- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധോണിയുടെ നാട്ടുകാരൻ; പ്രകടനത്തിലും ധോണിയുടെ ചില മിന്നലാട്ടങ്ങൾ; വിക്കറ്റ് കീപ്പർ ബാറ്ററായ കുമാർ കുഷാഗ്രക്കായി ഡൽഹി മുടക്കിയത് 7.2 കോടി; പത്ത് കോടി മുടക്കിയാലും ടീമിലെടുക്കുമെന്ന് ഗാംഗുലി പറഞ്ഞിരുന്നതായി താരത്തിന്റെ പിതാവ്
ദുബായ്: ഇന്ത്യൻ പ്രമീയർ ലീഗ് സീസണിന് മുന്നോടിയായി നടന്ന താര ലേലത്തിൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരങ്ങളായി ഓസ്ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും മാറിയെങ്കിലും ശ്രദ്ധേയമായത് അൺക്യാപ്ട് പ്ലേയേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ട ചില ഇന്ത്യൻ യുവതാരങ്ങളുടെ മുന്നേറ്റമായിരുന്നു. ഝാർഖണ്ഡിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്ററായ 19കാരൻ കുമാർ കുഷാഗ്രയെ സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസ് വാശിയോടെയാണ് ലേലം വിളിച്ചത്. ഗുജറാത്ത് ടൈറ്റൻസുമായുള്ള വാശിയേറിയ ലേലത്തിനൊടുവിൽ 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കുഷാഗ്രയെ 7.2 കോടി മുടക്കിയാണ് ഡൽഹി ടീമിലെത്തിച്ചത്.
ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സും കുഷാഗ്രയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കുഷാഗ്രക്കായി 10 കോടി രൂപവരെ മുടക്കാൻ ടീം മെന്ററായ സൗരവ് ഗാംഗുലി തയാറായിരുന്നുവെന്നാണ് യുവതാരത്തിന്റെ പിതാവ് ശശികാന്ത് പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിന്റെ 'തല'യായ സാക്ഷാൽ എം എസ് ധോണിയുടെ നാട്ടുകാരനായ കുഷാഗ്രയിലും ധോണിയുടെ ചില മിന്നലാട്ടങ്ങൾ ഗാംഗുലിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവതാരത്തിനായി ഡൽഹി ലേലത്തിൽ കോടികൾ വാരിയെറിഞ്ഞത്. ധോണിയുടെ പകുതിയെങ്കിലും പ്രകടനം പുറത്തെടുക്കാനായാൽ കുഷാഗ്ര ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർ താരമാകുമെന്ന് ലേലത്തിനുശേഷം ഗാംഗുലി പറയുകയും ചെയ്തു.
ഡൽഹി ക്യാപിറ്റൽസിന്റെ ട്രയൽസിൽ പങ്കെടുത്ത കുഷാഗ്രയുടെ സിക്സ് അടിക്കാനുള്ള കഴിവു കണ്ടാണ് ഗാംഗുലി യുവതാരത്തിനായി രംഗത്തെത്തിയത്. കുഷാഗ്രയുടെ കീപ്പിംഗിലും മതിപ്പു രേഖപ്പെടുത്തിയ ഗാംഗുലി സ്റ്റംപിങ് മികവിൽ ചെറിയൊരു ധോണി ടച്ചുണ്ടെന്ന് ഗാംഗുലി തന്നെ പറയുകയും ചെയ്തുവെന്ന് കുഷാഗ്രയുടെ പിതാവ് ശശികാന്ത് പറഞ്ഞു.
ട്രയൽസിനുശേഷം 10 കോടി മുടക്കിയിട്ടായാലും ഡൽഹി ടീമിലെടുക്കുമെന്ന് അവനോട് ഗാംഗുലി പറഞ്ഞിരുന്നു. അന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ലെന്നും അടിസ്ഥാന വിലക്ക് തന്നെ അവൻ ഡൽഹി ടീമിലെത്തുമെന്നാണ് കരുതിയതെന്നും ശശിശാന്ത് പറഞ്ഞു. കാരണം, അതിന് മുമ്പ് ഇന്ത്യക്കായി കളിക്കാത്ത ഒരു താരം മാത്രമെ 10 കോടി രൂപ ലേലത്തിൽ സ്വന്തമാക്കിയിട്ടുള്ളു. അത് പേസർ ആവേശ് ഖാനാണ്.
അതുകൊണ്ടു തന്നെ 7.2 കോടി മുടക്കി ഡൽഹി അവനെ ടീമിലെടുത്തപ്പോൾ കുറച്ചുനേരത്തേക്ക് എന്തുചെയ്യണമെന്നറിയാതെ ഞാൻ അന്തംവിട്ടിരുന്നുപോയി. കാരണം, അത്ഭുതങ്ങൾക്കായി ആഗ്രഹിക്കാൻ മാത്രമെ എല്ലാവർക്കും കഴിയു. ഞങ്ങളുടെ ജീവിതത്തിൽ ഇന്നലെ അത് യാഥാർത്ഥ്യമായി. ഗാംഗുലി വാക്കു കൊടുത്തത് വെറും പ്രോത്സാഹിപ്പിക്കാനായിട്ടായിരുന്നു എന്നാണ് ഇന്നലെ വരെ ഞാൻ കരുതിയിരുന്നതെന്നും ശശാങ്ക് പറഞ്ഞു.
എന്നാൽ ട്രയൽസിലെ മികവ് മാത്രമല്ല കുഷാഗ്രയെ ഡൽഹി ടീമിലിത്തെച്ചതെന്ന് പ്രകടനങ്ങൾ പരിശോധിച്ചാൽ മനസിലാവും. 2020-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു കുഷാഗ്ര, അവിടെ അദ്ദേഹം ഒരു കളിയിൽ മാത്രമാണ് പങ്കെടുത്തത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു മത്സരത്തിൽ 250 റൺസടിച്ച ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററാണ് കുഷാഗ്ര. 2021ൽ നാഗാലാൻഡിനെതിരായ രഞ്ജി മത്സരത്തിലായിരുന്നു ഇത്. 266 റൺസടിച്ച കുഷാഗ്ര പാക്കിസ്ഥാൻ മുൻ നായകൻ ജാവേദ് മിയാൻദാദിന്റെ റെക്കോർഡാണ് അന്ന് തകർത്തത്. കുഷാഗ്രയെ വിക്കറ്റ് കീപ്പറായി കളിപ്പിച്ചാൽ റിഷഭ് പന്തിനെ ഡൽഹി ബാറ്ററായി കളിപ്പിക്കാനും സാധ്യതയുണ്ട്.
സ്പോർട്സ് ഡെസ്ക്