മുംബൈ: ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ പരാജയപ്പെട്ടതിന്റെ കനത്ത ആഘാതത്തിലിരുന്ന ഇന്ത്യൻ ടീം അംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസ്സിങ് റൂമിൽ എത്തിയത് വലിയ ആശ്വാസവും പ്രചോദനവുമായെന്ന് വെളിപ്പെടുത്തി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഇന്ത്യയുടെ തോൽവിയിൽ ടീം അംഗങ്ങൾ ആകെ മാനസികമായി തകർന്നിരുന്നുവെന്നും തോൽവിയുടെ ആഘാതം മറികടക്കാൻ മോദിയുടെ സന്ദർശനം ഒരുപാട് സഹായിച്ചുവെന്നും ഷമി പറയുന്നു. ഭക്ഷണം പോലും ഇറങ്ങാത്ത മാനസികാവസ്ഥയിലായിരുന്നു കളിക്കാരെല്ലാം ഡ്രസ്സിങ് റൂമിൽ ഇരുന്നിരുന്നതെന്നും ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ ഷമി പറഞ്ഞു.

ഞങ്ങളുടെ രണ്ടു മാസത്തെ പ്രയത്‌നമാണ് ഒറ്റ ദിവസത്തെ മോശം കളിയിലൂടെ ഇല്ലാതായത്. ഫൈനൽ തോൽവിക്ക് ശേഷം ഭക്ഷണം പോലും ഇറങ്ങാത്ത മാനസികാവസ്ഥിലായിരുന്നു ഞങ്ങളെല്ലാം. പെട്ടെന്നാണ് അപ്രതീക്ഷതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളുടെ ഡ്രസ്സിങ് റൂമിലെത്തിയത്. അദ്ദേഹം വരുമെന്ന യാതൊരു സൂചനയും ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ഡ്രസ്സിങ് റൂമിലെത്തിയപ്പോൾ ഞങ്ങളെല്ലാം ഞെട്ടിപ്പോയി.

രാജ്യത്തിന്റെ പ്രധാനമന്ത്രി വരുമ്പോൾ നമ്മൾ തല ഉയർത്തി നിൽക്കണമല്ലോ. തകർന്നു നിൽക്കുമ്പോഴും ഞങ്ങൾ അദ്ദേഹത്തിന് മുന്നിൽ തല ഉയർത്തി നിന്നു. ഞങ്ങളോടരോരുത്തരോടും സംസാരിച്ച അദ്ദേഹം ഞങ്ങളെ ആശ്വസിപ്പിച്ചു. അദ്ദേഹം വന്നു പോയതിനുശേഷമാണ് ഞങ്ങൾ കളിക്കാർ പരസ്പരം സംസാരിക്കാൻ പോലും തുടങ്ങിയത്. ഈ തോൽവി മറന്ന് മുന്നോട്ട് പോയെ പറ്റൂവെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം തോൽവിയുടെ ആഘാതം മറികടക്കാൻ ഞങ്ങളെ ഒരുപാട് സഹായിച്ചു-ഷമി പറഞ്ഞു.

ലോകകപ്പിനുശേഷം വിശ്രമം എടുത്ത ഷമി ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള തയ്യാറെടുപ്പിലാണിപ്പോൾ. ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റശേഷം ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഡ്രസ്സിങ് റൂമിലെത്തി നേരിൽ കണ്ട് ആശ്വസിപ്പിച്ചിരുന്നു. ഇതൊക്കെ സംഭവിക്കുമെന്നും തുടർച്ചയായി പത്തു കളികൾ ജയിച്ച് ഫൈനലിലെത്തിയ നിങ്ങൾ രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ലോകകപ്പ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായപ്പോൾ ഓസ്‌ട്രേലിയ ട്രാവിസ് ഹെഡിന്റെ സെഞ്ചുറി മികവിൽ 44 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി ആറാം കിരീടം സ്വന്തമാക്കിയിരുന്നു.

ലോകകപ്പിൽ ആദ്യ നാലു മത്സരങ്ങൾ കളിക്കാതിരുന്ന ഷമി, പിന്നീടുള്ള ഏഴു കളികളിൽനിന്ന് 24 വിക്കറ്റുകളാണു വീഴ്‌ത്തിയത്. ഉത്തർപ്രദേശിൽനിന്നുള്ള താരം ലോകകപ്പിൽ മൂന്നു വട്ടം അഞ്ചു വിക്കറ്റു നേട്ടത്തിലെത്തി. ന്യൂസീലൻഡിനെതിരായ സെമിയിൽ ഷമി ഏഴു വിക്കറ്റുകൾ നേടി. ശ്രീലങ്കയ്‌ക്കെതിരെ താരം അഞ്ചു വിക്കറ്റു നേടിയ മത്സരത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയും ഉയർന്നിരുന്നു.

വാങ്കഡെ സ്റ്റേഡിയത്തിൽ അഞ്ചാം വിക്കറ്റ് നേടിയ ശേഷം ഷമി ഗ്രൗണ്ടിൽ മുട്ടുകുത്തി ഇരുന്നു. ഗ്രൗണ്ടിൽവച്ച് പ്രാർത്ഥിക്കാൻ മുഹമ്മദ് ഷമിക്കു താൽപര്യമുണ്ടായിരുന്നെങ്കിലും അദ്ദേഹം ഭയന്നെന്നായിരുന്നു എക്‌സ് പ്ലാറ്റ്‌ഫോമിലെ ചില പ്രതികരണങ്ങൾ. അതേസമയം ഇത്തരം വാദങ്ങളെ പൂർണമായി തള്ളിയിരിക്കുകയാണ് ഷമിയിപ്പോൾ. ആർക്കെങ്കിലും പ്രാർത്ഥിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ആരാണ് അവരെ തടയുകയെന്ന് ഒരു അഭിമുഖത്തിനിടെ ഷമി ചോദിച്ചു.

''ആർക്കെങ്കിലും പ്രാർത്ഥിക്കണമെന്നുണ്ടെങ്കിൽ ആരാണ് അവരെ തടയുന്നത്? എനിക്കു പ്രാർത്ഥിക്കണമെന്നുണ്ടെങ്കിൽ ഞാൻ അതു ചെയ്യുമായിരുന്നു. അതിൽ എന്താണു പ്രശ്‌നമുള്ളത്. ഞാനൊരു മുസ്‌ലിം ആണെന്ന് അഭിമാനത്തോടെ പറയും. ഇന്ത്യക്കാരനാണെന്നും ഞാൻ അഭിമാനത്തോടെയാണു പറയുന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ത്യയിൽ ജീവിക്കില്ലായിരുന്നു.''

''പ്രാർത്ഥിക്കാൻ ആരുടെയെങ്കിലും അനുവാദം വാങ്ങണമെങ്കിൽ, ഞാനെന്തിന് ഇവിടെ നിൽക്കണം? ഞാനും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ കണ്ടിരുന്നു. എനിക്കു മുൻപും അഞ്ചു വിക്കറ്റുകൾ കിട്ടിയിട്ടുണ്ട്. അന്നു ഞാൻ പ്രാർത്ഥിച്ചിരുന്നോ? ഞാൻ അതു ചെയ്യണമെന്നുണ്ടെങ്കിൽ പറഞ്ഞാൽ മതി, ചെയ്യാം. ഇന്ത്യയിൽ എവിടെയും അതിനു സാധിക്കും. ആർക്കും എന്നെ തടയാൻ സാധിക്കില്ല. എനിക്കു ക്ഷീണം ഉണ്ടായതിനാലാണു ഗ്രൗണ്ടിൽ ഇരുന്നത്. ആളുകൾ അതിനെ വേറൊരു രീതിയിൽ എടുത്തു.'' എന്നായിരുന്നു മുഹമ്മദ് ഷമി പറഞ്ഞത്.