ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിന് മുന്നോടിയായി മിനി താരലേലം അവസാനിച്ചപ്പോൾ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മിച്ചൽ സ്റ്റാർക്ക് മാറിയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടി ചെലവിട്ടാണ് സ്റ്റാർക്കിനെ ടീമിലെത്തിച്ച് ആരാധകരെ ഞെട്ടിച്ചത്. ലേലത്തിൽ 20.50 കോടി രൂപക്ക് സൺറൈസേഴ്‌സ് ഹൈദരാബാദിലെത്തിയ ഓസീസ് നായകൻ പാറ്റ് കമിൻസിട്ട റെക്കോർഡ് മറികടന്നത്.

ഇതോടെ ഇന്ത്യൻ സൂപ്പർ താരങ്ങളായ എം എസ് ധോണിയെയും വിരാട് കോലിയെയും രോഹിത് ശർമയെയും മറികടന്ന് കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളായി ഓസിസ് താരങ്ങളായ സ്റ്റാർക്കും കമിൻസും മാറി.

2022ലെ ഐപിഎൽ സീസണിൽ സിഎസ്‌കെ ക്യാപ്റ്റൻ സ്ഥാനം മാറാൻ തീരുമാനിച്ചതോടെ ധോണിയുടെ പ്രതിഫലം ചെന്നൈ സൂപ്പർ കിങ്‌സ് രവീന്ദ്ര ജഡേജയെ 16 കോടിയും എം എസ് ധോണിയെ 12 കോടിയും നൽകിയാണ് നിലനിർത്തിയത്. പിന്നീട് ജഡേജ ക്യാപ്റ്റനായെങ്കിലും തുടർതോൽവികളെ തുടർന്ന് സീസണിടയിൽ ധോണി വീണ്ടും നാകനാവുകയും കഴിഞ്ഞ സീസണിലെ ചെന്നൈയെ അഞ്ചാം കിരീടത്തിലേക്ക് നയിക്കുകയും ചെയ്‌തെങ്കിലും പ്രതിഫലം കൂട്ടിയതായി റിപ്പോർട്ടില്ല.

മൂംബൈ ഇന്ത്യൻസ് നായകനായിരുന്ന രോഹിത് ശർമക്ക് ഈ സീസണിൽ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലായി കിരീടം നേടിയിട്ടില്ലാത്ത മുംബൈ ഹാർദ്ദിക് പാണ്ഡ്യയെ ആണ് ഇത്തവണ ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം പോയതോടെ മുംബൈ ഓപ്പണർ എന്ന സ്ഥാനം മാത്രമുള്ള രോഹിത്തിന് 16 കോടി രൂപയാണ് പ്രതിഫലം.

ബാംഗ്ലൂർ നായകസ്ഥാനം നേരത്തെ ഒഴിഞ്ഞ കോലി സ്‌പെഷലിസ്റ്റ് ബാറ്ററായാണ് ആർസിബിയിൽ കളിക്കുന്നത്. രോഹിത്തിനും താഴെ 15 കോടി രൂപയാണ് ആർസിബിയിൽ കോലിയുടെ പ്രതിഫലം.

പ്രതിഫലക കാര്യത്തിൽ ഇന്ത്യൻ താരങ്ങളിൽ രോഹിത്തിനും കോലിക്കും മുകളിലാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകനായ കെ എൽ രാഹുലിന്റെ സ്ഥാനം. രാഹുലിന് 17 കോടി രൂപയാണ് ലഖ്‌നൗ പ്രതിഫലമായി നൽകുന്നത്.

പരിക്കു മൂലം കഴിഞ്ഞ സീസൺ പൂർണമായും നഷ്ടമായ റിഷഭ് പന്താണ് പ്രതിഫലക്കാര്യത്തിൽ മുന്നിലുള്ള മറ്റൊരു ഇന്ത്യൻ താരം. 16 കോടി രൂപയാണ് ഡൽഹി ക്യാപിറ്റൽസ് നായകനായ റിഷഭ് പന്തിന് നൽകുന്നത്.

എന്നാൽ മിച്ചൽ സ്റ്റാർക്കിന് താരലേലത്തിൽ 24.75 കോടിയൊക്കെ കിട്ടുമെങ്കിൽ വിരാട് കോലി ലേലത്തിനെത്തിയിരുന്നെങ്കിൽ എത്ര കിട്ടുമായിരുന്നുവെന്ന് തുറന്നു പറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. കോലിയൊക്കെ ലേലത്തിന് വന്നിരുന്നെങ്കിൽ 42 കോടിയൊക്കെ നേടുമായിരുന്നുവെന്നാണ് ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

നാളെ ബുമ്രയോ കോലിയോ ടീം വിടാൻ ആഗ്രഹിക്കുകയും ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുകയും ചെയ്താൽ എന്താകും സംഭവിക്കുക. ഇന്നലത്തെ ലേലത്തിൽ സ്റ്റാർക്കിന് 24.75 കോടി മുടക്കുമെങ്കിൽ കോലിക്ക് 42 കോടിയും ബുമ്രക്ക് 35 കോടിയുമൊക്കെ കിട്ടേണ്ടെ. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ ലേലത്തിൽ എന്തോ തകരാറുണ്ടെന്ന് വേണം കരുതാൻ.

ലേലത്തിൽ വിദേശ കളിക്കാർക്ക് വൻതുകയും ഇന്ത്യൻ താരങ്ങൾക്ക് അതിനെക്കാൾ കുറഞ്ഞ തുകയും ലഭിക്കുന്നത് നീതീകരിക്കാനാവില്ല. അതുകൊണ്ട് തന്നെ വിദേശകളിക്കാരെ ലേലത്തിൽ വിളിച്ചെടുക്കാവുന്ന തുകക്ക് ഒരു പരിധി വെക്കുന്നത് നല്ലതാണ്.

20.5 കോടി മുടക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് പാറ്റ് കമിൻസിനെ ടീമിലെത്തിച്ചുവെങ്കിലും കമിൻസിനെ ക്യാപ്റ്റനാക്കിയാൽ മാത്രമെ അവരുടെ തീരുമാനം ന്യായീകരിക്കാനാവു എന്നും ആകാശ് ചോപ്ര പറഞ്ഞു. ഇന്നലെ നടന്ന മിനി താരലേലത്തിലാണ് സ്റ്റാർക്കിനെയും കമിൻസിനെയും ഐപിഎൽ ലേല ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന തുക നൽകി കൊൽക്കത്തയും ഹൈദരാബാദും ടീമിലെത്തിച്ചത്.