മുംബൈ: ഐപിഎൽ 2024 സീസണിന് മുമ്പ് മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്തുനിന്നും രോഹിത് ശർമയെ മാറ്റി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ചുമതല നൽകിയതിനെ തുടർന്നുണ്ടായ ആരാധകരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച ഐപിഎൽ താരലേലം നടക്കാനിരിക്കെ മുംബൈ ടീമിൽ നിന്നും ചില പ്രമുഖ താരങ്ങൾ മറ്റ് ടീമുകളിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങൾ വരെ പുറത്തുവന്നിരുന്നു. അതിനിടെ ടീമിന്റെ ഉപദേഷ്ടാവ് സ്ഥാനം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ രാജിവച്ചുവെന്ന രീതിയിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സച്ചിൻ സ്ഥാനമൊഴിഞ്ഞതായാണ് വിവിധ ട്വീറ്റുകളിൽ കാണുന്നത്. സച്ചിനെ രാജിവെപ്പിച്ചതാണെന്നും പ്രചാരണമുണ്ട്.

രോഹിത് ശർമയുടെ പടിയിറക്കത്തോടെ മുംബൈ ക്യാംപിൽ പടലപ്പിണക്കം സജീവമാണ്. 10 വർഷം നായകനായിരുന്ന രോഹിത് ശർമ്മയെ മാറ്റി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ അടുത്തിടെ ഫ്രാഞ്ചൈസി പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചതോടെ ഈ തീരുമാനത്തിൽ മുംബൈ ഇന്ത്യൻസും ആരാധകരും രണ്ട് തട്ടിലാണ്.

സച്ചിൻ ടെൻഡുൽക്കർ മുംബൈ ഇന്ത്യൻസിലെ മെന്റർ സ്ഥാനം ഒഴിഞ്ഞതായി 2023 ഡിസംബർ 16-ാം തിയതിയാണ് ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടത്. വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്നടക്കം ആരാധകരുടെ നിരവധി ട്വീറ്റുകൾ ഇതേ കുറിച്ചുണ്ടായി. 'വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സച്ചിൻ മുംബൈ ഇന്ത്യൻസിന്റെ ഉപദേശക സ്ഥാനം ഒഴിഞ്ഞത്.

രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാൻ സച്ചിൻ ടെൻഡുൽക്കർ അനുകൂലമായിരുന്നില്ല. മുംബൈ ഇന്ത്യൻസ് കുടുംബത്തെ ഹാർദിക് പാണ്ഡ്യ തകർത്തു' എന്നുമാണ് ഒരു ട്വീറ്റിൽ പറയുന്നത്.



രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം മുംബൈ ഇന്ത്യൻസ് സച്ചിൻ ടെൻഡുൽക്കറെ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് നീക്കിയതായി കേൾക്കുന്നു എന്നാണ് മറ്റൊരു ട്വീറ്റിൽ പറയുന്നത്.



രോഹിത്തിനു പിന്നാലെ സച്ചിൻ ടെൻഡുൽക്കറെയും മുംബൈ പുറത്താക്കിയതായും എക്‌സ് പ്ലാറ്റ്‌ഫോമിൽ ട്വീറ്റുകളുണ്ട്. 2008 ൽ ഐപിഎല്ലിന്റെ ആദ്യ എഡിഷൻ മുതൽ സച്ചിൻ മുംബൈ ഇന്ത്യൻസിനൊപ്പമുണ്ട്. 2013 വരെ താരം മുംബൈയ്ക്കായി കളിച്ചു.

2008ലെ പ്രഥമ ഐപിഎൽ സീസൺ മുതൽ മുംബൈ ഇന്ത്യൻസിനൊപ്പമുള്ള സച്ചിൻ ടെൻഡുൽക്കർ വരും എഡിഷനിലും ടീമിനൊപ്പം തുടരുമെന്നാണ് യാഥാർഥ്യം. സച്ചിൻ മുംബൈ ഇന്ത്യൻസിന്റെ ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞതായും സച്ചിനെ നീക്കിയതായുമുള്ള വാർത്തകൾ വ്യാജമാണ്. 2008 മുതൽ 2013 വരെ മുംബൈ ഇന്ത്യൻസിനായി കളിച്ചിട്ടുള്ള സച്ചിൻ 78 മത്സരങ്ങളിൽ 33.83 ശരാശരിയിൽ ഒരു സെഞ്ചുറിയും 13 അർധസെഞ്ചുറികളും സഹിതം 2334 റൺസ് പേരിലാക്കിയിരുന്നു. വിരമിച്ച ശേഷവും മുംബൈ ഇന്ത്യൻസിന്റെ ഡഗൗട്ടിൽ സച്ചിന്റെ സാന്നിധ്യമുണ്ട്.

കഴിഞ്ഞ ദിവസമാണ് രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയത്. 2022 മുതൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യയെ കോടികളെറിഞ്ഞാണ് മുംബൈ വീണ്ടും ടീമിലെത്തിച്ചത്. 2022 സീസണിൽ ഗുജറാത്ത് ഐപിഎൽ കിരീടം നേടിയത് ഹാർദിക് പാണ്ഡ്യയ്ക്കു കീഴിലായിരുന്നു.

ഹാർദിക് പാണ്ഡ്യക്ക് വലിയ വെല്ലുവിളിയാണ് മുംബൈ ഇന്ത്യൻസ് നിരയിൽ നേരിടേണ്ടി വരിക. ടീമിൽ ഇപ്പോൾ മൂന്ന് ഇന്ത്യൻ ക്യാപ്റ്റന്മാർ, ആരാധകരോഷം, സൂപ്പർതാരങ്ങളുടെ സാന്നിധ്യം. വരുന്ന സീസണിൽ ഹാർദിക് പാണ്ഡ്യയെന്ന മുംബൈ ഇന്ത്യൻസ് നായകനെ കാത്തിരിക്കുന്ന വെല്ലുവിളി ചെറുതല്ല. തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളിന് താഴെയാണ് പാണ്ഡ്യയും നായകപദവിയും.

ടീമിന്റെ പ്രതിസന്ധിഘട്ടത്തിൽ ക്യാപ്റ്റൻ പദവിയേറ്റെടുക്കുകയും അഞ്ച് ഐ.പി.എൽ. ക്രിക്കറ്റ് കിരീടങ്ങളിലേക്ക് ടീമിനെ നയിക്കുകയും ചെയ്ത രോഹിത് ശർമയുടെ പിൻഗാമിയെന്ന സ്ഥാനംതന്നെ മുൾക്കിരീടമാണ്. അവിടേക്കാണ് വിവാദങ്ങളുടെയും ആരാധകരോഷത്തിന്റെയും ഇടയിലൂടെ പാണ്ഡ്യയെന്ന ഓൾറൗണ്ടർ ഗുജറാത്തിൽനിന്ന് മുംബൈയിലേക്ക് വണ്ടികയറുന്നത്.

രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നീ മൂന്ന് ഇന്ത്യൻ നായകർ ടീമിലുണ്ട്. രോഹിത് ഇപ്പോഴും മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ ഔദ്യോഗിക നായകനാണ്. സൂര്യകുമാർ രണ്ട് പരമ്പരകളിൽ ട്വന്റി-20 ടീമിനെ നയിച്ചു. കഴിഞ്ഞ അയർലൻഡ് പര്യടനത്തിൽ ടീമിനെ നയിച്ചത് ബുംറയായിരുന്നു. 'നായകഭാരം' ഏതു രീതിയിൽ കൈകാര്യം ചെയ്യുമെന്നതാകും മുംബൈ ഇന്ത്യൻസിൽ പാണ്ഡ്യയുടെ നിലനിൽപ്പ്. മൂന്ന് നായകർക്കൊപ്പം ഭാവിനായകസ്ഥാനം സ്വപ്നംകാണുന്ന ഇഷാൻ കിഷനും ടീമിലുണ്ട്. സൂര്യകുമാറും ബുംറയും തങ്ങളുടെ അതൃപ്തി വെളിപ്പെടുത്തിയിട്ടുമുണ്ട്

ഐ.പി.എല്ലിലെ ജനപ്രിയ ടീമായ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തുനിന്ന് രോഹിതിനെ പൊടുന്നനെ മാറ്റിയത് ആരാധകർക്ക് അത്ര പിടിച്ചിട്ടില്ല. സാമൂഹികമാധ്യമങ്ങളിൽ ടീമിനെ അൺഫോളോ ചെയ്തവരുടെ എണ്ണം അഞ്ചുലക്ഷം കടന്നതും മാനേജ്‌മെന്റിനും പുതിയ നായകനും പുതിയ സീസണിൽ കടുപ്പമാകുമെന്നതിന്റെ സൂചനയാണ്. ഹാർദിക് പാണ്ഡ്യയുടെ ഭാര്യക്കുനേരെ സൈബർ ആക്രമണവും നടന്നു.

ഗുജറാത്ത് ടൈറ്റൻസിനെ ആദ്യസീസണിൽ തന്നെ ചാമ്പ്യന്മാരാക്കിയും രണ്ടാംസീസണിൽ ഫൈനലിലെത്തിച്ചതുമാണ് പാണ്ഡ്യയെ നായകനാക്കി വാഴിച്ച് തിരിച്ചുകൊണ്ടുവരാൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. എന്നാൽ, ഈ രീതിയിൽ ആരാധകർ പ്രതികരിക്കുമെന്ന് അവർ കരുതിയിട്ടുമില്ല. ഗുജറാത്ത് ടൈറ്റൻസ് സൂപ്പർതാരങ്ങളില്ലാത്ത ടീമായിരുന്നു. ടീമിനെ തന്റെ കീഴിൽ ഒറ്റയൂണിറ്റായി നിലനിർത്താൻ പാണ്ഡ്യക്ക് എളുപ്പമായിരുന്നു.

സച്ചിനും റിക്കി പോണ്ടിങ്ങും പരാജയപ്പെട്ട നായകന്മാരായ മുംബൈ ഇന്ത്യൻസിൽ പാണ്ഡ്യയെന്ന നായകന്റെ നേതൃഗുണം ശരിക്കും പരീക്ഷിക്കപ്പെടുന്ന സീസണാകും വരാൻ പോകുന്നത്. ഡിസംബർ 19-ന് നടക്കുന്ന ലേലത്തിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ കഴിയാതെ പോയാൽ പാണ്ഡ്യക്കുമുന്നിലെ പ്രതിസന്ധിയുടെ ആഴം കൂടും.