- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകർ കാത്തിരുന്ന സെഞ്ചുറി! ദക്ഷിണാഫ്രിക്കൻ മണ്ണിൽ മിന്നും സെഞ്ചുറിയുമായി പ്രതീക്ഷ കാത്ത് സഞ്ജു സാംസൺ; കരിയറിലെ ആദ്യ സെഞ്ചുറി 110 പന്തുകളിൽ; തിലക് വർമ്മയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ
പാൾ: ആരാധകർ കാത്തിരുന്ന ആ മിന്നും സെഞ്ചുറി ദക്ഷിണാഫ്രിക്കൻ മണ്ണിൽ പേരിൽ കുറിച്ച് ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തിൽ ഗംഭീര തിരിച്ചുവരവാണ് ഇന്ത്യൻ താരം നടത്തിയത്. 110 പന്തിൽ നിന്നും രണ്ട് സിക്സറുകളും ആറ് ബൗണ്ടറികളും പറത്തിയാണ് അന്താരാഷ്ട്ര കരിയറിലെ ആദ്യ സെഞ്ചുറിയിലേക്ക് സഞ്ജു നടന്നെത്തിയത്. 114 പന്തിൽനിന്ന് 108 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. സഞ്ജു തന്ന സെഞ്ചുറിയിന്നിങ്സിന്റെ കരുത്തിൽ ആദ്യം ബാറ്റുചെയ്ത് ഇന്ത്യ നേടിയത് എട്ടുവിക്കറ്റ് നഷ്ടത്തിൽ 296 റൺസ്. ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനയക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ നേടിയ 86 റൺസായിരുന്നു സഞ്ജുവിന്റെ ഇതുവരെയുള്ള മികച്ച സ്‌കോർ. ഇന്ന് മൂന്നാമനായി ക്രീസിലെത്തിയാണ് സഞ്ജു സെഞ്ചുറി നേടുന്നത്. തിലക് വർമയ്‌ക്കൊപ്പം ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്താനും സഞ്ജുവിന് സാധിച്ചു. മത്സരത്തിൽ ഇന്ത്യയെ തിരിച്ചു കൊണ്ടുവന്നത് ഈ കൂട്ടുകെട്ടായിരുന്നു.
വില്യംസിന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജു, ഹെൻട്രിക്‌സിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. മൂന്ന് സിക്‌സും ആറ് ഫോറും ഉൾപ്പെട്ടതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. നാലാം വിക്കറ്റിൽ സഞ്ജുവിനൊപ്പം 116 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കിയ തിലക് വർമ അർധ സെഞ്ചുറി നേടി പുറത്തായി.
ക്യാപ്റ്റൻ കെ എൽ രാഹുൽ ഉൾപ്പെടെയുള്ള താരങ്ങൾ നിറം മങ്ങിയപ്പോൾ സഞ്ജുവിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് കരുത്തായത്. അരങ്ങേറ്റക്കാരൻ രജത് പടീധാർ (22), സായ് സുദർശൻ (10), കെ എൽ രാഹുൽ (21), തിലക് വർമ (52) എന്നിവരാണ് പുറത്തായ താരങ്ങൾ. സഞ്ജുവിന് കൂട്ടായി റിങ്കു സിങ് ക്രീസിലുണ്ട്. രണ്ടാം ഏകദിനത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും 12 റൺസിന് മലയാളി താരം പുറത്തായിരുന്നു. എന്നാൽ ഇത്തവണ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു ശ്രദ്ധയോടെയാണ് കളിച്ചത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി സായ് സുദർശനൊപ്പം രജത് പാട്ടിദാറായിരുന്നു ഓപണിങ്ങിൽ ഇറങ്ങിയത്. പാട്ടിദറുടെ ഏകദിന അരങ്ങേറ്റ മത്സരമായിരുന്നു. ഋതുരാജ് ഗെയ്ക്ക്വാദിന് പരിക്കേറ്റതോടെ ടീമിലുൾപ്പെടുകയായിരുന്നു. ഇന്ത്യൻ സ്‌കോറിന് വേഗം കൂട്ടുന്ന നീക്കങ്ങൾ പാട്ടിദറിൽനിന്നുണ്ടായെങ്കിലും ക്രീസിൽ ആയുസ്സുണ്ടായില്ല. ബർഗറിന്റെ പന്തിൽ കുറ്റിതെറിച്ചു. 16 പന്തിൽനിന്ന് 22 റൺസെടുത്താണ് താരം മടങ്ങിയത്. എന്നിരുന്നാലും ശ്രദ്ധിക്കപ്പെടുന്ന ചില ഷോട്ടുകൾ നടത്തി.
തുടർന്നെത്തിയ സഞ്ജു കരുതലോടെയാണ് തുടങ്ങിയത്. സ്‌കോർ 49-ൽ നിൽക്കേ കഴിഞ്ഞ രണ്ട് കളികളിലെയും താരം സായ് സുദർശൻ മടങ്ങി-16 പന്തിൽ 10 റൺസ്. പിന്നീടെത്തിയ ക്യാപ്റ്റൻ കെ.എൽ. രാഹുൽ 35 പന്ത് നേരിട്ട് 21 റൺസെടുത്ത് ഹെന്റിച്ച് ക്ലാസന് ക്യാച്ച് നൽകി മടങ്ങി. വിയാൻ മുൾഡറാണ് ബൗൾ ചെയ്തത്.
ലോകമെമ്പാടും ആരാധകരുള്ള സഞ്ജുവിന് ദക്ഷിണാഫ്രിക്ക പിന്തുണ ലഭിക്കുന്നുണ്ട്. ഗ്യാലറിയിൽ സഞ്ജുവിനെ കുറിച്ചെഴുതികണ്ട ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. അതും മലയാളത്തിലാണ് ആരാധകർ പോസ്റ്റർ ഉയർത്തിയിരിക്കുന്നത്. അതിൽ മലയാളത്തിൽ എഴുതിയിരിക്കുന്നത് 'പൊളിക്ക് മച്ചാനെ' എന്നായിരുന്നു. പോസ്റ്റർ ചെയ്തത് എന്തായാലും മലയാളികൾ ആണെന്നുള്ളതിൽ സംശയമൊന്നുമില്ല.
രണ്ടാം മത്സരം ജയിച്ച ടീമിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. അതേസമം കഴിഞ്ഞ മത്സരം തോറ്റ ടീമിൽ ഇന്ത്യ രണ്ട് മാറ്റങ്ങൾ വരുത്തി. വിരലിന് പരിക്കേറ്റ ഓപ്പണർ റുതുരാജ് ഗെയ്ക്വാദ് ഇന്ന് പ്ലേയിങ് ഇലവനിലില്ല. പകരം രജത് പാട്ടീദാർ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ചു. സീനിയർ താരങ്ങളുടെ അഭാവത്തിൽ യുവതാരങ്ങൾക്ക് പ്രതിഭ തെളിയിക്കാനുള്ള അവസരമാണിതെന്ന് ടോസിനുശേഷം ക്യാപ്റ്റൻ കെ എൽ രാഹുൽ പറഞ്ഞിരുന്നു.
വിജയപ്രതീക്ഷയിലാണ് ഇരുടീമുകളും. ജയിക്കുന്നവർക്ക് പരമ്പര നേടാം. ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ജയം എട്ടു വിക്കറ്റിനായിരുന്നു. രണ്ടാം ഏകദിനത്തിൽ എട്ടു വിക്കറ്റിന്റെ ജയം ദക്ഷിണാഫ്രിക്കയും സ്വന്തമാക്കി. ഇരു ജയങ്ങളും ആധികാരികമായിരുന്നു. ഇതോടെ പരമ്പര 1-1 എന്ന് സമനിലയിലായി.
സ്പോർട്സ് ഡെസ്ക്