- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകദിനത്തിലെ അരങ്ങേറ്റത്തിൽ അർധ സെഞ്ചുറി; പ്രതീക്ഷ കാത്ത് സായ് സുദർശൻ; നാലാമത്തെ മാത്രം ഇന്ത്യൻ ഓപ്പണർ; എലൈറ്റ് പട്ടികയിൽ ഇടംപിടിച്ച് 22കാരൻ; പ്രോട്ടീസിനെതിരെ അവരുടെ നാട്ടിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ പേസറായി അർഷ്ദീപ് സിങ്
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിന മത്സരത്തിൽ എട്ട് വിക്കറ്റിന്റെ അവിസ്മരണീയ ജയം ഇന്ത്യ നേടിയപ്പോൾ നിർണായകമായത് അർധ സെഞ്ചുറി നേടിയ അരങ്ങേറ്റക്കാരൻ സായ് സുദർശന്റെയും അഞ്ച് വിക്കറ്റ് നേടിയ പേസർ അർഷ്ദീപ് സിങിന്റെയും പ്രകടനമായിരുന്നു.
ന്യൂ വാൺഡറേഴ്സ് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ 116ന് എന്ന സ്‌കോറിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ അർഷ്ദീപ് സിംഗും നാല് പേരെ പുറത്താക്കിയ ആവേഷ് ഖാനുമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അരങ്ങേറ്റക്കാരൻ സായ് സുദർശൻ (43 പന്തിൽ പുറത്താവാതെ 55), ശ്രേയസ് അയ്യർ (52) എന്നിവരാണ് വിജയത്തിലേക്ക് നയിച്ചത്.
അരങ്ങേറ്റത്തിൽ അർധ സെഞ്ചുറി നേടിയതോടെ സായ് സുദർശനെ തേടി ഒരു നേട്ടമെത്തി. ഏകദിനത്തിലെ ആദ്യ മത്സരത്തിൽ തന്നെ അർധ സെഞ്ചുറിയോ അതിൽ കൂടുതലോ റൺസ് നേടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് 22കാരൻ. റോബിൻ ഉത്തപ്പയാണ് ആദ്യതാരം.
2006ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ ഉത്തപ്പ 86 റൺസാണ് നേടിയത്. ഇന്ത്യൻ ക്യാപ്റ്റൻ കെ എൽ രാഹുൽ അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയിരുന്നു. 2016ൽ സിംബാബ്വെക്കെതിരെ പുറത്താവാതെ 100 റൺസാണ് രാഹുൽ നേടിയത്. അതേ പരമ്പരയിൽ അരങ്ങേറിയ ഫൈസ് ഫസലും പട്ടികയിലുണ്ട്. പുറത്താവാതെ 55 റൺസ് നേടാൻ ഫസലിന് സാധിച്ചിരുന്നു. ഇപ്പോൾ സായ് സുദർശനും. അരങ്ങേറ്റത്തിൽ 50+ റൺസ് നേടുന്ന 17-ാമത്തെ മാത്രം ഇന്ത്യൻ താരമാണ് സായ്.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. സ്‌കോർബോർഡിൽ 23 റൺസ് മാത്രമുള്ളപ്പോൾ ഇന്ത്യക്ക് റുതുരാജ് ഗെയ്കവാദിന്റെ (5) വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ സായ് - ശ്രേയസ് സഖ്യം നേടിയ 88 റൺസ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. വിജയത്തിനരികെ ശ്രേയസ് മടങ്ങി. 45 പന്തുകൾ നേരിട്ട താരം ഒരു സിക്സും ആറ് ഫോറും നേടി.
നാലാമനായി ക്രീസിലെത്തിയ തിലക് വർമയെ (1) കൂട്ടുപിടിച്ച് സായ് വിജയം പൂർത്തിയാക്കി. ഒമ്പത് ഫോറുകൾ ഉൾപ്പെടുന്നതായിരുന്നു സായിയുടെ ഇന്നിങ്സ്. മലയാളി താരം സഞ്ജു സാംസണ് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ 116 റൺസെടുത്തു പുറത്തായിരുന്നു. 49 പന്തുകളിൽ 33 റൺസെടുത്ത ആൻഡിലെ പെഹ്‌ലുക്വായോയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. അർഷ്ദീപ് സിങ് അഞ്ചു വിക്കറ്റുകൾ വീഴ്‌ത്തി. ആവേശ് ഖാൻ നാലും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി. വാലറ്റത്ത് പെഹ്‌ലുക്വായോ നടത്തിയ ചെറുത്തുനിൽപാണ് ദക്ഷിണാഫ്രിക്കയെ നൂറു കടത്തിയത്.
സ്വന്തം നാട്ടിൽ ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. ഏകദിനക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടിൽ അഞ്ച് വിക്കറ്റു വീഴ്‌ത്തുന്ന ആദ്യ ഇന്ത്യൻ പേസറുമായി അർഷ്ദീപ് സിങ്.
രണ്ടാം ഓവറിലെ നാലാം പന്തിൽ റീസ ഹെന്റിക്‌സിനെ പൂജ്യത്തിനു ബോൾഡാക്കി അർഷ്ദീപ് സിങ്ങാണ് ഇന്ത്യയുടെ വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത പന്തിൽ റാസി വാൻ ഡർ ദസനെ ഗോൾഡൻ ഡക്കാക്കി അർഷ്ദീപ് പ്രഹരം തുടർന്നു. ടോണി ഡെ സോർസിയും ക്യാപ്റ്റൻ എയ്ഡൻ മാർക്രമും ചേർന്നു രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും അധികനേരം ക്രീസിൽ തുടരാനായില്ല.
സ്‌കോർ 42 ൽ നിൽക്കെ ടോണി ഡെ സോർസിയെ അർഷ്ദീപ് വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ചു. ഹെന്റിച് ക്ലാസനെയും അർഷ്ദീപ് ബോൾഡാക്കി. 11ാം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ മാർക്രമിനെയും വിയാൻ മുൾഡറെയും ആവേശ് ഖാൻ മടക്കി. 13ാം ഓവറിൽ ആവേശ് ഖാന്റെ പന്തിൽ ഡേവിഡ് മില്ലറെ രാഹുൽ ക്യാച്ചെടുത്തു പുറത്താക്കി.
17ാം ഓവറിൽ കേശവ് മഹാരാജ് മടങ്ങിയെങ്കിലും പെഹ്‌ലുക്വായോ നിലയുറപ്പിച്ചതോടെ ആതിഥേയർ 100 കടന്നു. രണ്ട് സിക്‌സും മൂന്നു ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. എട്ടു പന്തുകൾ നേരിട്ട ടബരെയ്‌സ് ഷംസി 11 റൺസുമായി പുറത്താകാതെനിന്നു.
സ്പോർട്സ് ഡെസ്ക്