക്കൽ തിയതി പ്രഖ്യാപിക്കണം? ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നിലെ പ്രധാനിക്ക് എന്തിന് ഹീറോയുടെ പരിവേഷത്തോടെ യാത്രയപ്പ് നൽകണം?'' എന്നാൽ മിച്ചൽ ജോൺസൺ ചോദിച്ചത്.

2018ലെ കുപ്രസിദ്ധമായ പന്ത് ചുരണ്ടൽ വിവാദത്തിലെ വാർണറുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് ജോൺസന്റെ രൂക്ഷ വിമർശനം. പന്ത് ചുരണ്ടൽ വിവാദത്തിൽ ഡേവിഡ് വാർണറെ ക്രിക്കറ്റ് ഓസ്‌ട്രേലിയ 12 മാസത്തേക്ക് വിലക്കിയിരുന്നു. എന്നാൽ മിച്ചലിനെതിരെ വാർണർ ഒരുക്ഷരം മിണ്ടിയിരുന്നില്ല. എന്നാൽ അതിനുള്ള മറുപടി പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ തന്നെ വാർണർ കൊടുത്തു. അതും സെഞ്ചുറി നേടികൊണ്ട്. സെഞ്ചുറി തികച്ചയുടനെയുള്ള വാർണറുടെ ആഘോഷത്തിൽ മിച്ചലിനുള്ള മറുപടിയുണ്ടായിരുന്നു. വായുവിൽ ഉയർന്ന ചാടിയ വാർണർ പ്രത്യേക രീതിയിലുള്ള ആക്ഷനും കാണിച്ചു. ഏതാണ്ട് വെള്ളം കുടിക്കുന്നത് പോലെ.

വാർണറുടെ സെഞ്ചുറിയുടെ മികവിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 346 റൺസ് എന്ന നിലയിലാണ്. മിച്ചൽ മാർഷ് (15), അലക്സ് ക്യാരി (14) എന്നിവരാണ് ക്രീസിൽ. വാർണർക്ക് പുറമെ ഉസ്മാൻ ഖവാജ (41), മർനസ് ലബുഷെയ്ൻ (16), സ്റ്റീവൻ സ്മിത്ത് (31), ട്രാവിസ് ഹെഡ് (40) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഖുറാം ഷെഹ്സാദ്, ഷഹീൻ അഫ്രീദി, ഫഹീം അഷ്റഫ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.