മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വൻ മുന്നേറ്റത്തിന് പിന്നാലെ അതിവേഗ ക്രിക്കറ്റിന്റെ പുതിയ ഫോർമാറ്റ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ടി10 ക്രിക്കറ്റ് ലീഗിന് ബിസിസിഐ മുൻകൈ എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

2007ൽ നടന്ന ആദ്യ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് അവതരിപ്പിച്ചതും വൻ വിജയമായി മാറിയതും. ഐപിഎല്ലിന് ശേഷം ക്രിക്കറ്റിൽ പുതിയൊരു പരീക്ഷണത്തിന് ബിസിസിഐ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

ട്വന്റി 20 ക്രിക്കറ്റിനും ഐപിഎൽ ബ്രാൻഡിനും ഇപ്പോഴും ഇടിവൊന്നും വന്നിട്ടില്ലെങ്കിലും ലോകമാകെ ടി10 ക്രിക്കറ്റിന് ലഭിക്കുന്ന പ്രചാരം കണക്കിലെടുത്ത് ടി10 ലീഗ് തുടങ്ങാനാണ് ബിസിസിഐ പദ്ധതിയിടുന്നതെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു. ബിസിസിഐ സെക്രട്ടറി ജയ് ഷാ നിർദിഷ്ട ലീഗിന്റെ ബ്ലൂപ്രിന്റിനായി പ്രവർത്തിക്കുകയാണെന്ന് അതിൽ പറയുന്നു.

ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ രൂപമായ 20 ഓവർ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉള്ള ലീഗിന് കാഴ്ചക്കാരുടെ എണ്ണത്തിലും മൂല്യനിർണ്ണയത്തിലും വർദ്ധനവ് ഉണ്ടായ സമയത്താണ് പുതിയ ലീഗ് വരുന്നത്. ഏകദേശം 10.7 ബില്യൺ ഡോളർ മൂല്യമുള്ള ഐപിഎൽ വലിയ കുതിപ്പാണ് നടത്തുന്നതെന്ന് അടുത്തിടെ പുറത്തുവന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ, ബിസിസിഐ നിർദ്ദേശിക്കുന്ന, ഐപിഎലിന് സമാനമായ ഏത് പുതിയ മോഡലും നിരസിക്കാൻ ഫ്രാഞ്ചൈസികൾക്ക് അവകാശമുണ്ടെന്ന് മണികൺട്രോൾ റിപ്പോർട്ട് പറയുന്നു. ഈ പുതിയ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് ബിസിസിഐ പരിഗണിക്കേണ്ട ചില പ്രധാന ഘടകങ്ങളുണ്ടെന്ന് ലീഗിനെക്കുറിച്ച് കൂടുതൽ അറിയാവുന്ന ആളുകൾ പറഞ്ഞു. ഐപിഎല്ലിന്റെ ജനപ്രീതി നശിപ്പിക്കാതിരിക്കാൻ പ്രായപരിധി ഉണ്ടായിരിക്കണം എന്നും മികച്ച വൈറ്റ്-ബോൾ ക്രിക്കറ്റ് താരങ്ങൾ ലീഗിൽ പങ്കെടുക്കുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കാമെന്നതും ഇതിൽ അവർ പറയുന്നു .

അടുത്ത വർഷം ഐപിഎല്ലിന് മുന്നോടിയായി ടി10 ലീഗ് നടത്താനുള്ള പദ്ധതികളാണ് ബിസിസിഐയുടെ പരിഗണനയിലുള്ളത്. ഇതിനായുള്ള തയ്യാറെടുപ്പുകൾ ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ താരങ്ങൾക്കെല്ലാം ഈ ടി10 ലീഗിൽ പങ്കെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കളിക്കാർക്ക് പ്രായപരിധിവെക്കുന്നതും പരിഗണനയിലുണ്ട്.

ഐപിഎല്ലിലേക്ക് കളിക്കാരെ സംഭാവന ചെയ്യുന്ന ലീഗ് എന്ന നിലയിൽ ടി10 ലീഗിനെ വളർത്തിക്കൊണ്ടുവരാനും ട10 ലീഗിന് ലഭിക്കുന്ന വമ്പിച്ച പ്രചാരം മുതലെടുക്കാനും ഇതിലൂടെ കഴിയുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ. ടി10 ലീഗിനായി പുതിയ ടീമുകളെ ക്ഷണിക്കണോ അതോ നിലവിലെ ഐപിഎൽ ടീമുകളെ ടി10 ലീഗിൽ കളിപ്പിച്ചാൽ മതിയോ എന്ന കാര്യത്തിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

ടി10 ലീഗിനായി പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിച്ചാൽ ബിസിസിഐക്ക് അതുവഴി വലിയ വരുമാനമുണ്ടാക്കാനാവും. എന്നാൽ ഐപിഎൽ പോലെ മറ്റ് ലീഗുകൾ തുടങ്ങാൻ ബിസിസിഐക്ക് ഐപിഎൽ ടീമുകളുടെയെല്ലാം അനുമതി ആവശ്യമുണ്ട്. ഐപിഎൽ ടീമുകളും ബിസിസിഐയും തമ്മിലുള്ള കരാർ അനുസരിച്ച് ഐപിഎൽ ടീമുകൾക്ക് ഫസ്റ്റ് റെഫ്യൂസൽ അവകാശമുണ്ട്. അതിനാൽ ഐപിഎൽ ടീമുകളുടെ നിലപാടായിരിക്കും ഇക്കാര്യത്തിൽ നിർണായകമാകുക.

നിലവിൽ അബുദാബി ടി10 ലീഗടക്കം വിവിധ ടി10 ലീഗുകളിൽ വിവിധ രാജ്യങ്ങളിലെ പ്രമുഖ താരങ്ങൾ കളിക്കുന്നുണ്ട്. ഇവരിൽ പലരും ഐപിഎല്ലിലും കളിക്കുന്നവരാണ്. ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ അനുമതി ഇല്ലാത്തതിനാൽ ബിസിസിഐ തുടങ്ങുന്ന ടി10 ലീഗിൽ ഇന്ത്യൻ താരങ്ങൾക്ക് കളിക്കാനായേക്കമെന്നാണ് ആരാധകർ കരുതുന്നത്.