ജൊഹന്നാസ്ബർഗ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ എട്ട് വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 46.2 ഓവറിൽ 211ന് എല്ലാവരും പുറത്തായി. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം കേവലം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ അവർ മറികടന്നു. സെഞ്ച്വറി നേടിയ ടോണി ഡി സോർസിയുടെ(119) പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയമൊരുക്കിയത്.

ദക്ഷിണാഫ്രിക്കക്കായി ഹെൻഡ്രിക്കസ് അർധ സെഞ്ച്വറി നേടി. മത്സരത്തിലെ ദക്ഷിണാഫ്രിക്കയുടെ ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1ന് സമനിലയിലായി. ആദ്യ മത്സരത്തിൽ ഇന്ത്യയാണ് ജയിച്ചത്. സ്‌കോർ: ഇന്ത്യ:46.2 ഓവറിൽ 211 ഓൾ ഔട്ട്, ദക്ഷിണാഫ്രിക്ക: 43.2 ഓവറിൽ 215/2

റീസ ഹെൻഡ്രിക്സിന്റെയും (81 പന്തിൽ 52) റാസി വാൻ ഡർ ഡസ്സന്റെയും വിക്കറ്റുകൾ മാത്രമാണ് പ്രോട്ടീസിന് നഷ്ടമായത്. ഒന്നാം വിക്കറ്റിൽ ടോണി - റീസ സഖ്യം 130 റൺസ് കൂട്ടിചേർത്തു. എന്നാൽ റീസയെ പുറത്താക്കി അർഷ്ദീപ് സിങ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. ഏഴ് ബൗണ്ടറികൾ ഉൾപ്പെടുതുന്നതായിരുന്നു റീസയുടെ ഇന്നിങ്സ്. പിന്നാലെയെത്തിയത് റാസി വാൻ ഡർ ഡസ്സൻ. 36 റൺസാണ് ഡസ്സൻ നേടിയത്. ടോണിക്കൊപ്പം 76 റൺസ് കൂട്ടിചേർത്ത ശേഷം വിജയത്തിനടുത്ത് ഡസ്സൻ വീണു.

പിന്നീട് മറ്റൊരു വിക്കറ്റ് നഷ്ടപ്പെടുത്താൻ അവസരം നൽകാതെ ടോണി ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ക്യാപ്റ്റൻ എയ്ഡൻ മാർക്രം (2) ടോണിക്കൊപ്പം പുറത്താവാതെ നിന്നു. ടോണിയുടെ കന്നി സെഞ്ചുറിയായിരുന്നു ഇത്. 122 പന്തുകൾ നേരിട്ട താരം ഒമ്പത് ഫോറും ആറ് സിക്സും നേടി.

ഓപ്പണർ സായ് സുദർശന്റെയും നായകൻ കെ.എൽ. രാഹുലിന്റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്ന് രക്ഷിച്ചത്. പരമ്പരയിൽ അരങ്ങേറ്റം കുറിച്ച സായി, തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അർധ സെഞ്ച്വറി നേടുന്നത്. 83 പന്തിൽ 62 റൺസെടുത്ത യുവതാരം ലിസാർഡ് വില്യംസിന്റെ പന്തിൽ ക്ലാസന് ക്യാച്ച് നൽകിയാണ് പുറത്തായത്. ഒരു സിക്‌സും ഏഴു ഫോറും താരം നേടി. 64 പന്തിൽ 56 റൺസെടുത്ത രാഹുൽ നാന്ദ്രെ ബർഗറിന്റെ പന്തിൽ മില്ലർക്ക് ക്യാച്ച് നൽകി.

മലയാളി താരം സഞ്ജു സാംസൺ (12) നിരാശപ്പെടുത്തിയ മത്സരത്തിൽ സായ് - രാഹുൽ സഖ്യമാണ് ഇന്ത്യക്ക് ആശ്വാസമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. ആദ്യ ഓവറിൽ തന്നെ റുതുരാജ് ഗെയ്കവാദ് (4) മടങ്ങി. ബർഗറുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം. വൈകാതെ തിലക് വർമയും (10) മടങ്ങി. നാലാം വിക്കറ്റിൽ സായ് - രാഹുൽ സഖ്യം 63 റൺസ് കൂട്ടിചേർത്തു. 83 പന്തുകൾ നേരിട്ട സായ് ഒരു സിക്സും ഏഴ് ഫോറും നേടി. ആദ്യ കദിനത്തിലും താരം അർധ സെഞ്ചുറി നേടിയിരുന്നു.

27-ാം ഓവറിൽ ക്രീസിലെത്തിയ സഞ്ജു 23 പന്തുകളാണ് സഞ്ജു നേരിട്ടത്. തുടക്കം മുതൽ ബുദ്ധിമുട്ടിയ താരം ഒരു ബൗണ്ടറി മാത്രമാണ് നേടിയത്. മധ്യനിരയിൽ നിലയുറപ്പിക്കേണ്ട സഞ്ജു മടങ്ങിയതോടെ കൂട്ടത്തകർച്ചയായിരുന്നു ഇന്ത്യക്ക്. പിന്നാലെ കെ എൽ രാഹുൽ (56), റിങ്കു സിങ് (12), എന്നിവരും മടങ്ങി. ഏഴ് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. തുടർന്നെത്തിയ ആർക്കും പിടിച്ചുനിൽക്കാനായില്ല. അക്സർ പട്ടേൽ (7), കുൽദീപ് യാദവ് (1), അർഷ്ദീപ് സിങ് (18), ആവേഷ് ഖാൻ (9) എന്നിവർക്ക് തിളങ്ങാനായില്ല. മുകേഷ് കുമാർ (4) പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നന്ദ്രേ ബർഗർ മൂന്ന് വിക്കറ്റ് നേടി. ബ്യൂറൻ ഹെൻഡ്രിക്സ്, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. റിങ്കു സിംഗിന് അരങ്ങേറാൻ അവസരം ലഭിച്ചു. ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം ചേർന്ന ശ്രേയസ് അയ്യർക്ക് പകരമാണ് റിങ്കു ടീമിലെത്തിയത്.