കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇന്ത്യൻ താരം ശ്രേയസ് അയ്യർ തന്നെ നയിക്കും. നിതീഷ് റാണയാണ് ഉപനായകൻ. കെ.കെ.ആർ സിഇഒ വെങ്കി മൈസൂർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിതീഷ് റാണയെ നായകനായി തുടരാൻ അനുവദിക്കണമെന്ന ഗൗതം ഗംഭീറിന്റെ ആവശ്യം ടീം അധികൃതർ നിരസിച്ചു.

കഴിഞ്ഞ സീസണിൽ ശ്രേയസിന് കളിക്കാനാവാഞ്ഞത് നിർഭാഗ്യകരമാണെന്നും അദ്ദേഹം ക്യാപ്റ്റനായി തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്നും  വെങ്കി മൈസൂർ പറഞ്ഞു. ശ്രേയസിന് കീഴിൽ നിതീഷ് റാണ വൈസ് ക്യാപ്റ്റനാകുമെന്നും അദ്ദേഹത്തെ കൊണ്ട് കഴിയുന്ന രീതിയിൽ ശ്രേസയിനെ പിന്തുണക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ടെന്നും വെങ്കി മൈസൂർ വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ ശ്രേയസ് പരിക്കേറ്റ് പുറത്തായതോടെ നിതീഷ് റാണയായിരുന്നു ശേഷിച്ച മത്സരങ്ങളിൽ ടീമിനെ നയിച്ചത്. എന്നാൽ, ടീം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച ഏഷ്യാ കപ്പിലൂടെയായിരുന്നു ശ്രേയസിന്റെ തിരിച്ചുവരവ്. ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.

ഗൗതം ഗംഭീർ മെന്ററായി എത്തുന്ന കാര്യവും ടീം അധികൃതർ സ്ഥിരീകരിച്ചു. 2012ലും 2014ലും കൊൽക്കത്തയെ ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ചത് ഗംഭീർ ആയിരുന്നു. കഴിഞ്ഞ രണ്ടു സീസണിലും ലഖ്‌നോ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായിരുന്നു ഗംഭീർ.

ശ്രേയസ് അയ്യർക്ക് പകരം നിതീഷ് റാണയെ ക്യാപ്റ്റനാക്കാനുള്ള ടീം മെന്റർ ഗൗതം ഗംഭീറിന്റെ നീക്കം ടീമിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ക്ലബിന്റെ മെന്ററായി ചുമതലയേറ്റ ഗൗതം ഗംഭീറിന്റെ പിന്തുണ നിതീഷ് റാണയ്ക്കാണെന്നും റാണയെ നിലനിർത്തണമെന്ന് ഗംഭീർ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഗംഭീറും നിതീഷ് റാണയും ഒരേ കോച്ചിന് കീഴിൽ കളി പഠിച്ചിരുന്നവരും ഡൽഹിക്ക് വേണ്ടി ഒരുമിച്ച് കളിച്ചവരുമാണ്. റാണയ്ക്ക് വേണ്ടി ഗംഭീറിന് വേണ്ടി വാദിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. മാത്രമല്ല ഗംഭീർ പ്രതികാരം തീർക്കുകയാണെന്നും വാദമുണ്ടായിരുന്നു.

2018 ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിൽ മോശം പ്രകടനത്തെ തുടർന്ന് ഗൗതം ഗംഭീറിന് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു. പകരം ക്യാപ്റ്റനായത് ശ്രേയസായിരുന്നു. ഇതിന്റെ കലിപ്പ് ഗംഭീറിന് തീർന്നിട്ടില്ലെന്നും ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.