- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പിനിടെ കാൽക്കുഴയ്ക്കേറ്റ പരിക്ക് ഗുരുതരം; ഹാർദിക് പാണ്ഡ്യയ്ക്ക് ഐപിഎൽ സീസൺ നഷ്ടമായേക്കും; മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി; രോഹിത്ത് ഫാൻസ് ആഹ്ലാദത്തിൽ; പുതിയ നായകനെ കണ്ടെത്തേണ്ടി വന്നേക്കും
ന്യൂഡൽഹി: മുംബൈ ഇന്ത്യൻസിന്റെ പുതിയ നായകനായി ഹാർദിക് പാണ്ഡ്യ നിയോഗിക്കപ്പെട്ടെങ്കിലും 2024 ഐപിഎൽ സീസൺ താരത്തിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ലോകകപ്പിനിടെ കാൽക്കുഴയ്ക്കേറ്റ പരിക്ക് ഭേദമാകാത്തതാണ് ഹാർദിക്കിനും മുംബൈക്കും തിരിച്ചടിയായിരിക്കുന്നത്.
ഇത്തവണത്തെ താരലേലത്തിനു മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദിക്കിനെ മുംബൈ ട്രേഡ് ചെയ്തിരുന്നു. തുടർന്ന് രോഹിത് ശർമയ്ക്ക് പകരം ഹാർദിക്കിനെ മുംബൈ തങ്ങളുടെ ക്യാപ്റ്റനായും നിയമിച്ചു. ഇതിനു പിന്നാലെയാണ് സീസണിൽ ഫ്രാഞ്ചൈസിക്ക് തിരിച്ചടിയാകുന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
ഹാർദിക് പാണ്ഡ്യ കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ രോഹിത് ശർമയുടെ ഫാൻസ് വലിയ ആഹ്ലാദത്തിലാണ്. പരിക്കിനെ തുടർന്നു വിശ്രമിക്കുന്ന ഹാർദിക് ഐപിഎല്ലിലൂടെ കളിക്കളത്തിലേക്കു മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഐപിഎല്ലിലും അദ്ദേഹം കളിക്കാൻ സാധ്യത കുറവാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഇതോടെ അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈ ശരിക്കും പെട്ടിരിക്കുകയാണ്. കാരണം ദിവസങ്ങൾക്കു മുമ്പായിരുന്നു രോഹിത്തിനെ മാറ്റി ഹാർദിക്കിനെ അവർ അടുത്ത സീസണിലേക്കു ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഇതിന്റെ പേരിൽ രോഹിത്തിന്റെ ആരാധകർ കടുത്ത രോഷത്തിലും നിരാശയിലുമായിരുന്നു. സോഷ്യൽ മീഡിയയിലൂടെ അവർ മുംബൈ ടീം മാനേജ്മെന്റിനെയും ഹാർദിക്കിനെയുമെല്ലാം രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
മാത്രമല്ല ടീം മാനേജ്മെന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് രോഹിത്തിനെക്കൂടാതെ 360 ബാറ്ററായ സൂര്യകുമാർ യാദവ്, സ്റ്റാർ പേസർ ജസ്പ്രീത് ബുംറ എന്നിവർ ടീം വിടാൻ ആലോചിക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. മുംബൈ ടീമിനകത്തു കാര്യങ്ങൾ മോശമായിക്കൊണ്ടിരിക്കെയാണ് ഹാർദിക്കിന്റെ കാര്യം സംശയത്തിലായിരിക്കുന്നത്.
മുംബൈയ്ക്കു വേണ്ടി അടുത്ത സീസണിൽ ഹാർദിക് കളിക്കാനിടയില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ രോഹിത്തിന്റെ ആരാധകർ വലിയ ആഹ്ലാദത്തിലാണ്. സോഷ്യൽ മീഡിയയിലൂടെ അവർ ഇതിനോടു പ്രതികരിക്കുകയും ചെയ്തു. രോഹിത് ശർമയോടു ഒരിക്കലും കളിക്കരുത്. അദ്ദേഹം മറ്റാരേക്കാളും മുകളിലാണ്. ഹാർദിക് പാണ്ഡ്യക്കേറ്റ തിരിച്ചടി ഇതു ശരിവയ്ക്കുന്നതായും ആരാധകർ ചൂണ്ടിക്കാട്ടി.
ഹാർദിക് പാണ്ഡ്യ അടുത്ത ഐപിഎൽ സീസണിൽ കളിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്തു തന്നെ സാഹചര്യമുണ്ടായാലും രോഹിത് ശർമ വീണ്ടും മുംബൈയുടെ നായകസ്ഥാനം ഏറ്റെടുക്കാൻ പോവുന്നില്ല.
ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് തിരികെ വാങ്ങിയതു തന്നെ വലിയ മണ്ടത്തരമാണ്. അതിനു പിന്നാലെയാണ് രോഹിത് ശർമയെ നായകസ്ഥാനത്തു നിന്നും പുറത്താക്കി പകരം ഹാർദിക്കിനു ഈ ചുമതല നൽകി രണ്ടാമത്തെ അബദ്ധം കാണിച്ചത്.
ഇവയ്ക്കെല്ലാമുള്ള പ്രഹരമാണ് മുംബൈ ഇന്ത്യസിനു ഇപ്പോൾ നേരിട്ടിരിക്കുന്നത്. നായകസ്ഥാനത്തു നിന്നും അപമാനിച്ചു ഇറക്കിവിട്ട രോഹിത് ഇനിയൊരിക്കലും ക്യാപ്റ്റൻസി ഏറ്റെടുക്കില്ലെന്നാണ് സൂചന. പുതിയ സീസൺ വരാനിരിക്കെ മുംബൈ ഇന്ത്യൻസ് ടീം മാനേജ്മെന്റ് പുതിയ നായകനെ കണ്ടെത്തേണ്ട അവസ്ഥയാണ്.
ഒക്ടോബർ 19-ന് ബംഗ്ലാദേശിനെതിരെ പുണെയിൽ നടന്ന ലോകകപ്പ് മത്സരത്തിനിടെയാണ് ഹാർദിക്കിന് പരിക്കേൽക്കുന്നത്. പിന്നാലെ ശേഷിച്ച ലോകകപ്പ് മത്സരങ്ങളും അതിനു ശേഷം ഓസ്ട്രേലിയക്കെതിരേയും ദക്ഷിണാഫ്രിക്കയ്ക്കെതിരേയും നടന്ന നിശ്ചിത ഓവർ പരമ്പരകളും താരത്തിന് നഷ്ടമായിരുന്നു.
അഫ്ഗാനിസ്താനെതിരേ ഇനി നടക്കാനിരിക്കുന്ന ട്വന്റി 20 പരമ്പരയും ഹാർദിക്കിന് നഷ്ടമാകും. ഇതിനു പിന്നാലെയാണ് പരിക്ക് ഗുരുതരമായതിനാൽ ഐപിഎല്ലും നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്. ഗുജറാത്ത് ടൈറ്റൻസിനെ ആദ്യസീസണിൽ തന്നെ ചാമ്പ്യന്മാരാക്കിയും രണ്ടാംസീസണിൽ ഫൈനലിലെത്തിച്ചതുമാണ് പാണ്ഡ്യയെ നായകനാക്കി വാഴിച്ച് തിരിച്ചുകൊണ്ടുവരാൻ മുംബൈ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.
സ്പോർട്സ് ഡെസ്ക്