- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാണ്ടറേഴ്സിൽ ഇന്ത്യൻ കൊടുങ്കാറ്റ്; ചീട്ടുകൊട്ടരമായി തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; അഞ്ച് വിക്കറ്റുമായി പ്രോട്ടീസിനെ വിറപ്പിച്ച് അർഷ്ദീപ് സിങ്; നാല് വിക്കറ്റുമായി ആവേശ് ഖാനും; രണ്ടക്കം കാണാതെ ഏഴ് ബാറ്റർമാർ; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 117 റൺസ് വിജയലക്ഷ്യം
ജോഹാനസ്ബർഗ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴ്‌ത്തി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് ബാറ്റിങ് നിര 27.3 ഓവറിൽ 116 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. പത്ത് ഓവറിൽ 37 റൺസിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അർഷ്ദീപ് സിങ്ങാണ് പ്രോട്ടീസിനെ തകർത്തത്. എട്ട് ഓവറിൽ 27 റൺസിന് നാല് വിക്കറ്റ് വീഴ്‌ത്തിയ ആവേശ് ഖാൻ മികച്ച പിന്തുണ നൽകി. പ്രോട്ടീസ് ബാറ്റിങ് നിരയിലെ അവസാന വിക്കറ്റ് കുൽദീപ് യാദവിന്റെ വകയായിരുന്നു.
49 പന്തിൽ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 33 റൺസ് നേടിയ ആൻഡിലെ പെഹ്‌ലുക്വായോയാണ് പ്രോട്ടീസ് നിരയിലെ ടോപ് സ്‌കോറർ. 22 പന്തിൽ 28 റൺസ് എടുത്ത ടോണി ഡി സോർസിയും 21 പന്തിൽ 12 റൺസ് എടുത്ത ക്യാപ്റ്റൻ ഏയ്ഡൻ മാർക്രവും എട്ട് പന്തിൽ 11 റൺസ് എടുത്ത ടബരെയ്‌സ് ഷംസിയും മാത്രമാണ് പ്രോട്ടീസ് നിരയിൽ രണ്ടക്കം കടന്നത്. ഏഴ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി.
രണ്ടാം ഓവറിലെ നാലാം പന്തിൽ റീസ ഹെന്റിക്‌സിനെ പൂജ്യത്തിനു ബോൾഡാക്കി അർഷ്ദീപ് സിങ്ങാണ് ഇന്ത്യയുടെ വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത പന്തിൽ റാസി വാൻ ഡർ ദസനെ ഗോൾഡൻ ഡക്കാക്കി അർഷ്ദീപ് പ്രഹരം തുടർന്നു. ടോണി ഡെ സോർസിയും ക്യാപ്റ്റൻ എയ്ഡൻ മാർക്രമും ചേർന്നു രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും അധികനേരം ക്രീസിൽ തുടരാനായില്ല.
സ്‌കോർ 42 ൽ നിൽക്കെ ടോണി ഡെ സോർസിയെ അർഷ്ദീപ് വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ചു. ഹെന്റിച് ക്ലാസനെയും അർഷ്ദീപ് ബോൾഡാക്കി. 11ാം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ മാർക്രമിനെയും വിയാൻ മുൾഡറെയും ആവേശ് ഖാൻ മടക്കി. 13ാം ഓവറിൽ ആവേശ് ഖാന്റെ പന്തിൽ ഡേവിഡ് മില്ലറെ രാഹുൽ ക്യാച്ചെടുത്തു പുറത്താക്കി.
ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ അർഷ്ദീപ്, റീസ ഹെൻട്രിക്സിനെ (0) മടക്കി. തൊട്ടടുത്ത പന്തിൽ റാസ്സി വാൻഡെർ ദസ്സൻ (0) വിക്കറ്റിന് മുന്നിൽ കുടുങ്ങി. മൂന്നാം വിക്കറ്റിൽ ടോണി ഡി സോർസിയും ക്യാപ്റ്റൻ ഏയ്ഡൻ മാർക്രവും ചേർന്ന് സ്‌കോർ 42-ൽ എത്തിച്ചതിനു പിന്നാലെ സോർസിയേയും (28) അർഷ്ദീപ് പുറത്താക്കി. പിന്നാലെ ഹെന്റിച്ച് ക്ലാസനും (6) വീണു.
ആവേശ് ഖാന്റെ ഊഴമായിരുന്നു അടുത്തത്. 12 റൺസെടുത്ത മാർക്രത്തിന്റെ കുറ്റി തെറിപ്പിച്ചാണ് ആവേശ് തുടങ്ങിയത്. തൊട്ടടുത്ത പന്തിൽ വിയാൻ മൾഡറും (0) ആവേശിനു മുന്നിൽ വീണു. പിന്നാലെ ഡേവിഡ് മില്ലറെയും (2) മടക്കി ആവേശ് പ്രോട്ടീസിന്റെ അടിവേരിളക്കി. വിയാൻ മൾഡറെയും ആവേശ് ഖാൻ വിക്കറ്റിനു മുന്നിൽ കുടുക്കി.
ഒൻപതാം വിക്കറ്റിൽ ഫെഹ്ലുക്വായ നടത്തിയ ഒറ്റയാൾപ്പോരാട്ടമാണ് ടീം സ്‌കോർ നൂറ് കടത്തിയത്. 33 റൺസെടുത്ത താരം അർഷ്ദീപിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. നാന്ദ്രെ ബർഗറെ കുൽദീപും മടക്കിയതോടെ ദക്ഷിണാഫ്രിക്കൻ പതനം പൂർണമായി.
നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സായ് സുദർശൻ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. സഞ്ജു സാംസൺ ടീമിൽ ഇടംനേടി. ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, തിലക് വർമ എന്നിവരും ടീമിലുണ്ട്. റിങ്കു സിങ്ങിന് അവസരം ലഭിച്ചില്ല.
ലോകകപ്പ് ഫൈനലിലെ തോൽവിക്കുശേഷം ഇന്ത്യയുടെ ആദ്യ ഏകദിന മത്സരമാണിത്. രോഹിത്തും കോലിയുമില്ലാതെ മുമ്പും പരമ്പരകൾ കളിച്ചിട്ടുണ്ടെങ്കിലും ഭാവി ഇന്ത്യൻ ടീമിനെ കണ്ടെത്തുന്നതിന്റെ തുടക്കം എന്നനിലയ്ക്കാണ് ഇക്കുറി തീർത്തും പുതിയൊരു ടീമിനെ ഇറക്കുന്നത്. കെ.എൽ. രാഹുലാണ് ഇന്ത്യയുടെ ക്യാപ്റ്റൻ.
ജൊഹാനസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും 7 തവണ ഏറ്റുമുട്ടിയപ്പോൾ 5 തവണയും ജയം ആതിഥേയർക്കൊപ്പമായിരുന്നു. ഒരു മത്സരം ഇന്ത്യ ജയിച്ചപ്പോൾ ഒരെണ്ണം ഫലമില്ലാതെ പിരിഞ്ഞു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഇതുവരെ നടന്ന 15 ഏകദിന പരമ്പരകളിൽ 7 എണ്ണം ഇന്ത്യ ജയിച്ചപ്പോൾ 6 എണ്ണത്തിൽ ജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമായിരുന്നു.
ഇന്ത്യ പ്ലേയിങ് ഇലവൻ കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ, സഞ്ജു സാംസൺ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ റീസ ഹെന്റിക്‌സ്, ടോണി ഡെ സോർസി, റാസി വാൻഡർ ദസൻ, എയ്ഡൻ മർക്‌റാം (ക്യാപ്റ്റൻ), ഹെന്റിച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മുൾഡർ, ആൻഡിലെ പെഹ്‌ലുക്വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ടബരെയ്‌സ് ഷംസി.
സ്പോർട്സ് ഡെസ്ക്