- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമിൻസ് മികച്ച നായകനും നല്ല ടെസ്റ്റ് താരവും; ട്വന്റി20 ക്രിക്കറ്റിൽ മേധാവിത്വമില്ല; ഹൈദരാബാദിന്റെ 20.50 കോടിയിൽ സംശയം തുറന്നുപറഞ്ഞ് ഗില്ലെസ്പി; സ്റ്റാർക്കിനും കമിൻസിനുമൊക്ക അത്രയും കൊടുക്കേണ്ടതുണ്ടോയെന്ന് ഡിവില്ലിയേഴ്സും; ലേലത്തിൽ മികവ് കാട്ടിയത് മുംബൈയും ചെന്നൈയുമെന്ന് മുൻ ബാംഗ്ലൂർ താരം
ദുബായ്: ഐപിഎൽ താലലേത്തിൽ ഏറ്റവും മൂല്യമേറിയ താരങ്ങളായി മാറിയ ഓസ്‌ട്രേലിയൻ താരങ്ങളായ പാറ്റ് കമിൻസിനും മിച്ചൽ സ്റ്റാർക്കിനുമായി ഫ്രാഞ്ചൈസികൾ കോടികൾ ചെലവിട്ടതിനെതിരെ മുൻ താരങ്ങളിൽ നിന്നടക്കം രൂക്ഷവിമർശനം തുടരുകയാണ്. രണ്ട് താരങ്ങൾക്കായി കൈവശമുള്ള തുകയുടെ ഭൂരിഭാഗവും ചെലവിട്ടതും ഇന്ത്യൻ സൂപ്പർ താരങ്ങൾക്ക് നിലവിൽ ലഭിക്കുന്ന തുകയും താരതമ്യം ചെയ്താണ് വിമർശനവിധേയമാകുന്നത്.
അതിനിടെ മിച്ചൽ സ്റ്റാർക്കിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടിയും പാറ്റ് കമിൻസിനായി സൺറൈസേഴ്‌സ് ഹൈദരാബാദ് 20.5 കോടിയും ചെലവിട്ടതിനെ വിമർശിച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരവും ഐപിഎല്ലിൽ ആർസിബിയിലെ അംഗവുമായിരുന്ന എ ബി ഡിവില്ലിയേഴ്‌സ് രംഗത്ത് വന്നു. സ്റ്റാർക്കും കമിൻസുമെല്ലാം അസാമാന്യ മികവുള്ള കളിക്കാരാണെങ്കിലും അവർക്കായി അത്രയും തുക മുടക്കേണ്ടതുണ്ടോ എന്ന് ഡിവില്ലിയേഴ്‌സ് യുട്യൂബ് വിഡോയിൽ ചോദിച്ചു.
ഐപിഎല്ലിൽ എന്ന പോലെ ലേലത്തിലും മികവ് കാട്ടിയത് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സുമാണ്. അവർക്ക് വേണ്ട കളിക്കാരെ ബുദ്ധിപൂർവം അവർ വാങ്ങി. വൈകാരികമായി ആർക്കും പുറകെ പോയില്ല. കമിൻസിനും സ്റ്റാർക്കിനുമെല്ലാം ഇത്രയും വലിയ തുക മുടക്കേണ്ടിയിരുന്നോ എന്നത് വലിയ ചോദ്യമാണ്. അവർ മികച്ച കളിക്കാരാണെന്നതിൽ സംശയമൊന്നുമില്ല. ഇത്തവണ ലേലത്തിൽ പേസർമാർക്കായിരുന്നു ആവശ്യക്കാർ കൂടുതൽ. അതുകൊണ്ടുതന്നെ ആവശ്യം കൂടിയപ്പോൾ വിലയും ഉയർന്നു.
മുംബൈ ലേലത്തിൽ സ്വന്തമാക്കിയ നുവാൻ തുഷാരയും ദിൽഷൻ മധുഷങ്കയും അതുപോലെ മുഹമ്മദ് നബിയും ശ്രേയസ് ഗോപാലും മികച്ച നീക്കമാണ്. കാരണം, കളിക്കാരെന്ന നിലയിൽ അവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാം. യുവപേസർമാർക്ക് ജസ്പ്രീത് ബുമ്രക്ക് കീഴിൽ എറിഞ്ഞു തെളിയാം. അതുപോലെ കോട്‌സീയെ സ്വന്തമാക്കിയതും. കോട്‌സിയെ ഞാനൊരു ആറോ ഏഴോ വർഷം മുമ്പ് നേരിട്ടുണ്ട്. ആ സമയത്ത് അവന് 18-19 വയസെ ഉണ്ടായിരുന്നുള്ളു.
അന്നേ അവനെന്റെ ശ്രദ്ധയിൽ പതിഞ്ഞിരുന്നു. അവനെതിരായ കളിയിൽ എന്നെ നന്നായി ബുദ്ധിമുട്ടിക്കുകയും ചെയ്തു. അവനെ അഞ്ച് കോടിക്ക് കിട്ടിയത് മുംബൈയുടെ ഭാഗ്യമാണ്. മറ്റ് കളിക്കാരുമായി താരമതമ്യം ചെയ്യുമ്പോൾ അതായിരുന്നു ഏറ്റവും മികച്ച ലേലമെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
അതേ സമയം ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനായി ഹൈദരാബാദ് 20.5 കോടി ചെലവിട്ടത് അബദ്ധമായെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഓസ്‌ട്രേലിയൻ മുൻ പേസർ ജേസൻ ഗില്ലസ്പി. ടെസ്റ്റ് ബോളർ, ക്യാപ്റ്റൻ എന്നീ നിലകളിൽ ശ്രദ്ധേയനാണെങ്കിലും, ഓസ്‌ട്രേലിയൻ താരം പാറ്റ് കമിൻസിന് ഐപിഎൽ താരലേലത്തിൽ 20.50 കോടി രൂപ ലഭിച്ചതിലാണ് ഗില്ലസ്പി സംശയം പ്രകടിപ്പിച്ചത്.
ട്വന്റി20 ക്രിക്കറ്റ് കമിൻസിനു മേധാവിത്തമുള്ള മേഖലയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗില്ലസ്പിയുടെ എതിർ നിലപാട്. അതേസമയം, 24.75 കോടി രൂപ നേടിയ മിച്ചൽ സ്റ്റാർക്കിന്റെ കാര്യത്തിൽ ഇത്തരം സംശയങ്ങൾക്ക് ഇടയില്ലെന്നും ഗില്ലെസ്പി അഭിപ്രായപ്പെട്ടു.
ഐപിഎൽ 2024 സീസണിനു മുന്നോടിയായി ദുബായിൽവച്ചു നടന്ന താരലേലത്തിൽ, സൺറൈസേഴ്‌സ് ഹൈദരാബാദാണ് കമിൻസിനെ 20.50 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിങ്‌സ് എന്നീ ടീമുകളുമായി നടന്ന വാശിയേറിയ ലേലത്തിനൊടുവിലാണ് റെക്കോർഡ് തുകയ്ക്ക് കമിൻസിനെ ഹൈദരാബാദ് സ്വന്തമാക്കിയത്.
'കമിൻസ് വളരെ മികച്ച ബോളറും നായകനുമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതു പലതവണ തെളിഞ്ഞതുമാണ്. പക്ഷേ, ട്വന്റി20 അദ്ദേഹത്തിന് മേധാവിത്തമുള്ള ഫോർമാറ്റാണെന്നു ഞാൻ കരുതുന്നില്ല. എന്റെ അഭിപ്രായത്തിൽ അദ്ദേഹം മികച്ച ടെസ്റ്റ് ബോളറാണ്. ടെസ്റ്റ് ഫോർമാറ്റിലാണ് കമിൻസിന്റെ മികവു സമ്പൂർണമായും പുറത്തുവരുന്നത്' ഗില്ലെസ്പി അഭിപ്രായപ്പെട്ടു.
''ട്വന്റി20യിൽ കമിൻസിന് തിളങ്ങാനാകുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ഇത്ര വലിയ തുക വേണമായിരുന്നോ എന്നതിലാണ് സംശയം. മിച്ചൽ സ്റ്റാർക്കിന് അത്രയും വലിയ തുക ലഭിച്ചതിൽ അദ്ഭുതമില്ല. വലിയ തുകയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഐപിഎൽ ഇത്തരത്തിൽ പണമൊഴുകുന്ന ലീഗാണ്. സ്റ്റാർക്കിന്റെ കാര്യത്തിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഇടംകയ്യൻ പേസർമാർക്ക് ടീമുകൾ നൽകുന്ന പ്രാധാന്യമാണ് ഇതിലൂടെ തെളിയുന്നത്.'' ഗില്ലെസ്പി പറഞ്ഞു.
അതേസമയം, കമിൻസിന് ഐപിഎൽ താരലേലത്തിൽ വൻ വില ലഭിക്കുന്നത് ഇത് ആദ്യമല്ല. 2020 ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 15.5 കോടിക്കാണ് കമിൻസിനെ സ്വന്തമാക്കിയത്.
സ്പോർട്സ് ഡെസ്ക്