- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സായ് സുദർശന് അരങ്ങേറ്റം; ഗെയ്ക്വാദിനൊപ്പം ഓപ്പണറാകും; ഫിനിഷറുടെ റോളിൽ സഞ്ജു സാംസൺ; ഒന്നാം ഏകദിനത്തിൽ ജയത്തോടെ തുടങ്ങാൻ ഇന്ത്യ; ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും
ജോഹാനസ്ബർഗ്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യക്കായി സായ് സുദർശൻ ഏകദിന അരങ്ങേറ്റം കുറിക്കും. റുതുരാജ് ഗെയ്ക്വാദിനൊപ്പം ഓപ്പണറായാണ് സായ് സുദർശൻ ഇറങ്ങുന്നത്.
ലോകകപ്പ് ഫൈനലിലെ തോൽവിക്കുശേഷം ഇന്ത്യയുടെ ആദ്യ ഏകദിന മത്സരമാണിത്. രോഹിത്തും കോലിയുമില്ലാതെ മുമ്പും പരമ്പരകൾ കളിച്ചിട്ടുണ്ടെങ്കിലും ഭാവി ഇന്ത്യൻ ടീമിനെ കണ്ടെത്തുന്നതിന്റെ തുടക്കം എന്നനിലയ്ക്കാണ് ഇക്കുറി തീർത്തും പുതിയൊരു ടീമിനെ ഇറക്കുന്നത്. കെ.എൽ. രാഹുലാണ് ഇന്ത്യയുടെ ക്യാപ്റ്റൻ.
സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരുടെ അഭാവത്തിൽ രണ്ടാം നിര താരങ്ങൾക്ക് അവസരം ലഭിച്ചതോടെയാണ് യുവതാരത്തിന് അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയത്. റുതുരാജും സായ് സുദർശനും ഓപ്പണർമാരാകുമ്പോൾ ശ്രേയസ് അയ്യരാണ് മൂന്നാം നമ്പറിൽ ഇറങ്ങുന്നത്.
നാലാമനായി തിലക് വർമും അഞ്ചാമനായി ക്യാപ്റ്റൻ കെ എൽ രാഹുലും എത്തും. മലയാളി താരം സഞ്ജു സാംസണാണ് ഫിനിഷർ റോളിൽ ഇറങ്ങുന്നത്.റിങ്കു സിംഗിന് ഏകദിന അരങ്ങേറ്റത്തിന് അവസരമുണ്ടാകുമെന്ന് കരുതിയെങ്കിലും ആദ്യ മത്സരത്തിൽ സഞ്ജുവിനെ ഫിനിഷറാക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.
ബൗളിങ് ഓൾ റൗണ്ടറായി അക്‌സർ പട്ടേൽ ഇറങ്ങുമ്പോൾ കുൽദീപ് യാദവാണ് സ്‌പെഷലിസ്റ്റ് സ്പിന്നർ. മുകേഷ് കുമാർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ എന്നിവരാണ് പേസർമാരായി ടീമിലെത്തിയത്. ദക്ഷിണാഫ്രിക്കൻ ടീമിൽ നാന്ദ്രെ ബർഗർ ഏകദിന അരങ്ങേറ്റം കുറിക്കുന്നു. രണ്ട് സ്പിന്നർമാരുമായാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്.
ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും 270-298 റൺസാണ് വാണ്ടറേഴ്‌സിലെ ശരാശരി സ്‌കോർ. സ്‌ട്രെയിറ്റ് ബൗണ്ടറികൾ 77 മീറ്റർ ദൂരമുള്ള വാണ്ടറേഴ്‌സിൽ വശങ്ങളിലെ ബൗണ്ടറികൾക്ക് 59-69 മീറ്റർ ദൂരം മാത്രമാണുള്ളത്.
ദക്ഷിണാഫ്രിക്ക (പ്ലേയിങ് ഇലവൻ): റീസ ഹെൻഡ്രിക്സ്, ടോണി ഡി സോർസി, റാസി വാൻ ഡെർ ദസൻ, ഏയ്ഡൻ മാർക്രം, ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ,ടബ്രൈസ് ഷംസി.
ഇന്ത്യ (പ്ലേയിങ് ഇലവൻ): കെഎൽ രാഹുൽ, റുതുരാജ് ഗെയ്ക്വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, സഞ്ജു സാംസൺ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിങ്, അവേഷ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.
സ്പോർട്സ് ഡെസ്ക്