ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയോടുള്ള ആദരവ് പ്രകടപ്പിച്ച് ബിസിസിഐ. കരിയറിൽ ധോണി ഏറ്റവും കൂടുതൽ ധരിച്ച ഏഴാം നമ്പർ ജഴ്‌സി ബിസിസിഐ പിൻവലിച്ചു. ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും മികച്ച നായകനും ടീമിന് വലിയ സംഭാവനകൾ നൽകിയ നായകനുമാണ് ധോണി. മുമ്പ് സച്ചിൻ തെണ്ടുൽക്കറുടെ 10-ാം നമ്പർ ജഴ്‌സിയും ആദര സൂചകമായി ബിസിസിഐ പിൻവലിച്ചിരുന്നു.

ഏഴാം നമ്പർ ജഴ്സി ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ധോണിയുടെ പര്യായമായി അറിയപ്പെടും. ഈ നമ്പറിലെ ജഴ്സി ഇനി ആർക്കും നൽകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സിഐ.) അറിയിച്ചു. ഇന്ത്യക്ക് ഐ.സി.സി. കിരീടങ്ങൾ ഏറ്റവും കൂടുതൽ നേടിത്തന്ന ക്യാപ്റ്റൻ എന്നതടക്കമുള്ള ധോണിയുടെ ക്രിക്കറ്റിലെ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. ധോണി വിരമിച്ച് മൂന്ന് വർഷങ്ങൾക്കുശേഷമാണ് തീരുമാനം.

നേരത്തേ ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ നമ്പർ 10 ജഴ്സിയും ഇതുപോലെ മറ്റാർക്കെങ്കിലും നൽകുന്നത് നിർത്തിയിരുന്നു. സച്ചിനുശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററായിരിക്കുകയാണ് ധോണി. പത്താംനമ്പർ ജഴ്സി ആർക്കും അനുവദിക്കാത്തതുപോലെ ഏഴാംനമ്പർ ജഴ്സിയും ഇനിമുതൽ ആർക്കും ധരിക്കാൻ കഴിയില്ലെന്ന് ബി.സി.സിഐ. ഇന്ത്യൻ ടീം താരങ്ങളെ അറിയിച്ചതായാണ് റിപ്പോർട്ട്.

ഇന്ത്യയുടെ പേസർ ശർദുൽ ഠാക്കൂർ, തുടക്കകാലത്ത് പത്താംനമ്പർ ജഴ്സിയണിഞ്ഞായിരുന്നു കളിക്കളത്തിയിലെത്തിയിരുന്നത്. ഇത് ചർച്ചയ്ക്ക് വഴിവെച്ചു. തുടർന്ന് 2017 മുതൽ സച്ചിൻ ഉപയോഗിച്ച പത്താംനമ്പർ ജഴ്സിയിൽ മറ്റാരെങ്കിലും കളിക്കുന്നത് ബി.സി.സിഐ. വിലക്കി. ശർദുൽ ഠാക്കൂറിന് പിന്നീട് 54 നമ്പർ ജഴ്സിയാണ് നൽകിയത്.

ജൂലായ് ഏഴിനാണ് ധോനിയുടെ ജന്മദിനം. മാസവും ദിവസവും ഏഴായിരിക്കുന്ന സ്ഥിതി പരിഗണിച്ചാണ് ഏഴാംനമ്പർ ജഴ്സി തിരഞ്ഞെടുത്തതെന്ന് ധോനി മുൻപ് വെളിപ്പെടുത്തിയിരുന്നു. ഏഴ് തന്റെ ഭാഗ്യനമ്പറാണെന്നും മുൻ വിക്കറ്റ് കീപ്പർ വിശ്വസിച്ചു. 2004-ലാണ് ക്രിക്കറ്റിൽ ധോനിയുടെ അരങ്ങേറ്റം.

പുതുമുഖ താരങ്ങളിൽ പലരും നമ്പറുകൾ പ്രത്യേകം ആവശ്യപ്പെടാറുണ്ട്. ഈ വർഷം രാജ്യാന്തര അരങ്ങേറ്റം കുറിച്ച യശസ്വി ജയ്സ്വാൾ 19-ാം നമ്പർ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നേരത്തേതന്നെ ദിനേഷ് കാർത്തിക്കിന് നൽകിയതായിരുന്നു. ഇന്ത്യൻ ഓപണർ ശുഭ്മാൻ ഗിൽ ഏഴാംനമ്പർ ജഴ്സി ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. പകരം 77-ാം നമ്പർ നൽകി.

കളിക്കാരോടുള്ള ബഹുമാനാർഥം ജഴ്സി നമ്പർ അനുവദിക്കുന്നത് നിർത്തിയ സംഭവം ഐ.പി.എലിലുമുണ്ടായിട്ടുണ്ട്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 17, 333 നമ്പർ ജഴ്സി അണിയുന്നതിൽനിന്ന് താരങ്ങളെ വിലക്കിയിട്ടുണ്ട്. ബെംഗളൂരുവിന്റെ ദക്ഷിണാഫ്രിക്കൻ ഇതിഹാസതാരം എ.ബി. ഡിവില്ലിയേഴ്സിന്റേതാണ് 17-ാം നമ്പർ ജഴ്സി. വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിലിന്റെ ജഴ്സി നമ്പറാണ് 333. ഓസ്ട്രേലിയൻ മുൻതാരം ഫിലിപ് ഹ്യൂജ്സിന്റെ മരണാനന്തരം, അദ്ദേഹത്തിന്റെ ജഴ്സി നമ്പറായ 64 മറ്റാരെങ്കിലും ഉപയോഗിക്കുന്നതിൽനിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിട്ടുണ്ട്.

ഐ.സി.സി. നിയമപ്രകാരം ഒന്നുമുതൽ നൂറുവരെയുള്ള സംഖ്യകളിൽ കളിക്കാർക്ക് ഇഷ്ടമുള്ള ഏത് സംഖ്യയും തിരഞ്ഞെടുക്കാം. എന്നാൽ ബി.സി.സിഐ. തീരുമാനപ്രകാരം 60 ഒറ്റ അക്ക സംഖ്യകളാണുള്ളത്. ഇതിൽനിന്നേ ഇന്ത്യൻ കളിക്കാർക്ക് സംഖ്യ തിരഞ്ഞെടുക്കാനാവൂ. ഒരു താരം ഒരുവർഷത്തിലധികം ടീമിന് പുറത്തിരിക്കേണ്ടിവന്നാലും പുതിയ കളിക്കാരന് അദ്ദേഹത്തിന്റെ നമ്പർ ലഭിക്കില്ലെന്ന് ബി.സി.സിഐ. അറിയിച്ചിട്ടുണ്ട്. പുതുതായി ടീമിലെത്തുന്ന ഒരു താരത്തിന് 30 ഓളം വ്യത്യസ്ത നമ്പറുകളിൽ നിന്ന് ജഴ്‌സി തിരഞ്ഞെടുക്കാനും നിലവിൽ സാധിക്കും.