- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമീർ റിസ്വിയെ ചെന്നൈ റാഞ്ചിയത് 8.4 കോടിക്ക്; ശുഭം ദുബെക്കായി രാജസ്ഥാൻ മുടക്കിയത് 5.8 കോടി; കുമാർ കുശാഗ്രയെ 7.2 കോടിക്ക് സ്വന്തമാക്കി ഡൽഹി; സുശാന്ത് മിശ്രക്ക് 2.2 കോടി; ഐപിഎൽ താരലേലത്തിൽ കോടികൾ കൊയ്ത് ഇന്ത്യൻ യുവതാരങ്ങൾ
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായുള്ള താരലേലത്തിൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരങ്ങളായി ഓസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും മാറിയപ്പോൾ ഐപിഎൽ വമ്പന്മാരുടെ റഡാറിൽ പതിഞ്ഞതോടെ കോടികൾ കൊയ്ത് ഇന്ത്യൻ യുവതാരങ്ങളും. അൺക്യാപ്ഡ് താരങ്ങളുടെ ലേലമെത്തിയതോടെ ചില ഇന്ത്യൻ യുവതാരങ്ങൾ സീനിയർ താരങ്ങളേക്കാൾ മൂല്യമേറിയ താരങ്ങളായി മാറുന്ന കാഴ്ചയാണ് കണ്ടത്. 20 ലക്ഷം അടിസ്ഥാനവിലയുള്ള ഒരുപിടി താരങ്ങൾ ഒറ്റ നിമിഷം കൊണ്ട് കോടീശ്വരന്മാരായി.
ശുഭം ദുബെ, സമീർ റിസ്വി, കുമാർ കുശാഗ്ര, സുശാന്ത് മിശ്ര എന്നിവരെ കോടികൾ കൊടുത്താണ് ടീമുകൾ തട്ടകത്തിലെത്തിച്ചത്. ക്രിക്കറ്റ് ആരാധകർക്ക് അത്ര പരിചിതമല്ലെങ്കിലും ആഭ്യന്തരമത്സരങ്ങളിലെ മികച്ച പ്രകടനങ്ങളാണ് ഈ താരങ്ങളെ ഐപിഎൽ വമ്പന്മാരുടെ റഡാറിലെത്തിച്ചതും കോടിപതികളാക്കിയതും. ശുഭം ദുബെയെ 5.8 കോടിക്ക് രാജസ്ഥാനും സമീർ റിസ്വിയെ 8.4 കോടിക്ക് ചെന്നൈയും കുമാർ കുശാഗ്രയെ 7.2 കോടിക്ക് ഡൽഹിയും കൂടാരത്തിലെത്തിച്ചു. സുശാന്ത് മിശ്രയെ 2.2 കോടിക്ക് ഗുജറാത്ത് ടൈറ്റൻസാണ് റാഞ്ചിയത്.
ആഭ്യന്തരക്രിക്കറ്റിൽ വിദർഭയ്ക്കായി കളിക്കുന്ന താരമാണ് ശുഭം ദുബെ. സമീർ റിസ്വി ഉത്തർപ്രദേശിനായും. യുപി ടി20 ലീഗിൽ കാൺപുർ സൂപ്പർസ്റ്റാർസിന്റെ വെടിക്കെട്ട് ബാറ്ററാണ് സമീർ. ലീഗിൽ ടീമിനായി ഏറ്റവും കൂടുതൽ സിക്സറടിച്ച താരം കൂടിയാണ് സമീർ റിസ്വി. ടൂർണമെന്റിൽ രണ്ട് സെഞ്ചുറിയുൾപ്പെടെ 455 റൺസ് നേടിയിട്ടുണ്ട്. ടൂർണമെന്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയും താരത്തിന്റെ പേരിലാണ്. അണ്ടർ 23 സ്റ്റേറ്റ് എ ട്രോഫി ചാമ്പ്യൻഷിപ്പിൽ ഉത്തർപ്രദേശിനെ ജേതാക്കളാക്കിയ നായകനാണ് റിസ്വി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.
ഐപിഎൽ താരലേലത്തിൽ 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തിനായി 8.40 കോടി മുടക്കാൻ ചെന്നൈ സൂപ്പർ കിങ്‌സിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിന്റെ താരമായ സമീർ റിസ്വിക്കുവേണ്ടിയാണ് ചെന്നൈ ശക്തമായ ലേലം വിളിക്കൊടുവിൽ 8.40 കോടി മുടക്കി സ്വന്തമാക്കിയത്.
വെടിക്കെട്ട് ബാറ്ററായ റിസ്വിക്കായി ചെന്നൈക്കൊപ്പം ഡൽഹിയും ശക്തമായി രംഗത്തുവന്നതോടെയാണ് യുവതാരത്തിന്റെ വില ഉയർന്നത്. ഇരു ടീമുകളും മത്സരിച്ച് ലേലം വിളിച്ചതോടെ ലേലത്തുക അഞ്ച് കോടിയും കടന്നു കുതിച്ചു. ഉത്തർപ്രദേശിനായി അണ്ടർ 23 ലിസ്റ്റ് എ മത്സരങ്ങളിൽ ആറ് ഇന്നിങ്‌സുകളിൽ 454 റൺസടിച്ച റിസ്വി 29 ഫോറും 37 സിക്‌സും നേടിയിട്ടുണ്ട്.
ഒമ്പത് ട്വന്റി 20 ഇന്നിങ്‌സുകളിൽ 455 റൺസ് നേടിയിട്ടുള്ള റിസ്വി 35 ഫോറും 38 സിക്‌സും പറത്തി. ഫോറുകളെക്കാൾ കൂടുതൽ സിക്‌സ് പറത്തുന്നതിലുള്ള മികവാണ് യുവതാരത്തിൽ ചെന്നൈയുടെ കണ്ണുടക്കാൻ കാരണമായത്. തമിഴ്‌നാട് താരമായ ഷാരൂഖ് ഖാനെപ്പോലും ഒഴിവാക്കിയാണ് റിസ്വിക്കായി ചെന്നൈ ശക്തമായി രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.
ബാറ്റിങ് വെടിക്കെട്ടുകൊണ്ട് ഇപ്പോൾ തന്നെ ആഭ്യന്തര ക്രിക്കറ്റിൽ വലംകൈയൻ സുരേഷ് റെയ്‌ന എന്ന വിളിപ്പേര് നേടിയിട്ടുണ്ട് ഇരുപതുകാരനായ റിസ്വി. സ്പിന്നർമാർക്കെതിരെ റിസ്വിക്ക് പ്രത്യേക മികവുണ്ടെന്നതും ചെന്നൈ കണക്കിലെടുത്തു. ഉത്തർപ്രദേശ് ടി20 ലീഗിൽ അതിവേ സെഞ്ചുറി നേടി റെക്കോർഡിട്ട റിസ്വി ഫിനിഷറെന്ന നിലയിൽ ചെന്നൈക്കായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി20 ക്രിക്കറ്റിൽ 134.70 എന്ന മികച്ച പ്രഹരശേഷിയും 49.16 എന്ന മികച്ച ബാറ്റിങ് ശരാശരിയും റിസ്വി്ക്കുണ്ട്.
ശുഭം ദുബെയും ഈ സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ ബാറ്റിങ്ങ് പുറത്തെടുത്തിട്ടുണ്ട്. ഏഴ് ഇന്നിങ്സുകളിൽ നിന്നായി 225 റൺസാണ് താരം അടിച്ചെടുത്തത്. 187.28 ആണ് ശരാശരി.ബംഗാളിനെതിരേ വിദർഭ റെക്കോഡ് ചേസിങ് നടത്തുന്നതിൽ നിർണായകമായിരുന്നു ദുബെയുടെ പ്രകടനം. 20 പന്തിൽ നിന്ന് അപരാജിത 58 റൺസെടുത്ത താരം 213 എന്ന വിജയലക്ഷ്യത്തിലേക്ക് ടീമിനെയെത്തിച്ചു. ക്രിക്കറ്റ് നിരീക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ മത്സരമായിരുന്നു അത്.
20-വയസ് മാത്രം പ്രായമുള്ള വിക്കറ്റ് കീപ്പർ ബാറ്ററാണ് ഡൽഹി തട്ടകത്തിലെത്തിച്ച കുമാർ കുശാഗ്ര. ആഭ്യന്തരക്രിക്കറ്റിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു ഈ ഝാർഖണ്ഡുകാരന്റേത്. 2020 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ടീമിലിടം നേടിയിട്ടുണ്ട്. ഗുജറാത്ത് റാഞ്ചിയ സുശാന്ത് മിശ്ര യുവപേസ് ബൗളറാണ്.
ഐപിഎൽ താരലേലത്തിൽ താരങ്ങൾക്കായി ടീമുകൾ പണംവാരിയെറിയുന്ന കാഴ്ചയാണ് കണ്ടത്. ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഓസീസ് താരങ്ങൾക്കായിരുന്നു കൂടുതൽ ഡിമാന്റ്. സ്റ്റാർക്കിനും കമ്മിൻസിനും ഹെഡിനുമൊക്കെ ടീമുകൾ മത്സരിച്ച് ലേലം വിളിച്ചു. ലേലത്തുക റെക്കോഡുകൾ ഭേദിച്ചത് ഒന്നിലധികം തവണയാണ്. പാറ്റ് കമ്മിൻസിനെ 20.5 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് മുടക്കിയപ്പോൾ അത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയെന്ന റെക്കോഡിട്ടു.
എന്നാൽ ആ റെക്കോഡിന് അധികം ആയുസ്സുണ്ടായില്ല. സ്റ്റാർക്കിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി മുടക്കിയപ്പോൾ അത് പഴങ്കഥയായി. ഹെഡിനെ 6.80 കോടിക്ക് സൺറൈസേഴ്സും സ്വന്തമാക്കി. വിദേശതാരങ്ങളാണ് ആദ്യഘട്ടലേലത്തിലെ ശ്രദ്ധാകേന്ദ്രങ്ങളെങ്കിൽ അൺക്യാപ്ഡ് താരങ്ങളുടെ ലേലമെത്തിയതോടെ ചില താരങ്ങൾ ആരാധകരെ ഞെട്ടിക്കുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്