ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ നിന്നും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററും യുവതാരവുമായ ഇഷാൻ കിഷൻ പിന്മാറിയതിന്റെ യഥാർത്ഥ കാരണം പുറത്ത്. ടീമിനൊപ്പമുള്ള നിരന്തരയാത്രകളും ടീമിൽ അവസരം ലഭിക്കാത്തതിനാലുള്ള മാനസിക സമ്മർദവുമാണ് താരത്തിന്റെ പിന്മാറ്റത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്നുവെന്നാണ് ബി.സി.സിഐ നേരത്തെ വ്യക്തമാക്കിയിരുന്നത്.

കഴിഞ്ഞ ഒരു വർഷമായി നിരന്തരം യാത്ര ചെയ്യുന്ന തനിക്ക് വിശ്രമം ആവശ്യമാണെന്ന് ടീം മാനേജ്െമന്റിനോട് അഭ്യർത്ഥിച്ചുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മാനസിക തളർച്ചയും ഇന്ത്യൻ ടീമിനൊപ്പമുള്ള നിരന്തര യാത്രകളും കാരണം ഇടവേള വേണമെന്നും, ടീമിനൊപ്പം കുറെ നാളുകളായി നടത്തുന്ന നിരന്തര യാത്രകൾ തന്നെ മടുപ്പിച്ചെന്നും ഇഷാൻ ടീം മാനേജ്മന്റെിനെ അറിയിച്ചിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് ഇഷാൻ കിഷൻ വിട്ടുനിൽക്കുന്നതെന്ന ഔദ്യോഗിക അറിയിപ്പാണ് ബി.സി.സിഐ നൽകുന്നത്. ഇഷാന് പകരം കെ.എസ്.ഭരതിനെയാണ് ടീമിലുൾപ്പെടുത്തിയത്. 2023 ജനുവരി മൂന്ന് മുതൽ എല്ലാ ഇന്ത്യൻ സ്‌ക്വാഡിന്റെയും ഭാഗമായിരുന്നു ഇഷാൻ കിഷൻ. ടീമിനൊപ്പം സ്ഥിര സാന്നിധ്യമായി യാത്ര ചെയ്തിട്ടും പലപ്പോഴും റിസർവ് ബെഞ്ചിൽ തന്നെയായിരുന്നു സ്ഥാനം. ഇതാണ് ഇഷാനെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ഏത് മേഖലയാണെങ്കിലും അതിൽ മികവ് കാണിക്കുന്നതിൽ മാനസികാരോഗ്യത്തിനുള്ള പ്രാധാന്യം ഏറെ വലുതാണ്. സമീപകാലത്ത് ഈ വിഷയം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നുമാണ്. ക്രിക്കറ്റിന്റെ കാര്യമെടുത്താൽ മുൻ ഇംഗ്ലീഷ് താരവും അഫ്ഗാനിസ്താൻ പരിശീലകനുമായ ജൊനാഥൻ ട്രോട്ട്, ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ, ഇന്ത്യയുടെ പൃഥ്വി ഷാ, മുഹമ്മദ് ഷമി, ഇംഗ്ലീഷ് വനിത ക്രിക്കറ്റർ അലക്സ് ഹാർട്ലി തുടങ്ങിയവരെല്ലാം തന്നെ തങ്ങൾ അനുഭവിച്ച മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. അക്കൂട്ടത്തിലാണ് നിലവിൽ ഇന്ത്യൻ താരം ഇഷാൻ കിഷനും.

ദക്ഷിണാഫ്രിക്കയ്ക്കെതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു ഇഷാൻ. എന്നാൽ ദിവസങ്ങൾക്കു മുമ്പ് പരമ്പരയിൽ നിന്ന് പിന്മാറുകയാണെന്ന് താരം ബിസിസിഐയെ അറിയിക്കുകയായിരുന്നു.

ഏകദിന ലോകകപ്പ് അടക്കം വിവിധ പരമ്പരകളിൽ ഇന്ത്യൻ ടീമിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്നയാളാണ് കിഷൻ. എന്നാൽ സ്ഥിരം താരങ്ങൾ ലഭ്യമല്ലാതിരിക്കുമ്പോൾ മാത്രമാണ് താരത്തിന് കളിക്കാൻ അവസരം ലഭിക്കുന്നത്. ഈ അധ്വാനവും അവസരങ്ങളിലെ അനിശ്ചിതത്വവും മാനസികമായി ക്ഷണിപ്പിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്.

കഴിഞ്ഞ ഒരു വർഷമായി നിർത്താതെ യാത്ര ചെയ്യുന്ന തനിക്ക് വിശ്രമം അനുവദിക്കണമെന്ന് കിഷൻ കഴിഞ്ഞ ആഴ്ചയാണ് ദക്ഷിണാഫ്രിക്കയിൽവെച്ച് ടീം മാനേജ്‌മെന്റിനോട് അഭ്യർത്ഥിച്ചത്. താരത്തിന്റെ ആവശ്യം അംഗീകരിച്ച ടീം മാനേജ്‌മെന്റ് സെലക്ടർമാരുമായി സംസാരിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.