- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് കിരീടങ്ങൾ സമ്മാനിച്ച രോഹിത് ശർമയ്ക്ക് പടിയിറക്കം; മുംബൈ ഇന്ത്യൻസിനെ നയിക്കാൻ പുതിയ ക്യാപ്റ്റൻ; ഹാർദിക് പാണ്ഡ്യയുടെ മടങ്ങിവരവ് ക്യാപ്റ്റൻ സ്ഥാനത്തോടെ; ഭാവി മുന്നിൽക്കണ്ട് തീരുമാനമെന്ന് ജയവർധനെ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിനെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നയിക്കും. അഞ്ച് തവണ മുംബൈ ഇന്ത്യൻസിന് ഐപിഎൽ കിരീടം സമ്മാനിച്ച രോഹിത് ശർമ്മയെ ഒഴിവാക്കിയാണ് പാണ്ഡ്യക്ക് നായകസ്ഥാനം നൽകുന്നത്. കഴിഞ്ഞ മാസമാണ് ഹാർദിക് ഗുജറാത്ത് ടൈറ്റൻസിൽനിന്ന് മുംബൈയിലേക്ക് എത്തിയത്. രോഹിത് ശർമയ്ക്ക് പകരം ഹാർദിക്കിനെ ക്യാപ്റ്റനാക്കുമെന്ന് നേരത്തേ അഭ്യൂഹമുയർന്നിരുന്നു.
ഭാവി മുന്നിൽക്കണ്ടാണ് ക്യാപ്റ്റനെ മാറ്റുന്നതെന്നും 2024 സീസണിൽ മുംബൈയെ ഹാർദിക് നയിക്കുമെന്നും മുംബൈ ടീമിന്റെ പെർഫോമൻസ് മാനേജർ മഹേള ജയവർധനെ പ്രസ്താവനയിൽ പറഞ്ഞു. 2013 മുതൽ രോഹിത്തിനു കീഴിൽ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ ഇന്ത്യൻസിനായി ക്യാപ്റ്റനെന്ന നിലയിൽ മികച്ച പ്രകടനം നടത്തിയ രോഹിത് ശർമ്മയോട് നന്ദി പറയുകയാണ്. അസാധാരണമായ മികവാണ് നായകനെന്ന നിലയിൽ 2013 മുതൽ രോഹിത് ശർമ്മ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഹിത്തിന്റെ കൂടെ നിർദേശങ്ങൾ അനുസരിച്ചാണ് ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുന്നതെന്നും ക്ലബ് അറിയിച്ചു.
രോഹിത് ശർമയുടെ നീണ്ടക്കാലത്തെ ക്യാപ്റ്റൻസിക്ക് ശേഷമാണ് മുംബൈയ്ക്ക് പുതിയ നായകനുണ്ടാകുന്നത്. രോഹിത് അടുത്തസീസണിലും ടീമിൽ ഭാഗമാണെന്നിരിക്കെയാണ് മാറ്റത്തിന് മുംബൈ തയ്യാറായിരിക്കുന്നത്.
മുംബൈ ഇന്ത്യൻസ്, രോഹിത് ശർമ്മ ആരാധകരെ സംബന്ധിച്ച വളരെ നിരാശയുളവാക്കുന്നതാണ് തീരുമാനം. ഐപിഎല്ലിൽ ഒരു കിരീടം ഇല്ലാതെ ആദ്യ അഞ്ച് സീസൺ കളിച്ച മുംബൈയെ പിന്നീട് അഞ്ച് തവണയാണ് രോഹിത് കിരീടമണിയിച്ചത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന വിശേഷണമുള്ള രോഹിത്തിനെ മാനേജ്മെന്റ് നായകസ്ഥാനത്ത് നിന്ന് നീക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല.
ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് തുടരുന്നതിനിടെയാണ് മുംബയ് രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരിക്കുന്നത്. നേരത്തെ കാമറൂൺ ഗ്രീനിനെ ആർസിബിക്ക് നൽകി ഹാർദിക് പാണ്ഡ്യയെ മുംബയിലേക്ക് എത്തിക്കുന്നതിൽ രോഹിത്തിന് എതിർപ്പുണ്ടെന്ന അഭ്യൂഹമുണ്ടായിരുന്നു. മുമ്പ് ടീം വിട്ട ശേഷം മുംബയെ പരസ്യമായി തള്ളിപ്പറഞ്ഞ വ്യക്തിയാണ് ഹാർദിക്ക് പാണ്ഡ്യ.
2013ൽ റിക്കി പോണ്ടിങ്ങിൽനിന്ന് ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത രോഹിത്ത് ടീമിനെ അഞ്ച് സീസണിൽ കിരീട നേട്ടത്തിലെത്തിച്ചു. 2015 മുതൽ 2021 വരെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന ഹാർദിക് ടീമിനായി 92 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിൽ ടൈറ്റൻസിനെ നയിച്ച താരം, രണ്ടു തവണയും ടീമിനെ ഫൈനലിൽ എത്തിച്ചു. ഇതിൽ ഒരു തവണ വിജയികളാവുകയും ചെയ്തു.
ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഹാർദിക്കിനെ തിരിച്ചുപിടിച്ചത്. 15 കോടി രൂപ മൂല്യമുള്ള ഹാർദിക്കിനെ സ്വന്തമാക്കാൻ പഴ്‌സിൽ പണം ബാക്കിയില്ലെന്നതായിരുന്നു മുംബൈ നേരിട്ട പ്രധാന വെല്ലുവിളി. ഇതിനായി കഴിഞ്ഞവർഷത്തെ ലേലത്തിൽ 17.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിനു കൈമാറി. എട്ട് കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചറെ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയതിനു പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് പുതിയ ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. യുവതാരം ശുഭ്മൻ ഗില്ലാണ് ടൈറ്റൻസിന്റെ പുതിയ നായകൻ.
സ്പോർട്സ് ഡെസ്ക്