- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിക്കുന്നവർക്ക് പരമ്പര! ജീവന്മരണ പോരാട്ടത്തിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും; ആതിഥേയർക്ക് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ഋതുരാജും കുൽദീപുമില്ല; രജതിന് ഓപ്പണറായി അരങ്ങേറ്റം; മാറ്റമില്ലാതെ പ്രോട്ടീസ്
പാൾ: ഏകദിന പരമ്പര വിജയികളെ നിർണയിക്കാനുള്ള ജീവന്മരണപ്പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തെരഞ്ഞെടുത്തു. നിർണായക മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മർക്രം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ രജത് പാട്ടിദാർ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും.
വിരലിനു പരുക്കേറ്റ ഋതുരാജ് ഗെയ്ക്വാദിനു പകരമാണ് രജതിന്റെ വരവ്. കുൽദീപ് യാദവിന് വിശ്രമം അനുവദിച്ച് വാഷിങ്ടൺ സുന്ദറിന് അവസരം നൽകി. മലയാളി താരം സഞ്ജു സാംസൺ ഓപ്പണറാകും. രണ്ടാം ഏകദിനത്തിൽ വിജയം നേടിയ ടീമിനെ ദക്ഷിണാഫ്രിക്ക നിലനിർത്തി.
മലയാളി താരം സഞ്ജു സാംസൺ, തിലക് വർമ എന്നിവർ പ്ലേയിങ് ഇലവനിൽ സ്ഥാനം നിലനിർത്തി. സീനിയർ താരങ്ങളുടെ അഭാവത്തിൽ യുവതാരങ്ങൾക്ക് പ്രതിഭ തെളിയിക്കാനുള്ള അവസരമാണിതെന്ന് ടോസിനുശേഷം ക്യാപ്റ്റൻ കെ എൽ രാഹുൽ പറഞ്ഞു.
ആദ്യ ഏകദിനത്തിലെ 'അടിയും' രണ്ടാം ഏകദിനത്തിലെ 'തിരിച്ചടിയും' കടന്നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. 3 മത്സര പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. മൂന്നാം ഏകദിനം ജയിച്ച് പരമ്പര നേടാൻ ഉറപ്പിച്ചാകും ഇരു ടീമുകളും ഇന്ന് ബോളണ്ട് പാർക്ക് സ്റ്റേഡിയത്തിൽ ഇറങ്ങുക.
ആദ്യ മത്സരത്തിലെ 8 വിക്കറ്റ് തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയാണ് രണ്ടാം ഏകദിനം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി സായ് സുദർശനും (62) ക്യാപ്റ്റൻ കെ.എൽ.രാഹുലും (56) അർധ സെഞ്ചറി നേടിയിട്ടും ഇന്ത്യ 46.2 ഓവറിൽ 211 റൺസിന് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഓപ്പണർ ടോണി ഡി സോർസിയുടെ (119 നോട്ടൗട്ട്) സെഞ്ചറിയുടെ ബലത്തിൽ 42.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 116 റൺസിന് പുറത്താക്കിയ ഇന്ത്യൻ ബോളിങ് നിരയ്ക്ക് രണ്ടാം മത്സരത്തിൽ അടിതെറ്റി. ബോളിങ് നിരയുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുകയാകും ഇന്ത്യയുടെ പ്രധാന ലക്ഷ്യം.
ഇന്ത്യ (പ്ലേയിങ് ഇലവൻ): സായ് സുദർശൻ,സഞ്ജു സാംസൺ, രജത് പതിദാർ, തിലക് വർമ്മ, കെ എൽ രാഹുൽ, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിങ്, അവേഷ് ഖാൻ, മുകേഷ് കുമാർ.
ദക്ഷിണാഫ്രിക്ക (പ്ലേയിങ് ഇലവൻ): റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, റാസി വാൻ ഡെർ ഡസ്സെൻ, എയ്ഡൻ മർക്രം, ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലിസാഡ് വില്യംസ്, ബ്യൂറാൻ ഹെൻഡ്രിക്‌സ്.
സ്പോർട്സ് ഡെസ്ക്