- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം മത്സരത്തിലും അർധ സെഞ്ചുറിയുമായി സായ് സുദർശൻ; മധ്യനിരയിൽ തിളങ്ങിയത് രാഹുൽ മാത്രം; നിരാശപ്പെടുത്തി സഞ്ജു; മൂന്ന് വിക്കറ്റുമായി നന്ദ്രേ ബർഗർ; ദക്ഷിണാഫ്രിക്കയ്ക്ക് 212 റൺസ് വിജയലക്ഷ്യം
ജൊഹന്നാസ്ബർഗ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 212 റൺസ് വിജയലക്ഷ്യം. 46.2 ഓവറിൽ ഇന്ത്യ ഓൾഔട്ടായി. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി നേടിയ സായ് സുദർശൻ (62), മധ്യനിരയിൽ പ്രതീക്ഷ കാത്ത കെ എൽ രാഹുൽ (56) എന്നിവരുടെ ഇന്നിങ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മലയാളി താരം സഞ്ജു സാംസൺ (12) നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നന്ദ്രേ ബർഗർ മൂന്ന് വിക്കറ്റ് നേടി. ബ്യൂറൻ ഹെൻഡ്രിക്സ്, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ ഏകദിനത്തിൽ ഇന്ത്യ ജയിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. ആദ്യ ഓവറിൽ തന്നെ റുതുരാജ് ഗെയ്കവാദ് (4) മടങ്ങി. ബർഗറുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം. വൈകാതെ തിലക് വർമയും (10) മടങ്ങി. നാലാം വിക്കറ്റിൽ സായ് - രാഹുൽ സഖ്യം 63 റൺസ് കൂട്ടിചേർത്തു. 83 പന്തുകൾ നേരിട്ട സായ് ഒരു സിക്സും ഏഴ് ഫോറും നേടി. ആദ്യ കദിനത്തിലും താരം അർധ സെഞ്ചുറി നേടിയിരുന്നു. 27-ാം ഓവറിൽ ക്രീസിലെത്തിയ സഞ്ജു 23 പന്തുകളാണ് സഞ്ജു നേരിട്ടത്. തുടക്കം മുതൽ ബുദ്ധിമുട്ടിയ താരം ഒരു ബൗണ്ടറി മാത്രമാണ് നേടിയത്. മധ്യനിരയിൽ നിലയുറപ്പിക്കേണ്ട സഞ്ജു മടങ്ങിയതോടെ കൂട്ടത്തകർച്ചയായിരുന്നു ഇന്ത്യക്ക്. പിന്നാലെ കെ എൽ രാഹുൽ (56), റിങ്കു സിങ് (12), എന്നിവരും മടങ്ങി. ഏഴ് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.
തുടർന്നെത്തിയ ആർക്കും പിടിച്ചുനിൽക്കാനായില്ല. അക്സർ പട്ടേൽ (7), കുൽദീപ് യാദവ് (1), അർഷ്ദീപ് സിങ് (18), ആവേഷ് ഖാൻ (9) എന്നിവർക്ക് തിളങ്ങാനായില്ല. മുകേഷ് കുമാർ (4) പുറത്താവാതെ നിന്നു. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. റിങ്കു സിംഗിന് അരങ്ങേറാൻ അവസരം ലഭിച്ചു. ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം ചേർന്ന ശ്രേയസ് അയ്യർക്ക് പകരമാണ് റിങ്കു ടീമിലെത്തിയത്.
ഇന്ത്യ: റുതുരാജ് ഗെയ്കവാദ്, സായ് സുദർശൻ, തിലക് വർമ, കെ എൽ രാഹുൽ, സഞ്ജു സാംസൺ, റിങ്കു സിങ്, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.
ദക്ഷിണാഫ്രിക്ക: ടോണി ഡി സോർസി, റീസ ഹെൻഡ്രിക്സ്, റാസി വാൻ ഡർ ഡസ്സൻ, എയ്ഡൻ മാർക്രം, ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, കേശവ് മഹാരാജ്, ന്രേന്ദ ബർഗർ, ലിസാർഡ് വില്യംസ്, ബ്യൂറൻ ഹെൻഡ്രിക്സ്.
സ്പോർട്സ് ഡെസ്ക്