കൊൽക്കത്ത: ട്വന്റി 20, ഏകദിന പരമ്പരകൾക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കായി തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടിയായി സ്റ്റാർ പേസർ മുഹമ്മദ് ഷമിയുടെ പരിക്ക്. കണങ്കാലിന് പരിക്കേറ്റ പേസർ മുഹമ്മദ് ഷമിക്ക് ടെസ്റ്റ് പരമ്പരയിൽ കളിക്കാനാവില്ലെന്നാണ് റിപ്പോർട്ട്. ടെസ്റ്റ് പരമ്പരയിൽ കളിക്കുന്ന ഇന്ത്യൻ സംഘം വെള്ളിയാഴ്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിക്കാനിരിക്കുകയാണ്. രോഹിത്തിന് പുറമെ വിരാട് കോലി, പേസർ ജസ്പ്രീത് ബുമ്ര, ആർ അശ്വിൻ എന്നിവർക്കൊപ്പം ഷമി പോകില്ലെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നു.

ദക്ഷിണാഫ്രിക്കാൻ മണ്ണിൽ ആദ്യത്തെ ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ സ്വപ്നത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരിക്കുകയാണ്. സ്റ്റാർ പേസർ മുഹമ്മദ് ഷമി കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ടെസ്റ്റ് ടീമിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.

ഷമിയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കായികക്ഷമത തെളിയിച്ചാൽ മാത്രമെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കൂവെന്ന് ടീം സെലക്ഷൻ സമയത്ത് സെലക്ടർമാർ വ്യക്തമാക്കിയിരുന്നു. ലോകകപ്പിൽ 24 വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയ ഷമി കണങ്കാലിനേറ്റ പരിക്കുവച്ചാണ് പന്തെറിഞ്ഞതെന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഷമി കളിക്കില്ലെന്ന് ഉറപ്പായെങ്കിലും പകരക്കാരനെ സെലക്ടർമാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ലോകകപ്പിലെ ലീഗ് റൗണ്ടിലെ ആദ്യ നാലു മത്സരങ്ങളിൽ പുറത്തിരുന്ന താരം, പിന്നീടുള്ള മത്സരങ്ങളിൽ അവിശ്വസനീയ ബൗളിങ്ങുമായി ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തി. ഏഴു മത്സരങ്ങളിൽനിന്ന് 24 വിക്കറ്റുകൾ വീഴ്‌ത്തി ലോകകപ്പിലെ വിക്കറ്റുവേട്ടക്കാരിൽ ഒന്നാമനായി. താരത്തിന്റെ അസാന്നിധ്യം ഇന്ത്യക്ക് വലിയ തിരിച്ചടിയാകും. ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് സ്‌ക്വഡിലുള്ള മറ്റു ഫൗസ്റ്റ് ബൗളർമാർ. പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാർ, ശാർദുൽ ഠാകൂർ എന്നിവരാണ് ടീമിലുള്ള ബാക്കി പേസർമാർ. ഷമിക്ക് കളിക്കാനായില്ലെങ്കിൽ പകരക്കാരനായി പ്രസിദ്ധ് കൃഷ്ണ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. ഡിസംബർ 26ന് സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റ്. ജനുവരി ഏഴിന് കേപ് ടൗണിൽ രണ്ടാം ടെസ്റ്റും നടക്കും.

ദക്ഷിണാഫ്രിക്കയിലേക്ക് ഏകദിന, ട്വന്റി 20 ടെസ്റ്റ് പരമ്പരകൾക്കായി വ്യത്യസ്ത ടീമുകളെയാണ് ഇത്തവണ അയച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഏകദിന, ട്വന്റി 20 ടീമുകളിലെ പേസർമാരിൽ നിന്ന് തന്നെ ഷമിയുടെ പകരക്കാരനെയും സെലക്ടർമാർ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 26നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പരയിൽ രണ്ട് ടെസ്റ്റുകളാണുള്ളത്. ഷമിക്ക് പകരം പേസർ ആവേശ് ഖാനോ അർഷ്ദീപ് സിങോ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ഇടം നേടാൻ സാധ്യതയുണ്ട്

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, കെ.എൽ. രാഹുൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, പ്രസീദ്ധ് കൃഷ്ണ.